തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ ജീവനക്കാരുടെ ഗുണ്ടായിസം: പത്രപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു

Friday 29 July 2011 11:22 pm IST

കോട്ടയം: തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷണ്റ്റെ (എസ്‌.ഇ.ടി.സി) എറണാകുളം-മധുര ബസില്‍ മലയാളി യാത്രക്കാരെ കയറ്റുന്നില്ലെന്നു പരാതി. കഴിഞ്ഞദിവസം രാത്രി പത്തരയോടെ കോട്ടയത്തുനിന്നു പൊന്‍കുന്നത്തിനു പോകാന്‍ തമിഴ്നാട്‌ ബസില്‍ കയറിയ പത്രപ്രവര്‍ത്തകനെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്നു കൈയേറ്റം ചെയ്യുകയും ബലം പ്രയോഗിച്ച്‌ ഇറക്കിവിടുകയും ചെയ്തു. ഇതു സംബന്ധിച്ചു മംഗളം പത്രാധിപസമിയംഗം എസ്‌. ശ്രീകുമാര്‍ കോട്ടയം വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ പരാതിപ്പെട്ടു. കെ.എസ്‌.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍നിന്ന്‌ അധികൃതരെത്തി ആവശ്യപ്പെട്ടെങ്കിലും ബസില്‍ കയറ്റില്ലെന്ന ധാര്‍ഷ്ട്യം കലര്‍ന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. അതിക്രമം കാണിച്ച ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു കോട്ടയം പ്രസ്ക്ളബ്‌ ഭാരവാഹികള്‍ക്ക്‌ എസ്‌.പി. രാജഗോപാല്‍ ഉറപ്പുനല്‍കി. ദിവസേന എറണാകുളത്തുനിന്നു പുറപ്പെട്ടു രാത്രി പത്തരയോടെ കോട്ടയം കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്‍ഡിലെത്തുന്ന തമിഴ്നാടിണ്റ്റെ മധുര ബസില്‍ മലയാളി യാത്രക്കാരെ കയറ്റാതിരിക്കുന്നതു പതിവാണ്‌. ഇതു സംബന്ധിച്ചു യാത്രക്കാരുമായി സ്ഥിരം സംഘര്‍ഷമുണ്ടാകാറുണ്ട്‌. തമിഴ്നാട്‌ ബസിണ്റ്റെ പൊന്‍കുന്നംവരെയുള്ള യാത്രാനിരക്ക്‌ ൩൦ രൂപയാണ്‌. കുമളിക്കുള്ള ദീര്‍ഘദൂര യാത്രക്കാരെപ്പോലും കയറ്റാന്‍ പലപ്പോഴും ഇവര്‍ക്കു മടിയാണ്‌. ബസില്‍ മിക്ക സീറ്റും കാലിയായിരിക്കെയാണു കഴിഞ്ഞദിവസം പത്രപ്രവര്‍ത്തകനെ അപമാനിച്ച്‌ ബലപ്രയോഗത്തിലൂടെ ഇറക്കിവിട്ടത്‌. തമിഴ്നാട്‌ ബസില്‍ യാത്രക്കാരെ കയറ്റുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ കെ.എസ്‌.ആര്‍.ടി.സി. അധികൃതരും ശ്രദ്ധചെലുത്തണമെന്ന്‌ ആവശ്യമുയര്‍ന്നു.