ബൈക്കില്‍ കൊണ്ടുപോയി പട്ടാപ്പകല്‍ പിടിച്ചുപറി

Friday 29 July 2011 11:22 pm IST

കാസര്‍കോട്‌: കാസര്‍കോട്‌ നഗരത്തില്‍ പോലീസ്‌ ചമഞ്ഞ്‌ ഇടനീര്‍ സ്വദേശിയെ ബൈക്കില്‍ കയറ്റി ആളില്ലാത്ത സ്ഥലത്ത്‌ കൊണ്ടുപോയി പണം പിടിച്ചുപറിച്ചതായി പരാതി. ഇടനീര്‍ വാണിയം മൂലയിലെ കുഞ്ഞപ്പനായ്ക്കിണ്റ്റെ (69) 5700 രൂപയാണ്‌ ബൈക്കിലെത്തിയ അജ്ഞാതന്‍ തട്ടിപ്പറിച്ച്‌ കടന്നുകളഞ്ഞത്‌. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്‌ ഭാര്യ ഗിരിജയുമൊത്ത്‌ നഗരത്തിലെത്തിയതായിരുന്നു. കാസര്‍കോട്‌ മാവേലിസ്റ്റോറിന്‌ സമീപത്ത്‌ എത്തിയപ്പോള്‍ ഇവരുടെ അടുത്ത്‌ ബൈക്കിലെത്തിയ യുവാവ്‌ കൈയ്യില്‍ എന്താണെന്ന്‌ അന്വേഷിച്ച്‌ താന്‍ പോലീസാണെന്നും സ്റ്റേഷന്‍ വരെ തണ്റ്റെ കൂടെ വരണമെന്നും പറഞ്ഞ്‌ ബൈക്കില്‍ കയറ്റുകയായിരുന്നു. ഗിരിജയെ അവിടെ നിര്‍ത്തിയാണ്‌ ബൈക്കില്‍ പോയത്‌. പുലിക്കുന്ന്‌ ഭാഗത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയ ശേഷം കൈയ്യിലുള്ള പണം തട്ടിയെടുത്ത്‌ കടന്നുകളയുകയായിരുന്നു. ഇത്‌ സംബന്ധിച്ച്‌ രൂപ നായ്ക്ക്‌ പോലീസില്‍ പരാതി നല്‍കി.