യുപിഎയെ പുറത്തുനിന്ന്‌ പിന്തുണയ്ക്കുന്നില്ല: കരുണാനിധി

Saturday 30 March 2013 11:30 pm IST

ചെന്നൈ: യുപിഎ സര്‍ക്കാരിനെ തന്റെ പാര്‍ട്ടി പുറത്തുനിന്നു പിന്തുണയ്ക്കുകയാണെന്ന ആരോപണം ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി നിഷേധിച്ചു.
ശ്രീലങ്കയിലെ തമിഴ്‌ വംശജര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നിലപാടെടുക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച്‌, യുപിഎയുമായുള്ള ഒമ്പത്‌ വര്‍ഷം നീണ്ട സഖ്യം മാര്‍ച്ച്‌ 19ന്‌ ഡിഎംകെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ തമിഴ്‌ ജനതയെ വഞ്ചിച്ച കരുണാനിധിയുടെ പാര്‍ട്ടി യുപിഎയ്ക്ക്‌ രഹസ്യ പിന്തുണ തുടരുന്നെന്ന്‌ ആക്ഷേപമുയര്‍ന്നു. കേന്ദ്രസര്‍ക്കാരിനെ മറിച്ചിടാനില്ലെന്ന്‌ ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ പാര്‍ട്ടി യോഗത്തിനിടെ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്‍പഴകന്റെ അഭിപ്രായപ്രകടനം സംബന്ധിച്ച്‌ കരുണാനിധി പ്രസ്താവന നടത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട്‌ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ ജയലളിത രംഗത്തെത്തി. ഈ സാഹചര്യത്തിലായിരുന്നു കരുണാനിധിയുടെ വിശദീകരണം.
കേന്ദ്രത്തില്‍ ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും തമിഴ്‌ ഈഴം എന്ന ആവശ്യത്തെ അംഗീകരിക്കണമെന്നതാണ്‌ ഡിഎംകെയുടെ നിലപാട്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തിലെ ഭരണത്തെ പിന്തുണയ്ക്കില്ലെന്നു 19ന്‌ തന്നെ വ്യക്തമാക്കിയിരുന്നു, കരുണാനിധി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.