അഭിനയ സൗകുമാര്യം

Tuesday 26 March 2013 11:19 pm IST

ആറ്‌ പതിറ്റാണ്ടുകാലം തെന്നിന്ത്യന്‍ സിനിമാലോകത്ത്‌ നിറഞ്ഞുനിന്ന സുകുമാരിയുടെ വേര്‍പാടോടെ പ്രേക്ഷകഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ അഭിനയസൗകുമാര്യമാണ്‌ മാഞ്ഞുപോകുന്നത്‌. നടനവൈഭവവും വേഷപ്പകര്‍ച്ചകൊണ്ടും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ച നടിയായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഈ നടി അഭിനയത്തിന്റെ പാഠപുസ്തകമാണ്‌. അടുത്തിടെ അനാരോഗ്യം മൂലം സിനിമയുടെ എണ്ണം കുറച്ചിരുന്നുവെങ്കിലും അവരുടെ വേഷങ്ങള്‍ പ്രേക്ഷകഹൃദയങ്ങളെ വിടാതെ പിന്തുടര്‍ന്നു. തിരുവനന്തപുരം പൂജപ്പുരയിലെ മാധവന്‍നായരുടെയും സത്യഭാമയുടെയും മകളായി 1938 ല്‍ ജനിച്ച സുകുമാരി തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണിമാരുടെ ബന്ധുവാണ്‌. അച്ഛന്റെ സഹോദരിയുടെ മക്കളായിരുന്ന ഇവരാണ്‌ സുകുമാരിയെ സിനിമയിലേക്ക്‌ ആനയിച്ചത്‌. കുട്ടിക്കാലത്തേ നൃത്തം അഭ്യസിച്ചതിനാല്‍ നൃത്തസംഘത്തില്‍ സുകുമാരിയും സജീവമായി. നൃത്തം കണ്ടാണ്‌ ഒരിരവ്‌ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സിനിമയിലേക്ക്‌ ക്ഷണിക്കുന്നത്‌. നായികയുടെ കുട്ടിക്കാലമാണ്‌ അവതരിപ്പിച്ചത്‌. പത്തൊമ്പതാം വയസില്‍ വിവാഹിതയായ സുകുമാരി ഭര്‍ത്താവായ ഭീംസിംഗ്‌ സംവിധാനംചെയ്ത പാശമലരിലും രാജാറാണിയിലും അഭിനയിച്ചിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയിലെ അമ്മവേഷങ്ങളാണ്‌ സുകുമാരിക്ക്‌ സിനിമാചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത്‌. 2003ല്‍ പത്മശ്രീ നല്‍കി സുകുമാരിയെ രാജ്യം ആദരിച്ചത്‌ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു. 2011 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു. തമിഴ്‌ സിനിമയായ 'നമ്മ ഗ്രാമ'ത്തിലെ അഭിനയത്തിനാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌.
1974, 78, 85 എന്നീ വര്‍ഷങ്ങളില്‍ സഹനടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. തമിഴ്‌നാട്‌ സര്‍ക്കാരിന്റേതടക്കം നിരവധി ഭാഷകളിലെ അവാര്‍ഡുകളും പല ഘട്ടങ്ങളിലായി സുകുമാരിക്ക്‌ ലഭിച്ചിട്ടുണ്ട്‌. എല്ലാ ഭാഷകളിലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ്‌ ചെയ്യുന്ന ഏകനടിയെന്ന സവിശേഷതയും സുകുമാരിക്ക്‌ മാത്രം സ്വന്തമാണ്‌. സത്യനും രാഗിണിയും നായികാനായകന്മാരായ തസ്ക്കരവീരന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സുകുമാരിയുടെ ജീവിതം ഒരര്‍ത്ഥത്തില്‍ മലയാള സിനിമയുടെ ചരിത്രംതന്നെയാണ്‌. ഓരോ കാലഘട്ടത്തില്‍ മലയാള സിനിമയെ അടക്കിവാണ നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം യലഭിച്ചുവെന്ന അപൂര്‍വ ബഹുമതിയും സുകുമാരിക്കുണ്ട്‌. തസ്ക്കരവീരനിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്തസംഘത്തില്‍ അംഗമായ സുകുമാരിക്ക്‌ അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. സിനിമയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയാതിരുന്ന സുകുമാരി അത്രമാത്രം സിനിമയെ സ്നേഹിച്ചു. മരണംവരെ അഭിനയിക്കാന്‍ മോഹിച്ച അവര്‍ അഭിനയിച്ചുകൊണ്ടിരിക്കെ മരിക്കാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. പതിമൂന്നാം വയസില്‍ ഒരറിവ്‌ എന്ന തമിഴ്‌ ചിത്രത്തില്‍ നായികയായിട്ട്‌ രംഗപ്രവേശം ചെയ്ത്‌ രണ്ടാമത്തെ ചിത്രത്തിനായി ഏഴ്‌വര്‍ഷം കാത്തിരിക്കേണ്ടിവന്നിരുന്നുവെങ്കിലും സമ്പൂര്‍ണ രാമായണം, പിന്നീട്‌ വീരപാണ്ഡ്യ കട്ടബൊമ്മന്‍, ചിത്രമേള, ഡെയ്ഞ്ചര്‍ ബിസ്കറ്റ്‌ തുടങ്ങി നിരവധി ചിത്രങ്ങള്‍ സുകുമാരിയെ തേടിയെത്തി. ഇതിനിടെ തന്നേക്കാള്‍ പതിനാല്‌ വയസ്‌ കൂടുതലുള്ള ഭീംസിംഗിന്റെ ജീവിതസഖിയായി. എന്നാല്‍ ദാമ്പത്യം അല്‍പായുസായിരുന്നു.
നാല്‍പതാം വയസിലെ വൈധവ്യം പക്ഷെ സുകുമാരിയെ തളര്‍ത്തിയില്ല. പല ഭാഷകളിലായി നിരവധി വേഷങ്ങളില്‍ സുകുമാരി നിറഞ്ഞുനിന്നു. ഏത്‌ വേഷവും അനായാസം അഭിനയിച്ചു ഫലിപ്പിക്കാന്‍ അവര്‍ക്കുള്ള കഴിവ്‌ അപാരമായിരുന്നു. സ്നേഹനിധിയായ അമ്മയായി, കലഹക്കാരിയായ ആന്റിയായി, വഴക്കാളിയായ അമ്മായിയമ്മയായി, പൊങ്ങച്ചക്കാരിയായ സൊസൈറ്റിലേഡിയായുമൊക്കെ സകുമാരി തിളങ്ങിയപ്പോള്‍ മലയാളസിനിമ അതുവരെ കാണാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കപ്പെടുകയായിരുന്നു. അമ്മ വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുമ്പോള്‍തന്നെ കോമഡി വേഷങ്ങളിലൂം അവര്‍ അസൂയാവഹമായ അഭിനയശേഷി പുറത്തെടുത്തു. ചേട്ടത്തി, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ തുടങ്ങി ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രങ്ങളില്‍നിന്ന്‌ മലയാള സിനിമ വര്‍ണപ്രപഞ്ചത്തിലേക്ക്‌ മാറിയപ്പോഴും സുകുമാരിയുടെ അഭിനയം ഒപ്പംനിന്നു.
പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുകുത്തി, ബോയിംഗ്‌ ബോയിംഗ്‌, തേന്‍മാവിന്‍ കൊമ്പത്ത്‌ എന്നീ ചിത്രങ്ങളില്‍ സുകുമാരിയുടെ അഭിനയത്തിന്റെ വിവിധ തലങ്ങള്‍ പ്രേക്ഷകര്‍ കണ്ടു. ലോഹിതദാസിന്റെ കഥാപാത്രങ്ങളിലൂടെ സുകുമാരി എന്ന നടി അഭിനയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുകയായിരുന്നു. ബാലചന്ദ്രമേനോന്റെ കാര്യംനിസാരം, മണിച്ചെപ്പ്‌ തുറന്നപ്പോള്‍ തുടങ്ങിയ ചിത്രങ്ങളും സുകുമാരിയെ മലയാളിക്ക്‌ പ്രിയങ്കരിയാക്കി. ലാല്‍ ജോസിന്റെ മീശ മാധവനിലെ അമ്മവേഷം കണ്ടവരാരും സുകുമാരിയെ മറക്കില്ല. മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌, ഹിന്ദി ഭാഷകള്‍ക്ക്‌ പുറമെ സിംഹളഭാഷയിലും വേഷമിട്ട സുകുമാരിയുടേത്‌ അഭിനയജാതകമായിരുന്നു. മലയാളിയുടെ മഹാനടിക്ക്‌ ഞങ്ങളുടെ അശ്രുപൂജ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.