ഗതിമുട്ടിയപ്പോള്‍ സര്‍വകക്ഷി

Sunday 19 June 2011 11:06 pm IST

ഇന്ത്യക്കാരുടെ കള്ളപ്പണം നിക്ഷേപിച്ച സ്വിസ്ബാങ്ക്‌ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ നയതന്ത്രം താറുമാറാകുമെന്ന ന്യായമായിരുന്നു കേന്ദ്രസര്‍ക്കാരിന്‌. കള്ളപ്പണക്കാരുടെ പേരുവിവരം കയ്യില്‍ കിട്ടിയിട്ടും അത്‌ പുറത്തുവിടാന്‍ സുപ്രീംകോടതി പറഞ്ഞിട്ടും മുടന്തന്‍ ന്യായത്തില്‍ കേന്ദ്രം പിടിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിയമഭേദഗതിക്ക്‌ സ്വിറ്റ്സര്‍ലന്റ്‌ തീരുമാനിച്ചിരിക്കുന്നു. പാര്‍ലമെന്റ്‌ അതിന്‌ അംഗീകാരം നല്‍കി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുമായുള്ള നികുതി ഉടമ്പടി സംബന്ധിച്ച നിയമഭേദഗതി പാസ്സാക്കുന്നതോടെ യുപിഎ സര്‍ക്കാരിന്റെ കള്ളക്കളി പൊളിയുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല കള്ളപ്പണം പുറത്തുകൊണ്ടുവരാനും അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കാനുമുള്ള സാധ്യതകള്‍ തെളിയുകയും ചെയ്തിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ പ്രശ്നത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത്‌ ഗതിമുട്ടിയപ്പോഴുള്ള അടവുനയമായേ കാണാന്‍ കഴിയൂ. അഴിമതിവിരുദ്ധ നിയമമായ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രം നിരാകരിച്ചതാണ്‌. അതിന്റെ പുറകെയാണ്‌ സര്‍വകക്ഷിയെക്കുറിച്ച്‌ സര്‍ക്കാരിന്‌ ചിന്ത വന്നത്‌. സര്‍വകക്ഷിയോഗം ചേരേണ്ട അവസരങ്ങള്‍ പലകുറിയുണ്ടായിട്ടും അതെല്ലാം പാഴാക്കുകയായിരുന്നു സര്‍ക്കാര്‍. മാത്രമല്ല അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ ശത്രുക്കളായി കാണാനാണ്‌ ഭരണകക്ഷിക്ക്‌ താത്പര്യം. അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കാനും ആഭ്യന്തര കലാപത്തിന്‌ സാഹചര്യമൊരുക്കാനുമാണെന്ന്‌ കോണ്‍ഗ്രസ്‌ ആക്ഷേപിച്ചതാണ്‌. പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും അഴിമതിക്കെതിരെ ശബ്ദിച്ചപ്പോള്‍ പരിഹസിക്കാനാണ്‌ ഭരണകക്ഷി തയ്യാറായിരുന്നത്‌. തുടര്‍ന്ന്‌ അണ്ണാഹസാരെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചപ്പോള്‍ അതിനു ലഭിച്ച ജനപിന്തുണ സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചു എന്നാണ്‌ തുടര്‍ന്നുണ്ടായ പ്രസ്താവനകളും നടപടികളും ധ്വനിപ്പിച്ചത്‌. എന്നാല്‍ അത്‌ വെറും കപടനാടകമാണെന്ന്‌ കേന്ദ്രമന്ത്രിമാര്‍ തന്നെ തെളിയിച്ചു. ബാബാരാംദേവിന്റെ സമരത്തെ നേരിട്ട ലജ്ജാവഹമായ നടപടി സര്‍ക്കാരിന്റെ അസഹിഷ്ണുതയും അഹന്തയുമാണ്‌ പ്രകടമാക്കിയത്‌. ജനാധിപത്യമര്യാദയ്ക്കും മനുഷ്യത്വത്തിനും നിരക്കാത്ത നിലപാട്‌ സ്വീകരിച്ച്‌ കിരാതനടപടികള്‍ സര്‍ക്കാര്‍ തുടരുകയായിരുന്നു. ഇതിനെ അപലപിച്ചവരെ പോലും അപഹസിക്കാനാണ്‌ സര്‍ക്കാര്‍ മുതിര്‍ന്നത്‌. ഇതിനുശേഷം നടന്ന ലോക്പാല്‍സമിതി യോഗത്തില്‍ സര്‍ക്കാര്‍ കര്‍ക്കശ നിലപാടിലേക്കു നീങ്ങി. തുടര്‍ന്ന്‌ കള്ളപ്രചാരണങ്ങളുടെ കെട്ടഴിച്ചുവിടുകയുമാണ്‌ ചെയ്തത്‌. സര്‍ക്കാരിന്റെ വഞ്ചനയിലും ദുഷ്പ്രചരണങ്ങളിലും അദ്ഭുതം പ്രകടിപ്പിച്ചുകൊണ്ടാണ്‌ അണ്ണാഹസാരെ ആഗസ്ത്‌ 16 മുതല്‍ മരണംവരെ ഉപവസിക്കാന്‍ തീരുമാനമെടുത്തത്‌. ലോക്പാല്‍ ബില്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയത്‌ പൊടുന്നനെയായിരുന്നു. പൗരപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന്‌ തയ്യാറാക്കുന്ന ലോക്പാല്‍ കരട്‌ ബില്‍ എന്ന മുന്‍നിലപാടില്‍ നിന്ന്‌ വിഭിന്നമായി രണ്ട്‌ കരടുകള്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി വിടുന്നു എന്നാണ്‌ സര്‍ക്കാര്‍ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചത്‌. അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിന്‌ സര്‍ക്കാരിന്‌ ആത്മാര്‍ഥതയില്ല. നല്‍കിയ വാഗ്ദാനങ്ങളില്‍നിന്നും സര്‍ക്കാര്‍ ഒന്നൊന്നായി പിന്നോട്ടുപോകുകയാണ്‌ ചെയ്തത്‌. ഏപ്രിലില്‍ നിരാഹാരസത്യഗ്രഹ വേളയില്‍ ആവശ്യപ്പെട്ടതു പോലെ ലോക്പാല്‍ ബില്ലിനായി എന്തും ചെയ്യാമെന്ന്‌ സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയതിനെത്തുടര്‍ന്നാണ്‌ സമരം അവസാനിപ്പിച്ചതെന്ന്‌ അണ്ണാ ഹസാരെ പ്രസ്താവിച്ചിരിക്കുകയാണ്‌. താന്‍ മരിക്കുന്നെങ്കില്‍ മരിക്കട്ടെ. ഇനി പിന്നോട്ടില്ലെന്ന്‌ ഹസാരെ വികാരാധീനനായി പ്രസ്താവന നടത്തിക്കഴിഞ്ഞു. ലോക്പാല്‍ ബില്‍ 'ജോക്ക്പാല്‍' ആയിരിക്കുമെന്ന്‌ ബോധ്യപ്പെട്ട സാഹചര്യത്തിലാണ്‌ സമരം പുനരാരംഭിക്കുന്നതെന്നും വ്യക്തമായി. ലോക്പാല്‍ കരട്‌ ബില്ലിന്റെ രണ്ട്‌ വ്യാഖ്യാനങ്ങള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കുന്നതിനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ദുര്‍ബലമായ അഴിമതിവിരുദ്ധ നിയമനിര്‍മാണത്തിനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമെന്ന്‌ തീര്‍ച്ച. രണ്ട്‌ കരട്‌ ബില്ലുകളാണ്‌ സര്‍ക്കാരിന്റെ മനസില്‍ ഉണ്ടായിരുന്നതെങ്കില്‍ എന്തിന്‌ പൗരപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപീകരിച്ചതെന്ന ഹസാരെയുടെ ചോദ്യം പ്രസക്തമാണ്‌. ഒരേ കരട്‌ ബില്ലില്‍ അഭിപ്രായവ്യത്യാസമുള്ളിടങ്ങളില്‍ പ്രത്യേക കുറിപ്പ്‌ സഹിതമാണ്‌ മന്ത്രിസഭാ പരിഗണനയ്ക്ക്‌ അയയ്ക്കുന്നതെന്നാണ്‌ സര്‍ക്കാരിന്റെ വിശദീകരണം. അഴിമതിക്കാരെ ജയിലിലടയ്ക്കുന്ന ശക്തമായ ലോക്പാല്‍ ബില്ലിന്‌ സര്‍ക്കാരിന്‌ താത്പര്യമില്ല. അഴിമതി നിര്‍മാര്‍ജനത്തിലും കള്ളപ്പണത്തിന്റെ വിഷയത്തിലും സര്‍ക്കാര്‍ നിലപാട്‌ മറയില്ലാതെ വ്യക്തമാണ്‌. സര്‍ക്കാര്‍ ലോക്പാല്‍ ബില്ലിന്റെ കരട്‌ തയ്യാറാക്കിയെങ്കില്‍ അത്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കാം. പാര്‍ലമെന്റാണ്‌ നിയമനിര്‍മാണം നടത്തേണ്ടതെന്നാണല്ലോ ഭരണക്കാര്‍ അടിക്കടി പറഞ്ഞു കൊണ്ടിരിക്കുന്നത്‌. അതേ സര്‍ക്കാരാണ്‌ പാര്‍ലമെന്റിനെ പ്രഹസനമാക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന സത്യം വേറെ നില്‍ക്കുന്നു. ജനാധിപത്യത്തോടും പ്രതിപക്ഷത്തോടും ഒട്ടും ബഹുമാനം പ്രകടിപ്പിക്കുന്നവരല്ല ഇന്ന്‌ കേന്ദ്രത്തിലുള്ളത്‌. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി സ്വജനപക്ഷപാതവും അഴിമതിയും പ്രവര്‍ത്തന ശൈലിയാക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ജനക്ഷേമത്തിനായി ഒന്നും ചെയ്യാന്‍ മനസു വയ്ക്കാത്ത കക്ഷി ഇപ്പോള്‍ സര്‍വകക്ഷി യോഗത്തെ കുറിച്ചു വാചാലമാകുന്നതിനു പിന്നില്‍ സദുദ്ദേശ്യമില്ല. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ആത്മാര്‍ഥത പ്രകടിപ്പിക്കാതെ നടത്തുന്ന സര്‍വ കക്ഷി യോഗമെന്നത്‌ വെറും തമാശ മാത്രമാണ്‌. ജനങ്ങളെയും കക്ഷികളെയും കബളിപ്പിക്കാനുള്ള വെറും നാടകമായെ അതിനെ കാണാനാകൂ.