കാസര്‍കോട്: കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ കരിങ്കൊടിയുമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രി ആര്യാടന് മുഹമ്മദിനെ ഉപരോധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രി ഉപരോധിച്ചത്.
കെഎസ്ആര്‍ടിസി ഡിപ്പോ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. രാവിലെ ഗസ്റ്റ്ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയിലേക്ക് പുറപ്പെടാന്‍ ഇറങ്ങുമ്പോഴാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആദ്യം കാര്യമായ പോലീസ് സന്നാഹം ഗസ്റ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ പാശ്ചാത്തലത്തില്‍ മന്ത്രിയുടെ മറ്റ് പരിപാടികള്‍ നടക്കുന്ന വേദികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അലംഭാവം അവസാനിപ്പിക്കാതെ മന്ത്രിമാരെ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ നേരത്തെ തീരുമാനം കൈക്കൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: