നീതി നടപ്പാക്കുമ്പോള്‍

Saturday 30 March 2013 10:48 pm IST

സഞ്ജയ്ദത്തിന്റെ ശിക്ഷ സ്ഥിരീകരിക്കുമ്പോള്‍ സുപ്രീംകോടതി നിലവിലുള്ള നിയമത്തിന്റെ എല്ലാതലങ്ങളും കണക്കിലെടുത്തു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കുറ്റവും ശിക്ഷയും തീര്‍ച്ചപ്പെടുത്തുമ്പോള്‍ കോടതിക്ക്‌ മുമ്പിലെത്തുന്ന എല്ലാവരേയും സമന്‍മാരായി കാണുകയാണ്‌ വേണ്ടത്‌. എന്നാല്‍ ഈയടുത്ത ദിവസം പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ കട്ജു സമനിലതെറ്റിയ നിലയിലാണ്‌ സുപ്രീംകോടതിയുടെ ഇതു സംബന്ധിച്ച വിധിയോട്‌ പ്രതികരിച്ചത്‌. സഞ്ജയ്ദത്ത്‌ തന്നെ സുപ്രീം കോടതിയെയും വിധിന്യായത്തേയും മാനിക്കുന്നുവെന്നും താന്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇളവുകള്‍ക്കായി അപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ സുപ്രീം കോടതിയില്‍നിന്നും അടുത്തൂണ്‍ പറ്റിയശേഷം പ്രസ്‌ കൗണ്‍സിലിന്റെ ചെയര്‍മാനായി തീര്‍ന്ന 'മാന്യന്‍' നീതിപീഠത്തിന്റെ അന്തസത്തയെ തള്ളിപ്പറഞ്ഞ്‌ കയ്യടിവാങ്ങാനിറങ്ങി പുറപ്പെട്ടിരിക്കയാണ്‌. സുപ്രീം കോടതി ഒരു ശിക്ഷ സ്ഥിരപ്പെടുത്തുമ്പോള്‍ നല്‍കിയ ശിക്ഷയുടെ കാലദൈര്‍ഘ്യവും വ്യാപ്തിയും കണക്കിലെടുക്കുമെന്ന കാര്യം ഉറപ്പാണ്‌. എന്നാല്‍ പ്രസ്തുത ശിക്ഷ കുറയ്ക്കണമെന്ന മുറവിളിയുമായി മുന്‍ ജഡ്ജി കട്ജു ഇറങ്ങിപ്പുറപ്പെട്ടത്‌ ജനശ്രദ്ധ പിടിച്ചുവാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ്‌.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്‌ ഏത്‌ ശിക്ഷയും കുറവുചെയ്ത്‌ ജയില്‍പ്പുള്ളികളെ മോചിപ്പിക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണ്ണര്‍ക്കും അധികാരമുണ്ട്‌. എന്നാല്‍ സുപ്രീം കോടതി റിട്ടയേര്‍ഡ്‌ ജഡ്ജ്‌ കട്ജു ഈ അടിസ്ഥാനകാര്യത്തില്‍പോലും അദ്ദേഹത്തിന്‌ ശരിയായ അവബോധമില്ലെന്ന്‌ തെളിയിച്ചിരിക്കുന്നു. സഞ്ജയ്ദത്തിന്റെ ശിക്ഷ രാഷ്ട്രപതി പരിഗണിക്കേണ്ട ഇനത്തില്‍പ്പെട്ടതാണ്‌. എന്നാല്‍ അദ്ദേഹം ഗവര്‍ണ്ണര്‍ക്ക്‌ മാപ്പു നല്‍കാവുന്ന വിഭാഗത്തില്‍പ്പെടുന്ന കേസ്സെന്ന നിലയിലാണ്‌ തന്റെ അനവസരത്തിലുള്ള ഇപ്പോഴത്തെ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിട്ടുള്ളത്‌. കാളപ്പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ഇത്തരം നിയമജ്ഞന്മാര്‍ നമുക്കാശ്രയിക്കതക്കവരല്ല. ഇതെല്ലാം