ഒരു അവസരവാദ സഖ്യത്തിന്റെ അന്ത്യം

Saturday 30 March 2013 10:47 pm IST

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മേല്‍ക്കോയ്മ അടിയന്തരാവസ്ഥക്കാലത്തിനുശേഷം ഇന്ത്യയില്‍ തകര്‍ന്നുവീഴുകയായിരുന്നു. പിന്നീട്‌ വീണ്ടും പല തരത്തിലുള്ള രാഷ്ട്രീയ തന്ത്രങ്ങളും അടവുനയങ്ങളും പ്രയോഗിച്ച്‌ മുന്നേറ്റം തുടര്‍ന്നെങ്കിലും ജനം ഈ കക്ഷിയെ വെറുത്തുവെന്ന യാഥാര്‍ത്ഥ്യം വളരെ വ്യക്തമായി. നൂറ്റിനാല്‍പ്പത്‌ സീറ്റില്‍നിന്നും ഒരുതരത്തിലും കരകയറുവാന്‍ സാധ്യമല്ലാത്ത അവസ്ഥ തുടര്‍ന്നപ്പോഴാണ്‌ ആരുമായും കൂട്ടുകൂടാമെന്ന ഒരു ചിന്തയിലേക്ക്‌ കോണ്‍ഗ്രസ്‌ തിരിച്ചെത്തിയത്‌. പ്രത്യയശാസ്ത്രത്തിന്റെ ഈറ്റില്ലമായിരുന്ന പഴയ സോവിയറ്റ്‌ യൂണിയനില്‍നിന്നും വിപ്ലവവീര്യം കണ്ടും പ്രവര്‍ത്തിച്ചും കടമെടുത്തും വന്നിരുന്ന സോഷ്യലിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ പലതായി പിരിഞ്ഞുവെങ്കിലും ഇന്ത്യയില്‍ ഇടതുപക്ഷമെന്ന പേരിലുള്ള ഒരു പ്രത്യേക ബ്ലോക്കായി നില്‍ക്കുകയാണല്ലോ? ഇന്ത്യയില്‍ സോഷ്യലിസവും കമ്മ്യൂണിസവും നട്ടുനനച്ച്‌ വളര്‍ത്തുവാന്‍ പാടുപെടുന്ന പ്രത്യയശാസ്ത്ര വിശാരദന്മാര്‍ക്ക്‌ ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യരുടെ ഇടയില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട്‌ അവരുടെ ഇടയില്‍ വേരുറപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
പാര്‍ലമെന്ററി ഭരണാധികാരത്തിന്റെ ശീതളഛായയില്‍ ആട്‌ മേയ്ക്കാന്‍ അവരും കൊതിച്ചുപോയി. മുതലാളിത്തം, ജന്മിത്തം, സ്വേഛാധിപത്യം തുടങ്ങിയ സങ്കല്‍പ്പങ്ങളെ പല്ലും നഖവുമായി എതിര്‍ത്തുപോന്ന ഈ പ്രത്യയശാസ്ത്രക്കാര്‍ക്ക്‌ സമാന ചിന്താഗതിക്കാരായ മറ്റ്‌ പാര്‍ട്ടികളുമായി ഭരണലക്ഷ്യം വച്ച്‌ ഒരു കൂട്ടായ്മ സൃഷ്ടിക്കുവാന്‍ കഴിയുന്നില്ല. ഭാരതത്തിന്റെ തനത്‌ സംസ്ക്കാര പാരമ്പര്യത്തേയും മഹത്വത്തേയും രാജ്യതാല്‍പ്പര്യത്തേയും മുന്‍നിര്‍ത്തി ദേശീയതയുടെ കാഴ്ചപ്പാടില്‍ സകലമാന ജനത്തേയും ഭാരതമണ്ണിന്റെ മക്കളായി വീക്ഷിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ എതിര്‍ക്കുകയെന്ന ഒരു ലക്ഷ്യമിട്ടായിരുന്നു ഇടതുപക്ഷം സോണിയാ-മന്‍മോഹന്‍സിംഗ്‌ നേതൃത്വം തട്ടിക്കൂട്ടിയ യുപിഎ എന്ന ഐക്യപുരോഗമന സഖ്യത്തില്‍ ചേര്‍ന്നത്‌.
