അല്‍ഖ്വയ്ദയുമായി ഇറാന്‌ രഹസ്യബന്ധം: അമേരിക്ക

Saturday 30 July 2011 12:13 pm IST

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള ആക്രമണങ്ങള്‍ക്ക്‌ പണവും ഭീകരവാദികളേയും നല്‍കുന്ന അല്‍ഖ്വയ്ദയുമായി ഇറാന്‌ രഹസ്യ ബന്ധമുണ്ടെന്ന്‌ അമേരിക്ക കുറ്റപ്പെടുത്തി. അല്‍ഖ്വയ്ദയും ഇറാന്‍ സര്‍ക്കാരുമായി നേരിട്ട്‌ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ അമേരിക്കന്‍ സുരക്ഷാ വിഭാഗം തന്നെ സംശയത്തിലാണ്‌. ഇവര്‍ തമ്മില്‍ ചെറിയ തോതില്‍ സഹകരണമുണ്ടെന്ന്‌ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്നത്തെ ആക്ഷേപത്തില്‍ യുഎസ്‌ ഗവണ്‍മെന്റ്‌ ഇറാന്‍ സര്‍ക്കാര്‍ പണവും ഭീകരവാദികളേയും പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും എത്തിക്കുന്ന ഒരു ഇടത്താവളമാണെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഈ ശൃംഖലയിലൂടെയാണ്‌ അല്‍ഖ്വയ്ദ പണവും ആയുധങ്ങളും ഭീകരവാദികളേയും മധ്യപൂര്‍വ രാജ്യങ്ങള്‍ മുതല്‍ തെക്കന്‍ ഏഷ്യവരെ കൈമാറുന്നതെന്ന്‌ ഒരു പ്രസ്താവന ചൂണ്ടിക്കാട്ടി. ടെഹ്‌റാനില്‍ സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ എസ്ഡിന്‍ അബ്ദല്‍ അസീസ്‌ ഖലീല്‍ അറബ്‌ രാജ്യങ്ങളില്‍നിന്ന്‌ സമാഹരിക്കുന്ന ധനം അല്‍ഖ്വയ്ദയുടെ പാക്കിസ്ഥാനിലുള്ള മുതിര്‍ന്ന നേതാക്കളെ ഏല്‍പ്പിക്കുകയാണ്‌. ഇറാന്റെ അതിര്‍ത്തിയില്‍ ആറ്‌ വര്‍ഷമായി ഖലീല്‍ പ്രവര്‍ത്തിക്കുന്നു.
പാക്കിസ്ഥാനിലെ വനവാസി മേഖലകളിലെ പ്രവര്‍ത്തനത്തിനുശേഷം ഒസാമ ബിന്‍ലാദന്‍ ഇറാനിലെ വിദേശ പ്രതിനിധിയായി നിയോഗിച്ച അതിയ അബ്ദല്‍ റഹ്മാന്‍ തന്റെ നയതന്ത്ര അധികാരമുപയോഗിച്ച്‌ രാജ്യത്തിനകത്തും പുറത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ അനുമതിയോടെ സഞ്ചരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഇറാനിലെ ഉദ്യോഗസ്ഥരില്‍ ആരെയും ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്തിട്ടില്ല. ഇറാഖ്‌ ആക്രമണത്തില്‍ അല്‍ഖ്വയ്ദയുടെ മുഖ്യ ആസൂത്രകനായിരുന്ന ഉമീദ്‌ മൊഹമ്മദി സലിം ഹസന്‍, ഖലീഫ റഷീദ്‌ അല്‍കുവാരി, അബ്ദുള്ള ഖാനിം മഫൂസ്‌ മുസ്ലീം അല്‍ഖവാര്‍ തുടങ്ങിയവര്‍ തീവ്രവാദികള്‍ക്ക്‌ സാമ്പത്തികസഹായം നല്‍കുകയും അവരെ രാജ്യം മുഴുവന്‍ യാത്ര ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. അലി ഹസന്‍ അലി അല്‍ അജ്മി എന്ന കുവൈറ്റ്‌ ആസ്ഥാനമാക്കിയ വ്യക്തി അല്‍ഖ്വയ്ദക്കും താലിബാനും ഫണ്ട്‌ സ്വരൂപീകരണത്തിന്‌ സഹായിച്ചു.
രാജ്യത്തിന്റെ അതിര്‍ത്തികളിലൂടെ പണം കടത്താനും അല്‍ഖ്വയ്ദയെ സഹായിക്കാനും ഒരു രഹസ്യ കരാറില്‍ ഇറാന്‍ ഏര്‍പ്പെട്ടതായി ഭീകരവാദത്തിനും ധനപരമായ രഹസ്യവിവരങ്ങള്‍ക്കുമുള്ള അമേരിക്കന്‍ വക്താവ്‌ ഡേവിഡ്‌ എസ്‌.കോഹന്‍ വെളിപ്പെടുത്തി.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.