എല്ലാം ഇറ്റലിക്കുവേണ്ടി

Sunday 31 March 2013 11:00 pm IST

രാഷ്ട്രീയ ലക്ഷ്യത്തോടെ സിബിഐയെ ഉപയോഗപ്പെടുത്തുന്നതില്‍ അതിസാമര്‍ത്ഥ്യമാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. പ്രതിയോഗികളെ നിലംപരിശാക്കാനും ഭരണം നിലനിര്‍ത്താനും യുപിഎ സര്‍ക്കാര്‍ പലതവണ സിബിഐയെ ഉപയോഗപ്പെടുത്തിയതാണ്‌ ചരിത്രം. അധികാരം ദുര്‍വിനിയോഗം ചെയ്ത്‌ തന്‍കാര്യം നേടുന്ന വൃത്തികെട്ട സമീപനം സ്വീകരിക്കുന്നതില്‍ തെല്ലും മനസാക്ഷിക്കുത്തില്ലാത്ത കോണ്‍ഗ്രസ്‌ ഇതാ മറ്റൊരു അന്വേഷണ ഏജന്‍സിയെയും ചട്ടുകമാക്കുകയാണ്‌. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യെയാണ്‌ ഇറ്റാലിയന്‍ താല്‍പര്യത്തിനായി ദുര്‍വിനിയോഗം ചെയ്യാന്‍ ശ്രമിക്കുന്നത്‌. കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നതാണ്‌ കേസ്‌. ഇറ്റാലിയന്‍ നാവികരാണ്‌ പ്രതികള്‍. പ്രതികളെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ എല്ലാ ശ്രമവും ശ്രദ്ധയും വയ്ക്കുന്നതെന്നറിയുമ്പോഴാണ്‌ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എത്തിപ്പെട്ട ഗതികേട്‌ വ്യക്തമാകുന്നത്‌. ദേശീയ അന്വേഷണ ഏജന്‍സി ഭീകരബന്ധമുള്ള കേസുകളന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ്‌.
അവരെയാണ്‌ ഇനി കടല്‍ കൊലക്കേസിന്റെ തുടരന്വേഷണം ഏല്‍പ്പിക്കാന്‍ പോകുന്നത്‌. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ ആവശ്യം കേസ്‌ പരിഗണിക്കുന്ന ചൊവ്വാഴ്ച്ച സുപ്രീം കോടതിയെ അറിയിക്കുവാന്‍ പോകുകയാണ്‌. കേസിന്റെ അന്വേഷണം കേരള പൊലീസ്‌ പൂര്‍ത്തിയാക്കിയിരിക്കെ കേന്ദ്ര ഏജന്‍സിയെ കൊണ്ട്‌ തുടരന്വേഷണം നടത്തിക്കുന്നത്‌ എന്തിനാണെന്ന്‌ വ്യക്തമാണ്‌. ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വിചാരണ ഉറപ്പാക്കുകയാണ്‌ ലക്ഷ്യമെന്നാണ്‌ കേസ്‌ എന്‍ഐഎയ്ക്ക്‌ കൈമാറുന്നതിന്റെ കാരണമായിട്ട്‌ കേന്ദ്ര ആഭ്യന്തര-നിയമ മന്ത്രാലയങ്ങള്‍ അവകാശപ്പെടുന്നത്‌.
ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍ കേസിനെ പ്രതികൂലമായി ബാധിക്കാനിടയുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്‌. ഭീകരവാദത്തിന്റെ ഒരു സ്വഭാവവുമില്ലാത്ത മല്‍സ്യത്തൊഴിലാളികളെ കൊന്ന കേസ്‌ എന്‍ഐഎക്ക്‌ വിടുന്നതിന്റെ ഒൌ‍ചിത്യം നിരവധി സംശയങ്ങളാണ്‌ ഉയര്‍ത്തുന്നത്‌. ഇത്തരത്തിലുള്ളൊരു ഏജന്‍സി കേസില്‍ ഇടപെട്ടാല്‍ കേസിന്റെ തലം തന്നെ മാറിപ്പോകും. നാവികരെ കുറ്റക്കാരായി കണ്ടാല്‍ പോലും ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍ ഭാവിയില്‍ കോടതി എങ്ങനെ വ്യാഖ്യാനിക്കുമെന്ന കാര്യത്തിലും ആശങ്കയുണ്ട്‌. പ്രത്യേക കോടതി രൂപീകരണത്തിന്റെ അന്തിമ നടപടി പൂര്‍ത്തിയാകാനിരിക്കെയാണ്‌ വിവാദമായ തീരുമാനമുണ്ടായിരിക്കുന്നത്‌. ദല്‍ഹിയില്‍ പ്രത്യേക കോടതി രൂപവത്കരിക്കുന്നതിനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ നിയമമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്‌. പ്രത്യേക കോടതി പ്രവര്‍ത്തനമാരംഭിച്ചാല്‍ സുപ്രീം കോടതി ഉത്തരവ്‌ പ്രകാരം ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്നതിനുള്ള ഇന്ത്യയുടെ അവകാശത്തെക്കുറിച്ചുള്ള തര്‍ക്കമാകും ആദ്യം പരിഗണിക്കപ്പെടുക. വിചാരണ ഇന്ത്യയില്‍ നടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ കേന്ദ്രം കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്‌. പ്രോസിക്യൂട്ട്‌ ചെയ്യുന്നതിനുള്ള ഇന്ത്യയുടെ അധികാരം തീരുമാനിച്ച ശേഷമേ കേസിന്റെ പ്രാരംഭ വിചാരണയിലേക്ക്‌ നീങ്ങുകയുള്ളു. ഇതിന്‌ പരമാവധി രണ്ടാഴ്ച്ചത്തെ സമയം മാത്രമേ എടുക്കൂ. എന്നാല്‍ കേസിലെ പുതിയ അന്വേഷണ പ്രഖ്യാപനം കേസിന്റെ വിചാരണ നീട്ടാനാണ്‌ വഴിതെളിക്കുക.
ഒരു ഏജന്‍സി അന്വേഷിച്ച കേസ്‌ മറ്റൊരു ഏജന്‍സിക്ക്‌ വിട്ടാല്‍ പ്രതികള്‍ക്ക്‌ സഹായകമാകുമെന്ന ന്യായം നിരത്തുന്നവരാണ്‌ കോണ്‍ഗ്രസ്സുകാര്‍. എട്ട്‌ മത്സ്യത്തൊഴിലാളികളെ നിഷ്ഠൂരമായി വെട്ടിനുറുക്കി കൊന്ന മാറാട്‌ സംഭവം സിബിഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പറഞ്ഞ ന്യായം അതാണ്‌. ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടരുമ്പോള്‍ സിബിഐക്ക്‌ വിട്ടാല്‍ ആകെ അട്ടിമറിക്കപ്പെടുമെന്നാണ്‌ ആവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ ഇറ്റലിക്കാരായ പ്രതികളുടെ കാര്യത്തില്‍ എല്ലാം തകിടം മറിഞ്ഞു.
പ്രതികള്‍ക്ക്‌ പൂര്‍ണ പൗരാവകാശം ഉറപ്പാക്കി. ജയിലില്‍ കിടക്കേണ്ടവരുടെ സുഖവാസം എമ്പസിയില്‍. ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടുന്നതുപോലും ഒഴിവാക്കിക്കൊടുത്തു. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാലും ഇറ്റലിയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതി. ഒരു കാരണവശാലും മേലുനോവുന്ന ശിക്ഷയൊന്നും നല്‍കില്ലെന്ന്‌ ഇറ്റലിക്ക്‌ ഉറപ്പും നല്‍കി. ആ ഉറപ്പുപാലിക്കാനായാണ്‌ ഇപ്പോള്‍ അന്വേഷണ ഏജന്‍സിയെ മാറ്റിമറിക്കാനും തീരുമാനിച്ചത്‌. കേരള സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടതും അവകാശപ്പെട്ടതുമെല്ലാം ഒറ്റയടിക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നു. സായിപ്പിന്റെ മുന്നില്‍ മുട്ടിട്ടിക്കുന്ന അവസ്ഥയിലാണ്‌ രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചത്‌. യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സിയെയല്ല നീതിന്യായ വ്യവസ്ഥിതിയെയാണ്‌ തകിടം മറിച്ചിട്ടുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.