കാണുമ്പോള്‍ കട്ജുവിന്റെ വിധിന്യായങ്ങള്‍ പുനര്‍വിചാരണ ചെയ്യപ്പെടേണ്ടവയാണെന്ന്‌ ആരെങ്കിലും വാദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടായെന്ന നീതിശാസ്ത്രം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത്‌ നീതി ക്രൂശിക്കപ്പെടുന്ന എത്രയോ സംഭവങ്ങള്‍ അരങ്ങുതകര്‍ക്കുന്നുണ്ട്‌. ഇന്ത്യയിലെ ഭൂരിപക്ഷം അറസ്റ്റുകളും നിയമവിരുദ്ധമോ അനാവശ്യമോ ആണെന്ന്‌ പോലീസ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സുപ്രീംകോടതി വിധിയിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌. 2011 ഡിസംബര്‍ 9 ന്‌ സുപ്രീം കോടതിയില്‍ അരങ്ങേറിയ ഒരു സംഭവംതന്നെ നമ്മുടെ നീതിവ്യവസ്ഥയെ ഒട്ടാകെ അമ്പരപ്പിച്ചിരിക്കയാണ്‌. പ്രമാദമായ ഒരു കൊലക്കേസ്സില്‍ കൊല്ലപ്പെട്ടയാള്‍ നാട്ടില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന്‌ 11 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ ജയിലില്‍നിന്നും മോചിതരായ കഥയാണിത്‌.
2000 ആഗസ്റ്റ്‌ രണ്ടിന്‌ ഉത്തരപ്രദേശിലെ ത്സാന്‍സി ജില്ലയില്‍ ഭഗവന്‍ദാസ്‌ എന്നൊരാളെ വധിച്ചതിന്റെ പേരിലായിരുന്നു കൊലക്കേസ്സിന്റെ തുടക്കം. സംഭവത്തിന്റെപേരില്‍ രാമേശ്വര്‍ എന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും പിതാവ്‌ മോഹന്‍, അമ്മാവന്‍ ദാല്‍ചന്ദ്‌ എന്നിവരും അറസ്റ്റുചെയ്യപ്പെട്ടു. പോലീസ്‌ ഭാഷ്യമനുസരിച്ച്‌ പ്രതികള്‍ കുറ്റം സമ്മതിക്കുകയും അവരുടെ മൊഴി പ്രകാരം തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഹാജരാക്കപ്പെട്ട പ്രാഥമിക തെളിവുകള്‍ ശക്തമായിരുന്നതിനാല്‍ പ്രതികള്‍ക്ക്‌ കോടതി ജാമ്യം നിഷേധിച്ചു.
ജില്ലാ പോലീസ്‌ സൂപ്രണ്ടിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു കേസ്സന്വേഷണം നടന്നത്‌. കേസ്സ്‌ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചതിനേ തുടര്‍ന്ന്‌ 2003 ഫെബ്രുവരി 10 ന്‌ സെഷന്‍സ്‌ കോടതി മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. ശിക്ഷക്കെതിരേ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട്‌ ഹൈക്കോടതിയും പിന്നീട്‌ വിധി ശരിവെച്ചു. ഒട്ടാകെ 11 കൊല്ലം മൂവരും ശിക്ഷ അനുഭവിച്ചുകൊണ്ട്‌ ജയിലില്‍ കഴിഞ്ഞു. കേസ്സില്‍ പ്രതിയാക്കപ്പെട്ട കുട്ടി മൈനറാണെന്ന കാര്യംപോലും വേണ്ടപ്പോള്‍ ശ്രദ്ധിക്കപ്പെടാതെപോയി.