രാഷ്ട്രീയ ചരിത്ര പശ്ചാത്തലമൊന്നുമില്ലാത്ത റിസര്‍വ്‌ ബാങ്ക്‌ ഉദ്യോഗസ്ഥനെ നരസിംഹറാവു സര്‍ക്കാരില്‍ ധനകാര്യവകുപ്പ്‌ മന്ത്രിയാക്കിയതും; പിന്നീട്‌ പ്രധാനമന്ത്രിയുടെ റോളില്‍ അണിയിച്ചൊരുക്കി നിര്‍ത്തിയതുമൊക്കെ ചില പിന്നാമ്പുറ ദര്‍ശനം മാത്രമായിരുന്നു. ഉദാരവല്‍ക്കരണം, പുത്തന്‍ സാമ്പത്തിക കമ്പോളവല്‍ക്കരണം എന്നുതുടങ്ങിയ നയങ്ങള്‍ കൊണ്ടുവന്ന്‌ ലോകബാങ്കില്‍നിന്നും കണക്കറ്റ പണം കടമെടുക്കുകയും ഈ വിധം പണം കടമെടുക്കുമ്പോള്‍ ഐഎംഎഫ്‌ എന്ന ഈ ബാങ്കില്‍ പണം നിക്ഷേപിച്ചിരിക്കുന്ന വന്‍കിട രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ഉന്നതാധികാര കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും സമ്മതിച്ച്‌ ഒപ്പിട്ട്‌ നല്‍കണം. സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഭാരതത്തില്‍ ഭരണം നടത്തിയ മുന്‍ സര്‍ക്കാരുകള്‍ വരുത്തിവച്ച കടത്തിന്റെ ഇരട്ടിയിലധികം കടം നരസിംഹറാവു-മന്‍മോഹന്‍സിംഗ്‌ ഭരണത്തിലുണ്ടായി.
ഐഎംഎഫ്‌ തരുന്ന വായ്പയുടെ പലിശയും മുതലും മാത്രമല്ല തിരികെ നല്‍കേണ്ടത്‌. അവര്‍ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ നമ്മുടെ രാജ്യത്ത്‌ നടപ്പില്‍ വരുത്തുകയും വേണം. ഓരോ വര്‍ഷവും പാര്‍ലമെന്റില്‍ ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ ഈ ബാങ്കിന്റെ ജനറല്‍ബോഡി മെമ്പര്‍മാര്‍ തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയും വേണം. കുത്തക മുതലാളിവര്‍ഗ ഭരണത്തെ എതിര്‍ക്കുന്ന ഇടതുപക്ഷക്കാര്‍ ഇതൊന്നും അറിയാത്തവരല്ല. ആഗോളവല്‍ക്കരണം കമ്പോളവല്‍ക്കരണം എന്ന്‌ തുടങ്ങുന്ന പലതും ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്കും വ്യവസായമേഖലയ്ക്കും അതുപോലെതന്നെ പരമ്പരാഗത തൊഴില്‍രംഗത്തും വലിയ തകര്‍ച്ചയാണ്‌ ഉണ്ടാക്കിവച്ചത്‌. ഐഎംഎഫ്‌ തന്നിരുന്ന ആയിരക്കണക്കിന്‌ കോടികള്‍ ചെലവഴിച്ച വേദികളൊന്നുംതന്നെ രാജ്യത്തെ പട്ടിണിക്കാരുടെ ജീവിതപ്രാരാബ്ധങ്ങളെ ഒഴിവാക്കുവാന്‍ വേണ്ടിയായിരുന്നില്ല. വലിയ അഴിമതിയും കൈക്കൂലിയും സര്‍വ്വത്ര മേഖലയിലും കൊടികുത്തിവാഴുകയായിരുന്നു. സിബിഐയുടെ ഡയറിയില്‍ അഴിമതിയുടെ പേരില്‍ കേസുകള്‍ ഇല്ലാത്ത എത്ര കോണ്‍ഗ്രസുകാര്‍ ഉണ്ടായിരുന്നു? പല കോണ്‍ഗ്രസ്‌ മന്ത്രിമാരും ആയിരക്കണക്കിന്‌ കോടികളുടെ സമ്പാദ്യമുള്ളവരായി. ചില കേന്ദ്രമന്ത്രിമാരുടെ രമ്യഹര്‍മ്മ്യങ്ങളില്‍ നോട്ടുകെട്ടുകള്‍ ഇഷ്ടിക അടുക്കിവച്ചതുപോലെ കണ്ടെത്തിയ വാര്‍ത്ത വന്നു.