സൂര്യനെല്ലി കേസ്: 34 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

Thursday 21 March 2013 5:01 pm IST

കൊച്ചി: സൂര്യനെല്ലി കേസിലെ 34 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ 50,000 രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും കേരളം വിടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. പ്രതികളുടെ ശിക്ഷാവിധി നടപ്പാക്കുന്നതും ഹൈക്കോടതി തടഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കോ അവരുടെ കുടുംബത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരമാണ്‌ ഹൈക്കോടതി കേസ്‌ വീണ്ടും പരിഗണിക്കുന്നത്‌. പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയ ശേഷം മാത്രമേ ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാവൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രതികള്‍ കീഴടങ്ങണമെന്ന്‌ നിര്‍ദേശിക്കാനാകില്ലെന്ന്‌ കോടതി വ്യക്തമാക്കി. കോടതിയില്‍ പ്രതികള്‍ അപ്പീലുകള്‍ നല്‍കിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ കേസിന്റെ നടപടികള്‍ക്കായി അവര്‍ കോടതിയില്‍ ഹാജരാകേണ്ടിവരുമെന്നും ജസ്റ്റീസുമാരായ കെ.ടി ശങ്കരന്‍, എം.സി ജോസഫ്‌ ഫ്രാന്‍സിസ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. അടുത്ത മാസം രണ്ടു മുതലാണ്‌ അപ്പീലില്‍ കോടതി വാദം കേള്‍ക്കാനിരിക്കുന്നത്‌. സൂര്യനെല്ലി കേസില്‍ പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവത്തില്‍ പ്രോസിക്യൂഷന് തെറ്റുപറ്റിയതായി പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു. തങ്ങള്‍ നിര്‍ദേശിച്ചവരെ പ്രോസിക്യൂട്ടര്‍മാരായി നിമയിച്ചിരുന്നെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കില്ലായിരുന്നുവെന്നും പ്രതികള്‍ക്കു ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂട്ടര്‍മാര്‍ എതിര്‍ത്തില്ലെന്നും പിതാവ് കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.