എന്നാല്‍ 'കൊല്ലപ്പെട്ട' ഭഗവന്‍ദാസ്‌ പൂര്‍ണ്ണ ആരോഗ്യത്തോടെ ഗ്രാമത്തില്‍ തിരിച്ചു വന്നതോടെ കൊലപാതക കഥ കീഴ്മേല്‍ മറിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ സുപ്രീം കോടതി നിയമിച്ച 'അമിക്കസ്സ്ക്യൂരി' കണ്ടെത്തിയവിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ഒരു കുറ്റവും ചെയ്യാത്ത കുടുംബത്തെ കേസില്‍ കുടുക്കി ഇല്ലാതാക്കാന്‍ നാട്ടുപ്രമാണി മെനഞ്ഞെടുത്ത കഥയായിരുന്നുവത്രേ കൊലപാതകം. ഇതിനായി ഭഗവന്‍ദാസിനെ ഭീഷണിപ്പെടുത്തി മാറ്റി നിര്‍ത്തുകയായിരുന്നു. പോലീസ്‌ ഇതിനെല്ലാം കൂട്ടുനില്‍ക്കുകയായിരുന്നു. കൃത്രിമ തെളിവിന്റെ ഭാഗമായി മറ്റൊരു സംഭവത്തില്‍ മരിച്ച ഭഗവതി പ്രസാദ്‌ എന്നയാളിന്റെ മരണ സര്‍ട്ടിഫിക്കറ്റാണ്‌ വിചാരണവേളയില്‍ കോടതിയില്‍ ഹാജരാക്കിയതെന്നും അമികസ്ക്യൂരി മനോഹര്‍സിംഗ്‌ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കയാണ്‌. വിചാരണ കോടതിയും ഹൈക്കോടതിയും പോലീസിനെ വിശ്വസിച്ചുകൊണ്ട്‌ കേസ്സില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സുപ്രീം കോടതി ഉത്തരവിട്ടുകഴിഞ്ഞു. പതിനൊന്ന്‌ വര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്നതിന്റെപേരില്‍ പീഡിതര്‍ക്ക്‌ നഷ്ടപരിഹാരത്തുക നല്‍കാന്‍ നീതിപീഠത്തിന്‌ കഴിഞ്ഞേക്കാം. വ്യവസ്ഥാപിത നിയമക്രമത്തിന്‌ അതിനപ്പുറം മറ്റൊന്നും ചെയ്യാനില്ല എന്നതാണ്‌ ഏറ്റവും വലിയ പോരായ്മ. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ എന്ന അടിസ്ഥാന നിയമ സങ്കല്‍പ്പമിവിടെ തകരുകയാണ്‌. പോലീസ്‌ പറയുന്നതെന്തും വേദവാക്യമായി അംഗീകരിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നത്‌ ഗുണകരമല്ലെന്നും നീതിസമ്പ്രദായത്തിനുതന്നെ ദോഷം ചെയ്യുമെന്നുള്ള ഗുണപാഠം 'ത്സാന്‍സി കേസ്സ്‌' വിളിച്ചോതുന്നു. കുറ്റം തെളിയിക്കുന്നതുവരെ പ്രതി നിരപരാധിയാണെന്ന നിഗമനം കോടതി സ്വീകരിക്കണമെന്ന കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്താലുണ്ടാകുന്ന ദുരന്തഫലം കൂടിയായി ഈ കേസ്സിനെ കണക്കാക്കാവുന്നതാണ്‌.
അലഹബാദ്‌ ഹൈക്കോടതിയിലെ പ്രമുഖ ജഡ്ജിയായിരുന്ന ജസ്റ്റിസ്‌ നാര്‍വാഷ്‌, ആഗ്ലോ, സാക്സോണ്‍ നിയമം നിലനില്‍ക്കുന്ന രാജ്യങ്ങളെ താരതമ്യപ്പെടുത്തി ഇപ്രകാരം എഴുതിയിട്ടുണ്ട്‌. "ഇംഗ്ലീഷ്‌ കുറ്റാന്വേഷകന്‍ ലഭ്യമായ തെളിവുകളുമായി സത്യാന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുമ്പോള്‍, ഇന്ത്യന്‍ കുറ്റാന്വേഷകന്‍ പ്രതിയുമായി കേസ്സന്വേഷണം തുടങ്ങുകയും പിന്നീട്‌ തെളിവുകള്‍ പടച്ചുണ്ടാക്കുകയുമാണ്‌ ചെയ്യുന്നത്‌." മൂന്നാം മുറയ്ക്കു മുനയൊടിഞ്ഞിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ കുറ്റാന്വേഷണ ഏജന്‍സി കുറ്റാരോപിതന്‌ ശിക്ഷ നേടികൊടുക്കാന്‍ ഏതു ഹീനമാര്‍ഗങ്ങളും അവലംബിക്കുമെന്ന സത്യം നീതിപീഠങ്ങള്‍പോലും ചിലപ്പോഴൊക്കെ വിസ്മരിക്കുന്നു എന്നതാണ്‌ ദു:ഖസത്യം.
