വുമണ്‍ ഓഫ്‌ ദി വീക്ക്‌

Friday 22 March 2013 10:44 pm IST

കവിതയുടെ ലോകത്ത്‌ മാത്രം ഒതുങ്ങി നില്‍ക്കാതെ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗത്ത്‌ സജീവ ഇടപെടല്‍ നടത്തുന്ന മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയാണ്‌ ഈയാഴ്ച്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിത്വം. സാഹിത്യരംഗത്ത്‌ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന സരസ്വതി സമ്മാനം മണലെഴുത്ത്‌ എന്ന കവിതാസമാഹാരത്തിലൂടെ മലയാളത്തിന്‌ നേടിത്തന്നൂ ഈ പ്രിയ കവയത്രി.
സമ്മാനത്തുകയുടെ കാര്യത്തിലും സരസ്വതി സമ്മാനമാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. 10 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം. 1991 ല്‍ കെ.കെ ബിര്‍ള ഫൗണ്ടേഷനാണ്‌ ഇത്‌ രൂപീകരിച്ചത്‌. ബാലാമണിയമ്മയും കെ.അയ്യപ്പപ്പണിക്കരുമാണ്‌ ഇതിന്‌ മുമ്പ്‌ ഈ പുരസ്കാരം നേടിയ മലയാളികള്‍.
പ്രകൃതിക്കുവേണ്ടി വാദിക്കുകയും പ്രകൃതിയ്ക്ക്‌ വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സുഗതകുമാരി തന്റെ കവിതകളിലും പ്രകൃതിയോടുള്ള സ്നേഹം വരച്ചുകാട്ടുന്നു. 1934 ജനുവരി മൂന്നിന്‌ കവിയും സ്വാതന്ത്യ സമരസേനാനിയുമായ ബോധേശ്വരന്റേയും വി.കെ.കാര്‍ത്യായനി അമ്മയുടേയും മകളായി ജനനം. സാഹിത്യരംഗത്തെ ഒട്ടനവധി പുരസ്കാരങ്ങളും സുഗതകുമാരിയെ തേടിയെത്തിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌, എഴുത്തച്ഛന്‍ പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം എന്നിവ ഇതില്‍ ചിലതുമാത്രം. മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, മലമുകളിലിരിക്കെ, രാത്രിമഴ, അമ്പലമണി, പാവം മാനവഹൃദയം, മണലെഴുത്ത്‌, കൃഷ്ണകവിതകള്‍, രാധയെവിടെ എന്നിവയാണ്‌ പ്രധാനകൃതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.