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഒട്ടുംതന്നെ ഉണ്ടായിട്ടില്ലെന്നും കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞെന്നും പട്ടിണിമരണങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍ എന്നിവ പതിന്മടങ്ങായി വര്‍ധിച്ചുവെന്നും ലോകബാങ്കിന്റെ പഠനം വെളിപ്പെടുത്തി. കടം വാങ്ങി ധൂര്‍ത്തടിക്കുകയും പ്രത്യുല്‍പ്പാദനപരമല്ലാത്ത രംഗങ്ങളില്‍ പണം ചെലവാക്കി സമ്പന്നജനതയുടെ ജീവിത സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക മാത്രമായിരുന്നു ചെയ്തുവന്നത്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ഇന്ത്യയിലെ വോട്ടര്‍മാര്‍ തഴഞ്ഞതിന്റെ പിന്നിലെ വീക്ഷണം ഇവയൊക്കെയായിരുന്നു. ഏതുതരം അഭ്യാസപ്രകടനങ്ങള്‍ കാട്ടിയിട്ടും 140 സീറ്റില്‍നിന്നും കോണ്‍ഗ്രസിന്‌ കരകയറുവാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ ഏത്‌ ചെകുത്താനേയും കൂട്ടുപിടിച്ച്‌ ഭരണത്തില്‍ എത്തുകയെന്ന ഒരേയൊരു ലക്ഷ്യം മാത്രമായി മുന്നോട്ടുനീങ്ങിയത്‌ കൊണ്ടാണ്‌ യുപിഎ എന്ന സഖ്യമുണ്ടായത്‌. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സോഷ്യലിസത്തിലേക്കുള്ള പ്രയാണ സങ്കല്‍പ്പ ഭരണകാലത്തും ഇന്ദിരാഗാന്ധിയുടെ സോഷ്യലിസ്റ്റ്‌ വീക്ഷണത്തിലും ഇന്ത്യയിലെ ഇടതുപക്ഷം വമ്പിച്ച എതിര്‍പ്പുമായി നിലകൊള്ളുകയായിരുന്നു. ആഗോളവല്‍ക്കരണവും കമ്പോളവല്‍ക്കരണവും പുത്തന്‍ സാമ്പത്തികനയവും രാജ്യത്തെ പാവപ്പെട്ട ജനവിഭാഗത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയെന്ന്‌ ബോധ്യപ്പെട്ടിട്ടും ആ നയങ്ങളെ വീണ്ടും വാരിപ്പുണരുന്ന മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാരിനെ നിലനിര്‍ത്തുവാന്‍വേണ്ടി ഇടതുപക്ഷം നടത്തിയ കളികള്‍ ചെറുതല്ല.
കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അഴിമതിരഹിതവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുമെന്നും വളരെ ഉത്തരവാദിത്തമുള്ള ഭരണമായിരിക്കുമെന്നും പൊതുമിനിമം പരിപാടിയില്‍ അക്കമിട്ട്‌ വിവരിച്ചിരുന്നു. വളരെ വ്യക്തമായ 16 വ്യവസ്ഥകള്‍ അക്കമിട്ട്‌ നിരത്തിയ ലഘുലേഖയില്‍ സഖ്യകക്ഷികളുടെ സമ്മതത്തോടും അഭിപ്രായസമന്വയത്തോടും കൂടി മാത്രമേ ഭരണകാര്യങ്ങളില്‍ നയപരമായ നിലപാടുകള്‍ സ്വീകരിക്കുകയുള്ളൂയെന്നും വ്യക്തമാക്കപ്പെട്ടിരുന്നു.
ഭരണം കോണ്‍ഗ്രസ്‌ കൈപ്പിടിയില്‍ ഒതുക്കിയശേഷം എന്താണ്‌ സംഭവിച്ചതെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ? നാലരവര്‍ഷം കോണ്‍ഗ്രസിനെ ഭരണരഥത്തില്‍ ഇരുത്തിയശേഷം ആണവക്കരാറിന്റെ കഥ പാടിക്കൊണ്ട്‌ ഇടതുപക്ഷം പുറത്തേക്ക്‌ ചാടുകയായിരുന്നു. ഈ കാലയളവില്‍ എട്ടുതവണ ഇന്ധനവില വര്‍ധിപ്പിച്ചു. അവധി വ്യാപാരത്തിനും ഊഹക്കച്ചവടത്തിനും കൂടുതല്‍ വസ്തുക്കള്‍ക്ക്‌ ലൈസന്‍സുകള്‍ നല്‍കി. കാര്‍ഷികമേഖലയില്‍ വന്‍കിടക്കാര്‍ കടന്നുകയറി ഉല്‍പ്പന്നം സ്വകാര്യ ഗോഡൗണുകളില്‍ നിറച്ചശേഷം വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വഴി ജനദ്രോഹം തുടര്‍ന്നിട്ടും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ അരുത്‌ കാട്ടാളാ അരുത്‌ എന്ന്‌ പറഞ്ഞ്‌ പുറത്തേക്ക്‌ ചാടുവാന്‍ കഴിയാതെ പോയി. പാവപ്പെട്ടവര്‍ക്ക്‌ ഒരുവിധമായ പിടിയും ഇന്നും ഇല്ലാത്ത ആണവക്കരാര്‍ ഉടമ്പടിയുടെ പേരിലുള്ള ഒരുകളി! പാര്‍ട്ടിയുടെ നിലപാടുകള്‍ സാധാരണക്കാരുടെ ബുദ്ധിശക്തിയെ വെല്ലുവിളിക്കുംവിധം മാറുന്നതായി തോന്നി. തുടര്‍ന്ന്‌ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ വോട്ടര്‍മാര്‍ കൈവിട്ടു.
കേവലം 16 സീറ്റുമായി അണ്ടികളഞ്ഞ അണ്ണാന്റെ കഥപോലെ സിപിഎം അലയുകയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസും യുപിഎ സഖ്യത്തില്‍നിന്നും പിന്മാറി. ഒടുവില്‍ ഡിഎംകെ അവരുടെ പിന്തുണകൂടി പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍സിംഗ്‌ സോണിയാഗാന്ധി ഭരണം പരിഹാസ്യമായി മാറിയിരിക്കുന്നു. കേവല ഭൂരിപക്ഷത്തിന്‌ 271 വോട്ട്‌ വേണമെന്നിരിക്കെ യുപിഎ സഖ്യത്തില്‍ വെറും 226 വോട്ടുകള്‍ മാത്രമാണുള്ളത്‌. പുറത്തുനിന്നും 54 മെമ്പര്‍മാര്‍ പിന്തുണക്കുന്നു. അപ്പോഴും 280 എന്ന സംഖ്യയില്‍ വന്നുനില്‍ക്കുകയാണ്‌. യുപിയിലെ മായാവതിയും മുലായംസിംഗും പിന്തുണ നല്‍കുന്നതിന്റെ പിന്നിലെ രഹസ്യം പകല്‍പോലെ വ്യക്തമാണ്‌. കണക്കിലും വരവിലും കവിഞ്ഞ സ്വത്ത്‌ ആയിരക്കണക്കിന്‌ കോടികളുടെ കണക്കാണ്‌ സിബിഐ പരിശോധിച്ച കേസ്‌ ആക്കിയതും. പിന്തുണ നല്‍കാതെ വന്നാല്‍ ഭരണം നിലംപൊത്തും. പക്ഷേ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഇല്ലാത്തവിധം കയ്യാലപ്പുറത്ത്‌ വീഴുന്ന തേങ്ങയുടെ കഥപോലെ 67 എംപിമാര്‍ എട്ട്‌ പാര്‍ട്ടികളില്‍ നില്‍ക്കുന്നു. വാസ്തവത്തില്‍ യുപിഎ സഖ്യത്തിന്റെ മരണമണി മുഴങ്ങുന്നതായിട്ടാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ മനസ്സിലാക്കുന്നത്‌. 2004 ലെ യുപിഎ സഖ്യത്തിലുള്ളവര്‍ ഇന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയരംഗം ഒന്നിലേറെ സമസ്യകള്‍ പൂരിപ്പിച്ചുകൊണ്ട്‌ പുതിയ ഒരു വീക്ഷണത്തിലേക്ക്‌ കുതിക്കുകയാണ്‌. രണ്ടാം യുപിഎ സഖ്യത്തില്‍ പാര്‍ട്ടികള്‍ തീരെ ഇല്ലാത്ത ഒരവസ്ഥയാണുള്ളത്‌.
