ദേശീയപാതാ വികസനം: പ്രതിസന്ധി നീക്കണം

Thursday 28 March 2013 11:22 pm IST

കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം പെരുകുമ്പോഴും ദേശീയപാതകള്‍ വാഹനപ്പെരുപ്പം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഇപ്പോള്‍ ദേശീയപാതയുടെ നാലാംഘട്ട വികസനത്തിന്‌ കേരളം അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച്‌ കേരളത്തിലെ 676 കി.മീ ദേശീയപാതാ വികസനം ഉപേക്ഷിക്കേണ്ടിവരുമെന്ന്‌ കാണിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി കേരളത്തിന്‌ കത്തെഴുതിയിരിക്കുകയാണ്‌. ഒരാഴ്ചയ്ക്കകം പാതയുടെ അലൈന്‍മെന്റും വിശദാംശങ്ങളും സമര്‍പ്പിച്ചില്ലെങ്കില്‍ ദേശീതപാതാ വികസനം ഉപേക്ഷിക്കേണ്ടിവരുമെന്നാണ്‌ കേന്ദ്ര ഉപരിതലഗതാഗതവകുപ്പ്‌ സെക്രട്ടറി കത്തില്‍ അറിയിച്ചിരിക്കുന്നത്‌. ദേശീയപാതാ വികസനത്തില്‍ കേരളത്തിലെ അഞ്ച്‌ പദ്ധതികള്‍ ഉള്‍പ്പെടുത്താമെന്ന്‌ കേന്ദ്രം സമ്മതിച്ചതാണ്‌. എന്‍എച്ച്‌, എന്‍എച്ച്ഡിപി നാലാംഘട്ടം എന്നിവയാണ്‌ സ്തംഭനാവസ്ഥയിലാവുക. ദേശീയപാതാ വികസനത്തിന്റെ പേരില്‍ ടോള്‍പിരിവ്‌ പാടില്ലെന്ന ദൃഢമായ നിലപാടാണ്‌ കേരളം സ്വീകരിച്ചിരിക്കുന്നത്‌.
കേരളത്തിലെ ജനങ്ങള്‍ ടോള്‍പിരിവിനെതിരാണെന്നും ദേശീയപാതാ വികസനവുമായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി അറ്റകുറ്റപ്പണികള്‍ക്കു പോലും സ്വകാര്യകമ്പനികള്‍ക്ക്‌ ടോള്‍ പിരിക്കാന്‍ അവസരമൊരുക്കുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ പ്രഖ്യാപിച്ചു. ദേശീയപാതയുടെ വികസനത്തില്‍നിന്ന്‌ തുകയനുവദിച്ചാല്‍ റോഡ്‌ വികസനം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാനത്തിന്‌ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാഷണല്‍ ഹൈവേ ഡെവലപ്മെന്റ്‌ അതോറിറ്റി (എന്‍എച്ച്ഡിപിയുടെ എന്‍എച്ച്‌ 85 ബോഡിമെട്ട്‌-കുണ്ടന്നൂര്‍, എന്‍എച്ച്‌ 744 ലെ കൊല്ലം-കഴുത്തുരുത്തി, എന്‍എച്ച്‌ 766 ലെ കോഴിക്കോട്‌-മുത്തങ്ങ, എന്‍എച്ച്‌ 966 ലെ കോഴിക്കോട്‌-പാലക്കാട്‌, എന്‍എച്ച്‌ 183 ലെ കൊല്ലം-തേനി എന്നീ പദ്ധതികളാണുള്ളത്‌. ഇവയുടെ നാലാംഘട്ടം ബിഒടി അടിസ്ഥാനത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 677 കി.