നാട്ടുകാരനെ കൊന്ന്‌ കിണറ്റിലെറിഞ്ഞ പ്രതി പോലീസ്‌ വലയില്‍

Friday 29 July 2011 11:20 pm IST

കാഞ്ഞങ്ങാട്‌: വാക്കുതര്‍ക്കത്തിനിടെ നാട്ടുകാരനെ കൊന്ന്‌ കിണറ്റിലെറിഞ്ഞ ശേഷം ഒളിവില്‍ പോയ യുവാവ്‌ രണ്ടു വര്‍ഷത്തിനുശേഷം പോലീസ്‌ വലയിലായി. പനത്തടി മാനടുക്കത്തെ ശ്രീകുമാറിനെ (29) കൊന്ന്‌ കിണറ്റില്‍ തള്ളിയ അയല്‍വാസി ബോസാണ്‌ (30) പോലീസ്‌ വലയിലായത്‌. 2009 മെയ്‌ മാസത്തിലാണ്‌ കൊലപാതകം നടന്നത്‌. മുന്‍വിരോധം കാരണം ബോസിണ്റ്റെ വീട്ടുമുറ്റത്ത്‌ വെച്ച്‌ ശ്രീകുമാറിനെ അടിച്ചുവീഴ്ത്തുകയിരുന്നു. അടിയേറ്റ്‌ ശ്രീകുമാര്‍ നിലത്ത്‌ വീണു. സ്ഥലത്ത്‌ നിന്ന്‌ മുങ്ങിയ ബോസ്‌ വൈകുന്നേരത്തോടെ വീട്ടിലേക്ക്‌ മടങ്ങിയെത്തിയപ്പോള്‍ ശ്രീകുമാര്‍ വീട്ടുമുറ്റത്ത്‌ കിടക്കുന്നതാണ്‌ കണ്ടത്‌. പരിശോധിച്ചപ്പോള്‍ ശ്രീകുമാര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ശ്രീകുമാറിണ്റ്റെ ജഡം വലിച്ച്‌ തൊട്ടടുത്ത പറമ്പിലെ കിണറ്റില്‍ തള്ളുകയായിരുന്നു. അന്ന്‌ രാത്രി തന്നെ ബോസ്‌ ഒളിവില്‍ പോയി. കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ അന്ന്‌ തന്നെ ബോസിണ്റ്റെ വീടിന്‌ തീയിട്ടിരുന്നു. ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന ജെസിബി ഡ്രൈവര്‍ കൂടിയായ ബോസിനെ പോലീസ്‌ തന്ത്രപൂര്‍വ്വമാണ്‌ വലയിലാക്കിയത്‌.