നാവികരെ അയക്കാതിരുന്നത്‌ ഇന്ത്യയുമായി വിലപേശാന്‍

Sunday 24 March 2013 1:11 pm IST

ന്യൂദല്‍ഹി: കടല്‍കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ പരിക്കില്ലാതെ ഇറ്റലിയില്‍ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഇന്ത്യയുമായി കൃത്രിമ നാടകം കളിച്ചതെന്ന്‌ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗീല്ലിയൊ മറിയാ ടെര്‍സിയുടെ വെളിപ്പെടുത്തല്‍. ഇറ്റലി എഴുതി തയ്യാറാക്കിയ നാടകത്തിന്റെ പര്യവസാനം ഇറ്റലി ഉദ്ദേശിച്ച പോലെ തന്നെയായെന്ന്‌ മന്ത്രി വ്യക്തമാക്കി. നാവികര്‍ക്ക്‌ വധശിക്ഷ നല്‍കില്ലെന്നും ഇന്ത്യന്‍ ജയിലുകളില്‍ പാര്‍പ്പിക്കില്ലെന്നുമുള്ള ഉടമ്പടി ഇന്ത്യയുമായി ഉണ്ടാക്കുന്നതിനായി ഇറ്റലി ഒരു മുഴം മുമ്പേ എറിഞ്ഞ്‌ നോക്കിയതാണെന്നും ടെര്‍സി ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്കയോട്‌ പറഞ്ഞു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വിദേശ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌ സൈറ്റായ ഫാര്‍നെസിനയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാവികരെ ഇന്ത്യയിലേക്കയച്ചതിന്റെ കാരണം മാധ്യമ പ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോഴാണ്‌ കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കാവുന്ന ഈ പ്രസ്താവനകളുണ്ടായിരിക്കുന്നത്‌.
ഇന്ത്യയുമായി വിഷയത്തില്‍ ഇങ്ങനെയൊരു വിവാദമില്ലായിരുന്നുവെങ്കില്‍ നമുക്ക്‌ ഇത്തരത്തിലുള്ളൊരു വിലപേശല്‍ നടത്താനാവുമായിരുന്നില്ല. ഇന്ത്യയിലേക്ക്‌ തിരിച്ചുപോയ നാവികര്‍ക്ക്‌ വിചാരണ വേളയില്‍ നല്ല അന്തരീക്ഷം ഉറപ്പ്‌ വരുത്താനാവില്ലായിരുന്നു. അതിലുപരി വധശിക്ഷയുണ്ടാവില്ലെന്ന ഉറപ്പും നമ്മളുണ്ടാക്കിയ സാഹചര്യം മൂലമാണുണ്ടായത്‌. ശിക്ഷ ലഭിച്ചാലും ഇല്ലെങ്കിലും അവരെ നമുക്ക്‌ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാനാകുമെന്ന്‌ നല്ല പ്രതീക്ഷയുണ്ട്‌, ടെര്‍സി വ്യക്തമാക്കി. വിഷയത്തില്‍ കേസിന്റെ തുടക്കം മുതല്‍ ഇന്ത്യ ആഗ്രഹിക്കാത്ത അന്താരാഷ്ട്ര മാനം കൈവരിക്കാന്‍ തങ്ങളുണ്ടാക്കിയ സാഹചര്യംകൊണ്ടായിയെന്നും പറയുന്നു. നാവികരെ തിരിച്ചയക്കില്ലെന്ന്‌ പറഞ്ഞത്‌ മൂലം നമ്മള്‍ ഉദ്ദേശിച്ച തരത്തിലുള്ള കോലാഹലങ്ങളും പരിഭ്രാന്തികളും ആഗോളതലത്തില്‍ തന്നെയുണ്ടാക്കാനായി. നാവികരെ രക്ഷിച്ച്‌ നാട്ടിലേക്ക്‌ കൊണ്ടുവരുന്ന കാര്യത്തില്‍ റോം സദാ ജാഗരുഗരായിരുന്നു എന്നതിന്റെ തെളിവാണ്‌ കിട്ടിയ പ്രതികരണങ്ങള്‍.
പ്യൂണിക്‌ യുദ്ധക്കാലത്ത്‌ തടവിലായ റോമന്‍ പോരാളി അറ്റിലിയോസ്‌ റഗുലോസ്‌ പരോളില്‍ ഇറങ്ങി മടങ്ങിപ്പോയപ്പോഴുണ്ടായപോലുള്ള മരണം നാവികര്‍ക്കുണ്ടാകുമോ എന്ന ചോദ്യത്തിന്‌ അന്താരാഷ്ട്ര നിയമങ്ങള്‍ക്കുള്ളില്‍ നിന്നാണ്‌ ഇറ്റലി പ്രവര്‍ത്തിക്കുന്നതെന്നും നാവികരെ തിരിച്ചു കൊണ്ടുവരുന്നതിന്‌ ഇത്‌ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കുന്നു. നാവികരെ തിരികെ അയക്കില്ലെന്ന്‌ പറഞ്ഞപ്പോഴുള്ള ഇന്ത്യയുടെ പ്രതികരണം ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളും വിഷയത്തില്‍ ഇടപെടുന്നതിന്‌ കാരണമായി. കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ നാവികര്‍ക്ക്‌ വധശിക്ഷ നല്‍കാന്‍ ഇന്ത്യക്കാവില്ലെന്നും മന്ത്രി ആണയിട്ട്‌ പറയുന്നു. നാവികര്‍ തിരിച്ചെത്തേണ്ടതിന്റെ പത്തുദിവസം മുമ്പാണ്‌ ഇറ്റലി വിവാദമുണ്ടാക്കിത്‌. സുപ്രീംകോടതി നാവികരോട്‌ ഇന്ത്യയില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടതിന്റെ കൃത്യം തലേന്ന്‌ ഇറ്റലി വാക്കു പാലിക്കുന്നതായി അറിയിച്ചത്‌ എഴുതി തയ്യാറാക്കിയ തിരക്കഥയുടെ അവസാനമായിരുന്നു. കേസ്‌ പരിശോധിച്ചാല്‍ ഇറ്റലി ഇപ്പോഴും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയോട്‌ നീതി പുലര്‍ത്തിയതായി തോന്നുകയും ചെയ്യും.
ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനേയും പ്രതികൂട്ടിലാക്കുമെന്ന്‌ ഉറപ്പാണ്‌. ഇന്ത്യന്‍ നീതിന്യായ വ്യവ്സ്ഥയെ പരിഹസിക്കുന്ന തരത്തിലുള്ള നീക്കമാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നാണ്‌ വ്യക്തമാകുന്നത്‌.
നാവികരെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ കൊട്ടിഘോഷിച്ച്‌ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ്‌ ഇറ്റലിയുടെ ഔദ്യോഗിക വെബ്സൈറ്റായ ഫാര്‍നസീനയിലെ പുതിയ വെളിപ്പെടുത്തല്‍. ഇറ്റലിയുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ട കാര്യം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ തന്നെയാണ്‌ വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്‌. പിന്നീട്‌ അത്തരത്തിലുള്ളൊരു കരാറില്ലെന്ന്‌ ഖുര്‍ഷിദ്‌ തിരുത്തി. കരാറിനെക്കുറിച്ച്‌ പാര്‍ലമെന്റില്‍ ഒരു തവണയെങ്കിലും പറയണമെന്ന ആവശ്യം ഇറ്റലിയില്‍ നിന്നുണ്ടായിരുന്നോ എന്ന ആശങ്കയാണ്‌ ഇത്‌ ഉയര്‍ത്തുന്നത്‌. നാവികര്‍ക്ക്‌ വധശിക്ഷ നല്‍കില്ലെന്നും വിചാരണയ്ക്കു ശേഷം ഇറ്റലിയെ തിരിച്ചേല്‍പ്പിക്കാമെന്ന്‌ ഇന്ത്യ ഉറപ്പ്‌ നല്‍കുന്ന കരാറിനെക്കുറിച്ച്‌ നാവികരെ വെള്ളിയാഴ്ച്ച ഇന്ത്യയിലേക്ക്‌ അനുഗമിച്ച ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി സ്റ്റാഫന്‍ ഡി മിസ്തൂരയും മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. കരാറിന്റെ പകര്‍പ്പ്‌ അദ്ദേഹം ഉയര്‍ത്തി കാട്ടുകയും ചെയ്തു. ഇതോടെ ഖുര്‍ഷിദിന്റേയും കേന്ദ്ര സര്‍ക്കാരിന്‌ നേതൃത്വം കൊടുക്കുന്ന യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയുടേയും രഹസ്യ അജണ്ടയാണ്‌ പുറത്തു വന്നിരിക്കുന്നത്‌.
ഇറ്റലിയുമായി ഏര്‍പ്പെട്ട കരാര്‍ പുറത്തു വരരുതെന്ന്‌ കോണ്‍ഗ്രസ്‌ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതീവ രഹസ്യമായുണ്ടാക്കിയ കരാര്‍ ഇറ്റലി പുറത്ത്‌ പറയാന്‍ കാരണമായത്‌ ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലമാണെന്ന്‌ വ്യക്തം. മുന്നണിയില്‍ നിന്നുള്ള കക്ഷികളുടെ പിന്മാറ്റവും യുപിഎയ്ക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളും പൊതുതെരഞ്ഞെടുപ്പിലേക്കെത്തിയെന്ന തിരിച്ചറിവാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരുമായി ഏര്‍പ്പെട്ട കരാര്‍ പരസ്യമാക്കാന്‍ ഇറ്റലിയെ പ്രേരിപ്പിച്ചത്‌. രാഷ്ട്രീയ വിലയിരുത്തലുകള്‍ക്കൊടുവില്‍ ഭരണമാറ്റമുണ്ടാവുമെന്ന്‌ ഇറ്റലി ഉറപ്പിച്ചിരുന്നു. അങ്ങനെയായാല്‍ കരാറില്‍ നിന്നുള്ള പുതിയ സര്‍ക്കാരിന്റെ പിന്മാറ്റം ഉണ്ടാവാതിരിക്കാനുള്ളതിന്റെ മുന്‍കരുതലായിട്ടു വേണം ഇറ്റലിയുടെ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളെ വിലയിരുത്താന്‍.
ലക്ഷ്മി രഞ്ജിത്ത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.