കൊച്ചി നഗരസഭ ബജറ്റ്‌ അവതരിപ്പിച്ചു

Saturday 23 March 2013 11:46 pm IST

കൊച്ചി: കൊച്ചി നഗരസഭ 877,97,65245 രൂപ വരവും 849,86,67,850 രൂപ ചെലവും 18,56,62,395 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ അവതരിപ്പിച്ചു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഫിനാന്‍സ്‌ സ്റ്റാന്റിങ്ങ്‌ കമ്മറ്റിക്കുവേണ്ടി ചെയര്‍പേഴ്സണും ഡെപ്യൂട്ടി മേയറുമായ ബി.ഭദ്രയാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌. നഗരഗതാഗതം സുഗമമാക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ മെട്രോ കൊച്ചിന്‍ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ രൂപീകരിക്കും. കാല്‍നടയാത്ര സുഗമമാക്കാന്‍ പെഡസ്ട്രിയന്‍ മാസ്റ്റര്‍ പ്ലാന്‍.
സൗത്ത്‌ മറൈന്‍ ഡ്രൈവ്‌ വാക്‌വെ നിര്‍മ്മിക്കും. കായലിനോട്‌ ചേര്‍ന്ന സ്ഥലങ്ങളില്‍ വാട്ടര്‍ എഡ്ജ്‌ വാക്‌ വെ. നഗരത്തിലെ 30 പ്രധാന ജംഗ്ഷനുകളെ മാതൃകാനിലവാരത്തിലാക്കും. ചെറിയ റോഡുകളില്‍ ഷെയര്‍ ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തും. സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കാന്‍ നടപടി. കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക്‌ സിറ്റി പെര്‍മിറ്റ്‌. മൂന്ന്‌ റെയില്‍വെ മേല്‍പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണത്തിന്‌ 83.69 കോടി രൂപ ചെലവഴിക്കും. പശ്ചിമകൊച്ചിയില്‍ സ്വീവേജ്‌ ട്രീറ്റ്‌ മെന്റ്‌ പ്ലാന്റ്‌. പശ്ചിമകൊച്ചിയുടെ വികസനത്തിന്‌ 10 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌. ഇടക്കൊച്ചി സുസ്ഥിര വികസന പദ്ധതി രേഖ തയ്യാറാക്കാന്‍ 10 ലക്ഷം രൂപ. ഇടപ്പള്ളിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സമുച്ചയം. ഫോര്‍ട്ടുകൊച്ചി കല്‍വത്തി കമ്മ്യൂണിറ്റി ഹാള്‍ നവീകരിക്കും. പള്ളുരുത്തി കച്ചേരിപ്പടിയില്‍ പുതിയ കമ്മ്യൂണിറ്റി ഹാള്‍. ചക്കാമാടത്ത്‌ മിനിഹാള്‍ നിര്‍മ്മിക്കും. സ്ത്രീ സുരക്ഷക്കായി സബല പദ്ധതി, വിമന്‍സ്‌ ലോഡ്ജ്‌. വനിതകള്‍ക്കായി ബസ്‌ സര്‍വ്വീസ്‌ കൊച്ചിയെ ശിശുസൗഹാര്‍ദ്ദ നഗരമാക്കും. ബ്രഹ്മപുരം പ്ലാന്റില്‍ കൂടുതല്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കും. കൊതുകു നിവാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. കലൂര്‍ ചമ്പക്കര, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ആധുനിക അറവുശാലകള്‍. ഐലന്റില്‍ പുതിയ സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ ടാങ്കര്‍ കുടിവെള്ളത്തിന്റെ ശുദ്ധിപരിശോധിക്കാന്‍ ലാബുകള്‍. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏര്‍പ്പെടുത്തും. പള്ളുരുത്തിയില്‍ ആധുനിക ക്രിക്കറ്റ്‌ ഫുട്ബോര്‍ ഗ്രൗണ്ട്‌. ഫോര്‍ട്ടുകൊച്ചി വെളിയില്‍ ട്രാക്ക്‌ ആന്റ്‌ ഫീല്‍ഡ്‌ കം ഫുട്ബോള്‍ ഗ്രൗണ്ട്‌. എളമക്കര പ്ലേഗ്രൗണ്ട്‌ നവീകരിക്കും. എളംകുളം വെസ്റ്റ്‌ യുപി സ്കൂള്‍ സ്പോര്‍ട്സ്‌ പരിശീലന കേന്ദ്രമാക്കും. വണ്ടുരുത്തി പഴയപാലം പുരാവസ്തു കരകൗശല മാര്‍ക്കറ്റാക്കും.
പച്ചാളം, ഇടപ്പള്ളി ശ്മശാനങ്ങള്‍ നവീകരിച്ച്‌ യഥാക്രമം ശാന്തികുടീരം, സ്മൃതിവനം എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യും.
കൊച്ചി നഗരത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന സന്തുലിതമായ ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടതെന്ന്‌ മേയര്‍ ടോണിചമ്മണി അവകാശപ്പെട്ടു. സാധാരണക്കാരുടെ പക്ഷം ചേരുന്ന ഈ ബജറ്റ്‌ മെട്രോ നഗരമായി വളരുന്ന നഗരത്തിന്‌ അതിനനുസരിച്ചുള്ള പശ്ചാത്തല വികസനം ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.