ഫ്ലാറ്റുകള്‍ക്കുവേണ്ടി വാല്വ്‌ പൂട്ടല്‍: കുടിവെള്ളക്ഷാമം രൂക്ഷം

Thursday 28 March 2013 12:37 am IST

മരട്‌: കുമ്പളം പ്രദേശത്തെ എഴുന്നൂറില്‍പ്പരം വീടുകള്‍ക്ക്‌ കഴിഞ്ഞ പത്ത്‌ ദിവസമായി കുടിവെള്ളമില്ലെന്ന്‌ പരാതി. തേവരയിലെ പത്തോളം വന്‍കിട ഫ്ലാറ്റുകള്‍ക്കുവേണ്ടി കുമ്പളത്തേക്കുള്ള വാല്വ്‌ വാട്ടര്‍ അതോറിറ്റിക്കാര്‍ അടക്കുന്നതാണ്‌ കുടിവെള്ളം മുടങ്ങുവാന്‍ കാരണമത്രെ. വന്‍കിട ഫ്ലാറ്റുകാരും സ്വകാര്യ സ്ഥാപനങ്ങളും കുടിവെള്ള മോഷണം പതിവാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്‌. അനുമതിയില്ലാതെ പ്രധാന പൈപ്പില്‍നിന്നും വെള്ളം ചോര്‍ത്തുന്നതായും പറയപ്പെടുന്നു. ഫ്ലാറ്റ്‌ ഉടമകളും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്‌ കുമ്പളത്തെ കുടിവെള്ളക്ഷാമത്തിന്‌ കാരണമെന്ന്‌ പ്രദേശവാസികള്‍ ആരോപിക്കുന്നു.
കുടിവെള്ള പൈപ്പിന്റെ വാല്വ്‌ അനധികൃതമായി അടച്ചുപൂട്ടുന്നതിനെതിരെ യുവമോര്‍ച്ച കുമ്പളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക്‌ പ്രതിഷേധമാര്‍ച്ച്‌ നടത്തി. മണ്ഡലം സെക്രട്ടറി ഷാബു കൊമരോത്ത്‌ സമരപരിപാടി ഉദ്ഘാടനം ചെയ്തു. പ്രവീണ്‍കുമാര്‍, എന്‍.പി.അശോകന്‍, ഷീബാ രാജീവ്‌, സിന്ധു പ്രതാപ്‌, അരുണ്‍ കുമാര്‍, രാഹുല്‍, ഷാജി.കെ.പി എന്നിവര്‍ പ്രതിഷേധമാര്‍ച്ചിനും ധര്‍ണ്ണക്കും നേതൃത്വം നല്‍കി.
കുമ്പളം നോര്‍ത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കുമ്പളം റെസിഡന്റ്സ്‌ അസോസിയേഷന്‍ ജവഹര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. കെആര്‍എ ആക്ടിംഗ്‌ പ്രസിഡന്റ്‌ വി.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.മോഹനന്‍ കരിക്കാന്തറ, ജോര്‍ജ്‌ തായങ്കേരില്‍, എ.സി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാവപ്പെട്ടവര്‍ക്ക്‌ ലഭിക്കേണ്ട കുടിവെള്ളം വന്‍കിട ഫ്ലാറ്റുകള്‍ക്കുവേണ്ടി വഴിതിരിച്ച്‌ വിടുന്നത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ ബിജെപി ആരോപിച്ചു. ഇതിനു പിന്നിലെ ഒത്താശക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി കുമ്പളം, നെട്ടൂര്‍ പ്രാദേശിക സമിതികള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.