പോലീസിനെ ആധികാരികമായി പഠിച്ച ദേശീയ പോലീസ്‌ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ "ഇന്ത്യയില്‍ നടക്കുന്ന 60 ശതമാനം അറസ്റ്റുകളും നിയമവിരുദ്ധമോ അനാവശ്യമോ ആണെന്നും ഇത്‌ അഴിമതിയുടെ സ്രോതസ്സാണെന്നും" റിപ്പോര്‍ട്ട്‌ നല്‍കിയത്‌ 1994 ല്‍ യോഗീന്ദര്‍സിംഗ്‌ കേസ്സില്‍ സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുള്ളതാണ്‌. എന്നാല്‍ പോലീസിനെ രാഷ്ട്രീയ നുകത്തിന്‍കീഴില്‍നിന്നും സ്വതന്ത്രമാക്കണമെന്ന പോലീസ്‌ കമ്മീഷന്റെ ശുപാര്‍ശ ഇപ്പോഴും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ഇതു സംബന്ധിച്ച്‌ 2006 ല്‍ പ്രകാശ്സിംഗ്‌ കേസ്സില്‍ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനംപോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കാതെ സമര്‍ത്ഥമായി നീട്ടികൊണ്ടുപോകുന്ന സ്ഥിതിയാണിവിടുള്ളത്‌.
കുറ്റാന്വേഷകന്‍ സത്യത്തെ അട്ടിമറിക്കുന്നതുമൂലം നീതിദേവത നിറമിഴികളോടെ വീര്‍പ്പുമുട്ടിയ നിരവധി സന്ദര്‍ഭങ്ങള്‍ക്കു സാക്ഷിയാകേണ്ടിവന്ന നാടാണ്‌ കേരളം. ഐഎസ്‌ആര്‍ഒ ചാരക്കേസ്സ്‌, മാടത്തരുവികൊലക്കേസ്സ്‌, തൊടിയൂരിലെ സുനില്‍വധം, പാലക്കാട്ടെ മാധവനാശാരിവധം, പാനൂരിലെ സോമന്‍ കേസ്സ്‌ തുടങ്ങി കുറ്റാന്വേഷണത്തിന്റെ ദുരന്തങ്ങള്‍ വേട്ടയാടുന്ന എത്രയോ കേസ്സുകള്‍ യാതൊരുവിധ മേല്‍നടപടികളുമില്ലാതിവിടെ വിസ്മൃതിയുടെ പുറമ്പോക്കിലേക്ക്‌ തള്ളപ്പെട്ടിരിക്കുന്നു. "നാലുരാവും നാലുപകലും ഇരുപതോളം പോലീസുകാരുടെ മുന്നില്‍ നഗ്നയോ അര്‍ദ്ധനഗ്നയോ ആക്കിനിര്‍ത്തി ഭീകരമായി മര്‍ദ്ദിച്ച്‌ കുറ്റസമ്മതം നടത്തിപ്പിച്ചു" എന്നാണ്‌ ചാരക്കേസ്സിലെ പ്രതി മാലിക്കാരി മറിയംറഷീദ ജയില്‍മോചിതയായശേഷം പുറം ലോകത്തോട്‌ പറഞ്ഞത്‌. പക്ഷേ ചാരക്കേസ്സുതന്നെ വ്യാജമാണെന്ന്‌ തെളിഞ്ഞിട്ടും ഇവിടെ ഒന്നും സംഭവിച്ചില്ല. മൂന്നാംമുറ പാടില്ലെന്ന്‌ ഉറക്കെ ഉറപ്പിച്ചുപറയുന്ന കേരളത്തിലാണ്‌ ആലപ്പുഴയിലെ ഒരു വിവാദ കേസ്സില്‍ 'എസ്‌ കത്തി' വിവാദമുണ്ടായത്‌. പ്രതിയെക്കൊണ്ട്‌ കത്തികണ്ടെടുക്കല്‍ കൃത്രിമമായുണ്ടാക്കി തെളിവാക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട്‌ പോലീസ്സും ആഭ്യന്തര വകുപ്പ്‌ കയ്യാളുന്ന കക്ഷിയുടെ നേതാവും പരസ്യമായി രംഗത്തു വന്നിട്ടും പ്രതികരണമുണ്ടാവാത്ത നാടാണ്‌. കേരളം !
