കോണ്‍ഗ്രസ്‌- എസ്പി ബന്ധം ഉലയുന്നു

Saturday 30 March 2013 11:30 pm IST

ലക്നൗ/ന്യൂദല്‍ഹി: ഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ യുപിഎ സര്‍ക്കാരിന്റെ തലവേദനയേറ്റി കോണ്‍ഗ്രസ്‌- സമാജ്‌വാദ്‌ പാര്‍ട്ടി ബന്ധം ആടിയുലയുന്നു.
എസ്പിക്കെതിരേ കേന്ദ്രമന്ത്രി ബേനി പ്രസാദ്‌ വര്‍മ വിമര്‍ശന ശരവര്‍ഷം തുടര്‍ന്നു. അതിനു പ്രതികരണമെന്നോണം മുലായം സിങ്‌ യാദവിനു പിന്നാലെ അദ്ദേഹത്തിന്റെ മകനും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവും കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രസ്താവനകളുമായി രംഗത്തെത്തി. ബേനിയുടെ വാക്കുകള്‍ കോണ്‍ഗ്രസിനെ കഷ്ടത്തിലാക്കുമെന്നാണ്‌ എസ്പി നേതൃത്വത്തിന്റെ മുന്നറിയിപ്പ്‌. മന്ത്രി രാജിവയ്ക്കണമെന്നും അവര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. യുപിഎയെ നയിക്കുന്ന കോണ്‍ഗ്രസും പുറത്തു നിന്നു പിന്തുണയ്ക്കുന്ന പ്രമുഖ കക്ഷിയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ പോക്ക്‌ ഈ നിലയ്ക്കായാല്‍ രാജ്യം താമസിയാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരുമെന്നുരാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പോടെ മുലായത്തിന്റെ പാര്‍ട്ടിയുടെ ശവസംസ്കാരം നടക്കുമെന്ന ബേനി പ്രസാദിന്റെ പ്രസ്താവനയാണ്‌ വാക്പോരിന്റെ ചൂടേറ്റിയത്‌. തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന്‌ ഉത്തരമായി ബേനി ഇങ്ങനെ പറഞ്ഞു, ഉത്തര്‍ പ്രദേശിലെ 80 ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ മത്സരിക്കും. നാല്‍പ്പതിടത്തു ജയിക്കും. മായാവതിയുടെ പാര്‍ട്ടിക്ക്‌ 36 സീറ്റ്‌ ലഭിക്കും. എസ്പി നാലു സീറ്റില്‍ ഒതുങ്ങും. അതോടെ അവരുടെ ശവമടക്കും കാണാം.
ബേനിയുടെ അഭിപ്രായ പ്രകടനത്തില്‍ പ്രതിഷേധിച്ച്‌ സമാജ്‌വാദി പാര്‍ട്ടി നേതൃത്വം ഉടന്‍ രംഗത്തെത്തി. അടിസ്ഥാന രഹിതമായ പ്രസ്താവനകളില്‍ നിന്ന്‌ ബേനി പിന്മാറിയില്ലെങ്കില്‍ കോണ്‍ഗ്രസിനത്‌ തിരിച്ചടിയാകുമെന്ന്‌ അവര്‍ തുറന്നടിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എസ്പി ടിക്കറ്റില്‍ മത്സരിച്ച മകന്‍ രാകേഷിനേറ്റ ഇരട്ടത്തോല്‍വികളാണ്‌ ബേനിയെ വിടുവായത്തം പറയാന്‍ പ്രേരിപ്പിച്ചതെന്ന്‌ പാര്‍ട്ടി ദേശീയ വക്താവ്‌ റാം ഗോപാല്‍ യാദവ്‌ പറഞ്ഞു. അയോധ്യ നിയമസഭാമണ്ഡലത്തില്‍ മത്സരിച്ച വര്‍മ വെറും 400 വോട്ടുമായി നാണംകെട്ടെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത്തരത്തിലൊരാളെ മന്ത്രിയാക്കിയത്‌ നിര്‍ഭാഗ്യകരമാണെന്ന്‌ എസ്പി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ രാം ഖുഷ്‌വാഹ പറഞ്ഞു.
പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത നഷ്ടങ്ങളുണ്ടാവുമെന്ന അഖിലേഷ്‌ യാദവിന്റെ വിലയിരുത്തലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. കോണ്‍ഗ്രസിന്റെ താത്പര്യങ്ങള്‍ക്കു വഴങ്ങാത്തവര്‍ക്കെതിരെ സിബിഐയെ ഉപയോഗിച്ച്‌ കുറ്റംചാര്‍ത്തുകയാണെന്ന്‌ അഖിലേഷ്‌ ആരോപിച്ചു. രാജ്യമെങ്ങും പടരുന്ന അതൃപ്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിലംപൊത്തിക്കുമെന്നും അഖിലേഷ്‌ വ്യക്തമാക്കി.
നേരത്തെ മുലായവും കോണ്‍ഗ്രസിനു നേര്‍ക്കു തിരിഞ്ഞിരുന്നു. ഭീഷണിയിലൂടെ പിന്തുണ ഉറപ്പിക്കുന്നതാണ്‌ കോണ്‍ഗ്രസിന്റെ തന്ത്രം. അപകട ഘട്ടത്തിലൊക്കെ ഞാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്‌. എന്നാല്‍ അവര്‍ സിബിഐയെ എന്റെ പിന്നാലെ പറഞ്ഞു വിടുന്നു, മുലായം കുറ്റപ്പെടുത്തി. ഡിഎംകെ സഖ്യം വിട്ടതോടെ, 22എംപിമാരുള്ള എസ്പിയുടെ പിന്തുണ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണ്‌. എന്നാല്‍ മുലായത്തിനു ഭീകരബന്ധമുണ്ടെന്നതടക്കമുള്ള ബേനിയുടെ ആരോപണങ്ങള്‍ എസ്പി നേതൃത്വത്തിന്റെ ക്ഷമ പരീക്ഷിച്ചുകഴിഞ്ഞു. ബേനി ഖേദം പ്രകടിപ്പിച്ചെങ്കിലും എസ്പി അണികള്‍ തൃപ്തരായിരുന്നില്ല. അതിനിടെയാണ്‌ കോണ്‍ഗ്രസിന്റെ മന്ത്രി പുംഗവന്‍ പുതിയ അങ്കത്തിനു തുടക്കമിട്ടിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.