ദല്‍ഹി കൂട്ടമാ‍നഭംഗം: വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി

Friday 22 March 2013 4:20 pm IST

ന്യൂദല്‍ഹി: ദല്‍ഹി കൂട്ട മാനഭംഗക്കേസിലെ നാലു പ്രതികളുടെ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി. ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണ രഹസ്യമാക്കണമെന്ന സാകേതിലെ വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കികൊണ്ടാണ് ദല്‍ഹി ഹൈക്കോടതിയുടെ വിധി. മാധ്യമങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് രാജീവ് ശാക്ധറാണ് ഉപാധികളോടെ അനുമതി നല്‍കിയത്. മാധ്യമങ്ങളുടെ ഓരോപ്രതിനിധിയെയാണ് അനുവദിക്കുക. പെണ്‍കുട്ടിയുടെയോ മാതാപിതാക്കളുടെയോ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല. വിചാരണയില്‍ കോടതി വിലക്കിയ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വിചാരണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രതികള്‍ക്ക് സഹായകരമാകുമെന്നായിരുന്നു സാകേത് കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി റിപ്പോര്‍ട്ടിംഗ് വിലക്കിയത്. വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്ന് പ്രതികളുടെ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. വിചാരണ വേളയില്‍ പ്രതികള്‍ പറയുന്നത് ഒന്നും മാധ്യമങ്ങളില്‍ വരാന്‍ പാടില്ലെന്നായിരുന്നു സാകേതിലെ പ്രത്യേക അതിവേഗ കോടതിയുടെ വിധി. ദല്‍ഹിയില്‍ ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെയായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ നാലു പ്രതികളുടെ വിചാരണയാണ് സാകേതിലെ കോടതിയില്‍ നടക്കുന്നത്. കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്യുകയും ഒരു പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേസില്‍ നാലു പ്രതികളുടെ വിചാരണ സാകേതില്‍ നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.