മുന്‍ സുപ്രീം കോടതി ജഡ്ജി കെ.ടി. തോമസ്‌ തന്റെ ആത്മകഥയായ 'സോളമന്റെ തേനീച്ചകളില്‍' പാനൂര്‍ സോമന്‍ കേസ്സ്‌ സംബന്ധിച്ച്‌ ഒരദ്ധ്യായം തന്നെ എഴുതിയിട്ടുണ്ട്‌. വിചാരണ കോടതി നാലുപ്രതികള്‍ക്ക്‌ ജീവപര്യന്തം തടവു വിധിച്ച പ്രസ്തുത കേസ്സില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി അപ്പീല്‍ അനുവദിച്ചപ്പോള്‍ ഇതര ജഡ്ജി ശിക്ഷ ശരിവെയ്ക്കുകയും ഒരു പ്രതിയുടെ ശിക്ഷ വധശിക്ഷയായി വര്‍ദ്ധിപ്പിക്കുകയും വിട്ടയച്ച പ്രതികളെ കൂടി ശിക്ഷിക്കുകയും ചെയ്തിരുന്നു. ഡിവിഷന്‍ ബെഞ്ച്‌ വിരുദ്ധ വിധി നല്‍കിയതിനാല്‍ ജസ്റ്റിസ്‌ തോമസ്സിന്റെ നേതൃത്വത്തിലുള്ള ഫുള്‍ ബെഞ്ച്‌ കേസ്സ്‌ വീണ്ടും കേള്‍ക്കുകയും സംശയത്തിന്റെ ആനുകൂല്യം നല്‍കി മൊത്തം പ്രതികളെയും വിട്ടയക്കുകയുമാണുണ്ടായത്‌. വിധിപ്രഖ്യാപനത്തിനുശേഷം ഒരു ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ വെച്ച്‌ പ്രതിഭാഗം അഭിഭാഷകനും പ്രോസിക്യൂട്ടറും സോമന്‍ ആത്മഹത്യ ചെയ്തതാണെന്ന്‌ പറഞ്ഞകാര്യം അദ്ദേഹം ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്‌. കൂടാതെ തനിക്ക്‌ വിശ്വാസമുള്ള കണ്ണൂരിലെ ഒരു ജഡ്ജി "ആത്മഹത്യാ സിദ്ധാന്തം" സാധൂകരിച്ചുകൊണ്ടുള്ള തന്റെ സ്വന്തം അനുഭവം കൈമാറിയതും അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്‌.
യഥാര്‍ത്ഥ വസ്തുതകള്‍ ഇതായിരിക്കേ കേസ്സന്വേഷിച്ച സി.ബി.ഐ. ശിക്ഷിപ്പിക്കാനായി നീതിയെ കബളിപ്പിച്ചുവെന്നും വധശിക്ഷ വിധിച്ച ന്യായാധിപന്‌ അടിസ്ഥാനപരമായി തെറ്റുപറ്റിയെന്നുമല്ലേ കരുതേണ്ടത്‌. ജസ്റ്റിസ്‌ തോമസ്‌ "പ്രതികള്‍ കുറ്റക്കാരെന്ന്‌ തീരുമാനിച്ച്‌ ഒരു വിധി ഞാന്‍ പ്രഖ്യാപിക്കേണ്ടി വന്നതിനുശേഷമാണ്‌ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം അറിയാനിടയായിരുന്നതെങ്കില്‍, ഞാന്‍ ജഡ്ജിപദത്തില്‍ തുടരുകയില്ലായിരുന്നു" എന്ന്‌ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്‌. എന്നാല്‍ ഈ സത്യാവസ്ഥയറിഞ്ഞിട്ടും സിബിഐയോ ഏതെങ്കിലും ന്യായാധിപന്‍മാരോ ഖേദിച്ചതായി അറിയില്ല.