മീ വികസിപ്പിക്കാനാണ്‌ കേന്ദ്രാനുമതി ലഭിച്ചത്‌. ഇപ്പോള്‍ രണ്ടുവരിപ്പാതയായ ഈ അഞ്ച്‌ റോഡുകളിലും മിനിമം വികസനം നടപ്പാക്കി ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെയാണ്‌ പ്രതിഷേധം. ബിഒടി മാതൃകയില്‍നിന്ന്‌ കേരളത്തെ ഒഴിവാക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടെങ്കിലും കേരളത്തിനെ മാത്രമായി ഒഴിവാക്കാന്‍ സാധ്യമല്ലെന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. മാര്‍ച്ച്‌ 31-നകം അലൈന്‍മെന്റും വിശദാംശങ്ങളും സമര്‍പ്പിച്ചില്ലെങ്കില്‍ കേരളത്തിന്‌ അനുവദിച്ച പദ്ധതി മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുമെന്നാണ്‌ ഉപരിതലഗതാഗതവകുപ്പിന്റെ ഭീഷണി. ഇപിഡി കരാര്‍ പ്രകാരം റോഡ്‌ വികസനത്തിനാവശ്യമായ 90 ശതമാനം സ്ഥലം സര്‍ക്കാര്‍ 15 ദിവസത്തിനകം നല്‍കുകയും റോഡ്‌ ഉപഭോക്താക്കളില്‍നിന്നും ടോള്‍ പിരിക്കുകയും വേണം. സമയപരിധി മാര്‍ച്ച്‌ 31 ആണ്‌. ദേശീയപാതാ വികസനത്തിന്റെ പേരില്‍ ടോള്‍പിരിക്കരുതെന്ന്‌ കേരളം കേന്ദ്രസര്‍ക്കാരിന്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഇതോടെ ദേശീയപാതാ വികസനം വഴിമുട്ടുകയാണ്‌. ടോള്‍പിരിവിനെതിരെ സംസ്ഥാനത്ത്‌ പലയിടങ്ങളിലും ജനങ്ങള്‍ സമരത്തിലായതിനാല്‍ സംസ്ഥാനം ഈ നിലപാട്‌ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാണ്‌. കുണ്ടന്നൂരില്‍ ടോള്‍ വന്നപ്പോള്‍ ആദ്യം സ്ഥലവാസികളില്‍നിന്ന്‌ പോലും ടോള്‍പിരിച്ചത്‌ പ്രക്ഷോഭത്തിന്‌ വഴിവച്ചിരുന്നു. അതേസമയം റോഡ്‌ വികസനം കേരളത്തിന്‌ അത്യന്താപേക്ഷിതമാണ്‌. വാഹനപ്പെരുപ്പത്തോടൊപ്പം മലയാളിയുടെ റോഡ്‌ മര്യാദകളെപ്പറ്റിയുള്ള അജ്ഞതയും അവഗണനയും വാഹനങ്ങള്‍ റോഡില്‍ മറികടക്കാനുള്ള ത്വരയും ഓവര്‍സ്പീഡിംഗും ഇരുചക്രവാഹനപ്പെരുപ്പത്തോടൊപ്പം ഇരുചക്രവാഹനങ്ങളുടെ ഇടിച്ചുകയറ്റവും എല്ലാം റോഡ്‌യാത്ര ദുര്‍ഘടമാക്കുകയാണ്‌. റോഡുകള്‍ക്ക്‌ വീതി കൂട്ടിയാല്‍ ഈ അപകടങ്ങള്‍ കുറയ്ക്കാന്‍ ഒരു പരിധിവരെയെങ്കിലും സഹായകരമാകുമായിരുന്നു. ഇപ്പോള്‍ കാല്‍നടക്കാര്‍ക്ക്‌ നടക്കാന്‍ നടപ്പാതകള്‍ പോലും പല റോഡുകള്‍ക്കും ഇല്ല. ഇന്ന്‌ കൊച്ചിയുടെ പ്രതീക്ഷ കൊച്ചി മെട്രോയിലാണ്‌. മെട്രോ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ റോഡുകളില്‍ കാണുന്ന വാഹനത്തിരക്ക്‌ ഒഴിവാക്കാനാകും. പക്ഷെ അന്തിമമായി റോഡുകളുടെ വീതികൂട്ടല്‍ അനിവാര്യംതന്നെയാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബിഒടി വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി റോഡ്‌ വികസനത്തിനാവശ്യമായ ഫണ്ട്‌ ലഭ്യമാക്കി സംസ്ഥാനതലത്തില്‍ റോഡ്‌ വികസനം സാധ്യമാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.