കോണ്‍. 203 എന്‍സിപി 09 ആര്‍എല്‍ഡി 05 നാഷണല്‍ കോണ്‍ഫറന്‍സ്‌ 03 മുസ്ലീംലീഗ്‌ 02 കേരള കോണ്‍ഗ്രസ്‌ 01 ബിപിഎഫ്‌ 01 എഐയുഡിഎഫ്‌ 01
ആകെ 226 പേര്‍ മാത്രം. സഖ്യത്തില്‍ ഏഴ്‌ പാര്‍ട്ടികള്‍. സോണിയാഗാന്ധിയും മന്‍മോഹന്‍സിംഗും ആകെ പരിമ്രത്തിലുമാണ്‌. കേവല ഭൂരിപക്ഷത്തിന്‌ 271 എംപിമാര്‍ വേണമെന്നിരിക്കെ വെറും 226 പേരുടെ സര്‍ക്കാര്‍ ഭരണം നടത്തുന്ന ലജ്ജാവഹമായ കാഴ്ച.
അഴിമതിക്കഥകള്‍ കേട്ട്‌ ജനം ചെവിപൊത്തുകയാണ്‌. ഉത്തരവാദിത്ത ഭരണം ഇല്ലാതെയായി. പുറമേനിന്ന്‌ പിന്തുണ വാഗ്ദാനം ചെയ്യുന്ന കക്ഷികളുടെ പേരിലുള്ള സിബിഐ കേസുകള്‍ ഇപ്പോള്‍ ഈ യുപിഎ സര്‍ക്കാര്‍ ഒരനുഗ്രഹമായി കരുതുന്നു. സിബിഐ എന്ന ചക്രായുധം പ്രധാനമന്ത്രിയുടെ പക്കലാണല്ലോ? ആരുടെ ഗളഛേദം നടത്തുവാനും ഈ ചക്രായുധം ഉപയോഗിക്കും. ഭരണകക്ഷിയില്‍നിന്നും പിന്മാറിയ ഡിഎംകെ മന്ത്രിമാരുടെ കഴുത്തിനുനേരെ ചക്രായുധം പാഞ്ഞെത്തിയത്‌ 24 മണിക്കൂറിനുള്ളിലാണ്‌. കേന്ദ്രഭരണം വെറും പകപോക്കല്‍ ഭരണമായി ലോകം പരിഹസിക്കുകയാണ്‌. പ്രധാനമന്ത്രി ചക്രായുധം തൊടുത്തുവിട്ടില്ലെന്ന്‌ പറയുമ്പോഴും സിബിഐയുടെ കടിഞ്ഞാണും പാവം മന്‍മോഹന്‍സിംഗിന്റെ പക്കലില്ലാതെ പോയോ എന്ന സംശയം ഉയരുകയാണ്‌.
സദാനന്ദന്‍ ചേപ്പാട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.