അഴിമതിയില്‍ മുങ്ങി വയനാട്ടിലെ കാര്‍ഷിക ഗ്രാമവികസന ബാങ്ക്

Sunday 31 March 2013 5:08 pm IST

മാനന്തവാടി: വയനാട്ടിലെ പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ വന്‍ അഴിമതി നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് ബാങ്കില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഭരണസമിതിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പും ക്രമക്കേടുകളും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. ബിനാമി പേരില്‍ ബാങ്കിലെ 14 ജീവനക്കാര്‍ കാര്‍ഷിക വായ്പ എടുത്ത് കടാശ്വാസത്തിന്റെ ആനുകൂല്യം നേടിയതിലൂടെ കുപ്രസിദ്ധി നേടിയ ബാങ്കില്‍ തുടര്‍ച്ചയായി നടന്ന അഴിമതിയെ കുറിച്ചാണ് റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗവും. ഭരണസമിതിക്കെതിരെയുള്ള പരാതികളും വഴിവിട്ട നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളുമെല്ലാം 40 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ബാങ്കിലെ ക്രമക്കോട് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാനും സഹകരണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കിലെ അഴിമതിയെക്കുറിച്ച് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകളാണ് ഇക്കാലയളവില്‍ പുറത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.