സഹാറയുടെ രേഖകള്‍ പരിശോധിക്കുന്നത്‌ റോബോട്ടുകള്‍

Saturday 23 March 2013 8:19 pm IST

മുംബൈ: വിപണി നിയന്ത്രിതാവായ സെബിയും രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സെബിയും തമ്മിലുള്ള നിയമ യുദ്ധം മറ്റൊരു തലത്തിലേക്ക്‌. ഇവരുടെ ഇടയിലേക്ക്‌ മൂന്നാമതൊരാള്‍ കൂടി പ്രധാന ദൗത്യം നിര്‍വഹിക്കുന്നതിന്‌ വേണ്ടി എത്തിയിരിക്കുന്നു. സാക്ഷാല്‍ റോബോര്‍ട്ടുകള്‍. റോബോര്‍ട്ടുകള്‍ക്കെന്താ ഇവര്‍ക്കിടയില്‍ കാര്യം എന്ന്‌ ചിന്തിക്കാന്‍ വരട്ടെ. സഹാറ ഗ്രൂപ്പ്‌ നിക്ഷേപകരില്‍ നിന്നും അനധികൃതമായി നിക്ഷേപം സ്വീകരിച്ചുവെന്ന സെബിയുടെ വാദം തെറ്റെന്ന്‌ തെളിയിക്കുന്നതിന്‌ സഹാറ ഗ്രൂപ്പ്‌ കുന്നുപോലെയാണ്‌ രേഖകള്‍ സെബിയുടെ ഓഫീസില്‍ എത്തിച്ചിരിക്കുന്നത്‌.
സെബിയുടെ ഉത്തരവിനെ ഭേദിക്കുന്നതിനായി സ്വന്തം നിലപാട്‌ വ്യക്തമാക്കിക്കൊണ്ട്‌ പ്രതിരോധിക്കാന്‍ തന്നെയാണ്‌ സഹാറയുടെ തീരുമാനം. ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹാറ ഗ്രൂപ്പ്‌ ദശലക്ഷക്കണക്കിന്‌ രേഖകള്‍ 31,000 കാര്‍ബോര്‍ഡ്‌ പെട്ടികളിലായി പായ്ക്‌ ചെയ്തിരിക്കുന്ന രേഖകള്‍ 128 ട്രക്കുകളിലായാണ്‌ സെബിയുടെ ബാന്‍ദ്ര കുര്‍ളയിലുള്ള ആസ്ഥാനത്ത്‌ എത്തിച്ചത്‌. എന്നാല്‍ രേഖകള്‍ ഇവിടെ സൂക്ഷിക്കാന്‍ മതിയായ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന്‌ നവിമുംബൈയിലെ പ്രാന്തപ്രദേശത്തുള്ള അടഞ്ഞുകിടക്കുന്ന ഗോഡൗണിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. ഈ രേഖകള്‍ പരിശോധിക്കുന്നതിനാണ്‌ റോബോര്‍ട്ടുകളുടെ സഹായം തേടിയിരിക്കുന്നത്‌.
രേഖകള്‍ പരിശോധിക്കുന്നതിനായി സ്റ്റോക്‌ ഹോള്‍ഡിംഗ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ഒരു റോബോട്ടിനെ സ്ഥാപിച്ചുകഴിഞ്ഞു. മൂന്ന്‌ റോബോട്ടുകളെ കൂടി ഉടന്‍ സ്ഥാപിക്കും. സഹാറയുടെ വാദം ശരിയാണോയെന്ന്‌ പരിശോധിക്കുന്നതിന്‌ ദശലക്ഷക്കണക്കിന്‌ രേഖകള്‍ സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ട്‌. രേഖകള്‍ റോബോട്ടുകള്‍ സ്വന്തമായി സകാന്‍ ചെയ്യുമെന്നതാണ്‌ മറ്റൊരു പ്രത്യേകത. ഇന്ത്യയില്‍ ഇതാദ്യമായാണ്‌ ഒരു റെഗുലേറ്ററി അതോറിറ്റി റോബോട്ടുകളുടെ സഹായം തേടുന്നത്‌.
എന്നാല്‍ ഇക്കാര്യത്തില്‍ സെബിയെ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ എസ്‌എച്ച്സിഐഎല്‍ എംഡിയും സിഇഒയും ആയ അശോക്‌ മോത്‌വാനി വിസമ്മതിച്ചു. രേഖകള്‍ വേഗത്തില്‍ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകട സാധ്യത നിറഞ്ഞ ജോലികള്‍ ചെയ്യുന്നതിനായി ഓട്ടോമൊബെയില്‍, എയ്‌റോസ്പേസ്‌ കമ്പനികള്‍ റോബോര്‍ട്ടുകളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്‌. എന്നാല്‍ റെക്കോഡ്‌ കീപ്പിംഗിന്റെ കാര്യത്തില്‍ ഇത്‌ വിരളമാണ്‌.
സുബ്രത റോയ്‌ നേതൃത്വം നല്‍കുന്ന സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട്‌ കമ്പനികള്‍ നിക്ഷേപകരില്‍ നിന്നും 20,000 രൂപ അനധികൃതമായി സമാഹരിച്ചുവെന്നതാണ്‌ കേസ്‌. ഈ തുക 15 ശതമാനം പലിശ സഹിതം നിക്ഷേപകര്‍ക്ക്‌ മടക്കി നല്‍കണമെന്നാണ്‌ സഹാറയ്ക്ക്‌ സെബി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.