പാഠപുസ്തക വിതരണത്തിനുള്ള സമയം സുപ്രീംകോടതി നീട്ടി

Saturday 30 July 2011 12:09 pm IST

ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ 2011 ലെ ഏകീകൃത പാഠ്യപദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക്‌ പാഠപുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള സമയം ആഗസ്റ്റ്‌ അഞ്ച്‌ വരെ സുപ്രീംകോടതി നീട്ടി. മദ്രാസ്‌ ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള സര്‍ക്കാരിന്റെ അപ്പീലിലായിരുന്നു വിധി.
കഴിഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടാക്കിയ പരിഷ്ക്കാരത്തെ ഇല്ലായ്മ ചെയ്യാന്‍ പുതിയ എഐഎഡിഎംകെ സര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ്‌ കോടതി വിധി. ജസ്റ്റിസുമാരായ ജെ.എം.പാഞ്ചല്‍, ദീപക്‌ വര്‍മ. ബി.എസ്‌.ചൗഹാന്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ്‌ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയത്‌.
വിദ്യാഭ്യാസ രംഗത്തെ ചില അസോസിയേഷനുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ടി.ആര്‍.അനാദി അര്‍ജുന രാഷ്ട്രീയ അഭിപ്രായ വ്യത്യാസംമൂലം സര്‍ക്കാര്‍ അനാവശ്യമായ ധൃതികാട്ടിയതായി പരാതിപ്പെട്ടിരുന്നു.
നിയമഭേദഗതി വളരെ ധൃതിയില്‍ പാസ്സാക്കി അതിന്‌ അന്നേദിവസം തന്നെ ഗവര്‍ണറുടെ അംഗീകാരവും ലഭ്യമാക്കി. ഇതെല്ലാം മിന്നല്‍ വേഗത്തിലായിരുന്നുവെന്ന്‌ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നേരത്തെ മദ്രാസ്‌ ഹൈക്കോടതി ഏകീകൃത പാഠ്യപദ്ധതിക്കെതിരെ സര്‍ക്കാര്‍ പാസ്സാക്കിയ അനുബന്ധനിയമം റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധി പിശകും അന്യായവുമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്‌. ജൂലൈ 22 നുമുമ്പ്‌ പുതിയ പദ്ധതിപ്രകാരം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
45000 സ്റ്റേറ്റ്‌ ബോര്‍ഡ്‌ സ്കൂളുകള്‍ 11000 മെട്രിക്കുലേഷന്‍ സ്കൂളുകള്‍ 25 ഓറിയന്റല്‍ സ്കൂളുകള്‍ 50 ആംഗ്ലോ ഇന്ത്യന്‍ സ്കൂളുകള്‍ ഇങ്ങനെ തമിഴ്‌നാട്ടില്‍ നാലുതരം സ്കൂളുകളിലായി 1.2 കോടി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇവര്‍ക്ക്‌ പ്രത്യേക സിലബസ്സും പാഠപുസ്തകങ്ങളും പരീക്ഷകളുമുണ്ട്‌.
സമചീര്‍ കല്‍വിയെന്ന പദ്ധതി വിദ്യാഭ്യാസത്തെ ഏകീകരിക്കാന്‍ കരുണാനിധി കൊണ്ടുവന്നതാണ്‌. ഇതിനെ എതിര്‍ക്കുകയായിരുന്നു ജയലളിത സര്‍ക്കാരിന്റെ ആദ്യനടപടികളില്‍ ഒന്ന്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.