ചേലേമ്പ്ര ബാങ്ക്‌ കവര്‍ച്ച: പ്രതികള്‍ക്ക്‌ കഠിന തടവും പിഴയും

Saturday 23 March 2013 11:50 pm IST

മഞ്ചേരി: ചേലേമ്പ്ര സൗത്ത്‌ മലബാര്‍ ഗ്രാമീണ ബാങ്ക്‌ കവര്‍ച്ചാ കേസിലെ ആദ്യ മൂന്ന്‌ പ്രതികള്‍ക്ക്‌ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഫാസ്റ്റ്‌ ട്രാക്‌ ഒന്ന്‌) പത്തു വര്‍ഷം കഠിന തടവിനും 50000 രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു. തെളിവ്‌ നശിപ്പിച്ചതിന്‌ രണ്ടാം പ്രതിക്ക്‌ 10000 രൂപ അധിക പിഴയും വിധിച്ചു. നാലാം പ്രതിക്ക്‌ അഞ്ചുവര്‍ഷം കഠിന തടവും 50000 പിഴയുമാണ്‌ ശിക്ഷ. കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ലെന്ന്‌ കണ്ടെത്തി അഞ്ചാം പ്രതിയെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കോട്ടയം മേലുകാവ്‌ ഉള്ളനാട്‌ വാണിയംപുരക്കല്‍ ജോസഫ്‌ എന്ന ജയ്സണ്‍ എന്ന ജോമോന്‍ എന്ന ബാബു (45), തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി കടവൂര്‍ ഷിബു എന്ന രാകേഷ്‌ (31), കൊയിലാണ്ടി മൂടാടി നങ്ങലത്ത്‌ രാധാകൃഷ്ണന്‍ (52), ഭാര്യ വടകര പുറമേരി കോടഞ്ചേരി മാലോര്‍ കനകേശ്വരി (33) എന്നിവരെയാണ്‌ ജഡ്ജി എസ്‌. സതീശ്‌ ചന്ദ്രബാബു ശിക്ഷിച്ചത്‌.
ഐപിസി 380 വകുപ്പു പ്രകാരം ഏഴു കൊല്ലം കഠിന തടവ്‌, 20000 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവ്‌. 457ാ‍ം വകുപ്പനുസരിച്ച്‌ 10 കൊല്ലം കഠിന തടവ്‌ 20000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവ്‌, 461ാ‍ം വകുപ്പനുസരിച്ച്‌ ഒരു വര്‍ഷം കഠിന തടവ്‌, 120 ബി പ്രകാരം രണ്ടു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 6മാസം അധിക തടവ്‌ എന്നിങ്ങനെയാണ്‌ ആദ്യ മൂന്നു പ്രതികള്‍ക്ക്‌ നല്‍കിയ ശിക്ഷ. ഇതിനു പുറമെ 201 ാ‍ം വകുപ്പനുസരിച്ച്‌ രണ്ടാം പ്രതിക്ക്‌ രണ്ടു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും വിധിച്ചു.
നാലാം പ്രതിക്ക്‌ 380,457 വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം വീതം കഠിന തടവും 20000 രൂപ വീതം പിഴയും ശിക്ഷയാണ്‌ വിധിച്ചത്‌. പ്രതികളെല്ലാം അഞ്ചുവര്‍ഷത്തിലധികം റിമാന്റില്‍ കഴിഞ്ഞതിനാല്‍ ഈ കാലയളവ്‌ ഇവരുടെ ശിക്ഷയായി പരിഗണിച്ച്‌ ഇളവു ചെയ്തു.
അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ അഞ്ചു വയസ്സു വരെ ജയിലില്‍ പരിപാലിച്ചുവെന്ന ആനുകൂല്യം നല്‍കിയാണ്‌ നാലാം പ്രതി കനകേശ്വരിയുടെ ശിക്ഷ അഞ്ചു വര്‍ഷമാക്കി ഇളവു ചെയ്തതെന്ന്‌ ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 2008 ഒക്ടോബര്‍ 20നാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ്‌ പി കെ കെ ഇബ്രാഹിം കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ കെ പി ദാമോദരന്‍ നമ്പ്യാര്‍, ഇ കെ വാസന്‍, പി വി ദീപു എന്നിവരും പ്രതികള്‍ക്കുവേണ്ടി മഞ്ചേരി സുന്ദര്‍രാജ്‌, സഞ്ജീവ്‌ മരക്കാത്ത്‌, സാജ്‌ മോഹന്‍, പി ടി എസ്‌ ഉണ്ണി, മുഹമ്മദ്‌ ഇഖ്ബാല്‍, പി കെ എ ലത്തീഫ്‌, എം വിജയകുമാരന്‍ എന്നിവരും ഹാജരായി. 2007 ഡിസംബര്‍ 30നാണ്‌ മോഷണം നടന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.