കൊലക്കേസ്സ്‌ വിചാരണയ്ക്കുശേഷം 'കൊല്ലപ്പെട്ടയാള്‍' തിരിച്ചെത്തിയ കേസ്സ്‌ കേരളത്തിലുമുണ്ടായിട്ടുണ്ട്‌. ഇത്തരമൊരു കേസ്സാണ്‌ പാലക്കാട്‌ സെഷന്‍സ്‌ കോടതി വിചാരണ നടത്തിയ മാധവനാശ്ശാരി കേസ്സ്‌. കേസ്സ്‌ പരിഗണിച്ച ജസ്റ്റിസ്‌ യു.എല്‍.ഭട്ട്‌ തന്റെ ജീവചരിത്രത്തില്‍ ഈ കേസ്സിനെകുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. മാധവനാശ്ശാരിയെ തല്ലിക്കൊന്നു കാട്ടിനകത്തെ കൊല്ലിയില്‍ തള്ളിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കുറ്റപത്രം. തല്ലുന്നതും കൊണ്ടുപോകുന്നതും കണ്ട സാക്ഷികളും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. "കൊല്ലപ്പെട്ടയാളിന്റെ" അരഞ്ഞാണ്‍ സംഭവസ്ഥലത്തുനിന്നും തൊണ്ടിയായി കണ്ടെടുക്കുകയും പണിത തട്ടാനെകൊണ്ട്‌ തിരിച്ചറിഞ്ഞ്‌ കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിവാക്കുകയും ചെയ്തിരുന്നു. കേസ്സിന്റെ വിചാരണയ്ക്കുശേഷം മാധവനാശ്ശാരി നാട്ടില്‍ തിരിച്ചെത്തിയത്രേ. നീതിയുടെ കാല്‍ക്കല്‍ നിറമിഴിയോടെ നില്‍ക്കുന്നവര്‍ക്ക്‌ നീതി ലഭിക്കുമെന്നുറപ്പിക്കയാണ്‌ ജുഡീഷ്യറിയുടെ പ്രാഥമിക കടമ.
പ്രോസിക്യൂഷനും പ്രതിഭാഗത്തിനും തുല്യപരിഗണനയാണ്‌ നിയമം നല്‍കുന്നത്‌. പക്ഷേ കുറ്റം തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനും സംശയത്തിന്റെ ആനുകൂല്യത്തിനുള്ള അര്‍ഹത പ്രതിക്കുമുള്ളതാണ്‌. പക്ഷേ പലപ്പോഴും സ്ഥിതി മറിച്ചാകുന്നുവോ എന്നതാണ്‌ ഈ ലേഖകന്റെ അനുഭവം. ജനാധിപത്യ സംവിധാനത്തില്‍ നീതിപീഠങ്ങളുടെ പങ്ക്‌ പരമോന്നതമാണ്‌. ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പു നല്‍കുന്ന സംരക്ഷണ ഭരണകൂടവും പോലീസുമൊക്കെ തടയുമ്പോള്‍ ജനങ്ങള്‍ക്ക്‌ നീതി വാങ്ങികൊടുക്കേണ്ട സ്ഥാപനങ്ങള്‍ കൂടിയാണ്‌ കോടതികള്‍. നിയമാധിഷ്ഠിത നീതി ക്രൂശിക്കപ്പെടാതിരിക്കണമെന്നുറപ്പുവരുത്താന്‍ കാര്യക്ഷമമായ പങ്കു വഹിക്കേണ്ടത്‌ ജുഡീഷ്യറി തന്നെയാണ്‌.
അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.