പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ അന്തരിച്ചു

Sunday 31 March 2013 11:36 pm IST

കോട്ടയം: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ (കെ. രാമവര്‍മ്മ തിരുമുല്‍പാട്‌- 87) അന്തരിച്ചു. വാര്‍ദ്ധക്യത്തിലും വിശ്രമമില്ലാതെ എഴുത്തിലും വായനയിലും മുഴുകിയിരിക്കുന്നതിനിടെയാണ്‌ ഹൃദയസംബന്ധമായ അസുഖമുണ്ടായത്‌. തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന്‌ രാവിലെ ഒന്‍പതു മുതല്‍ 12 വരെ സിഎംഎസ്‌ കോളജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്കുശേഷം മൂന്നുമണിക്കു സി.എം.എസ്‌ കോളജ്‌ റോഡിലെ ശ്രീനിലയം വീട്ടുവളപ്പില്‍ നടക്കും.
1952 മുതല്‍ 1986 വരെ കോട്ടയം സിഎംഎസ്‌ കോളജില്‍ അധ്യാപകനും, 1960 മുതല്‍ മലയാളം വകുപ്പ്‌ മേധാവിയായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ ആദ്യത്തെ ഡയറക്ടര്‍ ഇന്‍ ചാര്‍ജും മലയാളം പ്രൊഫസറുമായിരുന്നു. ആറു പതിറ്റാണ്ടിലേറെയായി സാംസ്കാരികരംഗത്ത്‌ സജീവമായിരുന്ന അമ്പലപ്പുഴ രാമവര്‍മ്മ 40 വര്‍ഷത്തോളം അധ്യാപക ജീവിതം നയിച്ചു. കിടങ്ങൂര്‍ വടവാമന ഇല്ലത്ത്‌ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയകോവിലകത്ത്‌ അംബികയുടെയും മകനായി 1926 ഡിസംബര്‍ 10നു ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നു ബി.എയും (മലയാളവും സംസ്കൃതവും) എംഎയും (മലയാളം) പൂര്‍ത്തിയാക്കി.
കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി, കേരള സാംസ്കാരിക വകുപ്പ്‌ പ്രസിദ്ധീകരണ വിഭാഗം എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്‌. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ എക്സിക്യൂട്ടീവ്‌ ചെയര്‍മാനായിരുന്നിട്ടുണ്ട്‌. 1993ല്‍ കഥകളിക്കുള്ള എം.കെ.കെ നായര്‍ അവാര്‍ഡ്‌ ലഭിച്ചു. 2004 ല്‍ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും 2006ല്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ പുരസ്കാരവും, 2007ല്‍ പ്രൊഫ.എസ്‌. ഗുപ്തന്‍നായര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. കലാമണ്ഡലം കഥകളി ഗ്രൂപ്പിന്റെ മേല്‍നോട്ടം വഹിച്ച്‌ 1986ല്‍ പശ്ചിമ ജര്‍മ്മനിയില്‍ നടന്ന അന്താരാഷ്ട്ര കലാമേളയില്‍ പങ്കെടുക്കുകയുണ്ടായി.
കവിതകള്‍, ബാലസാഹിത്യം, ആദ്ധ്യാത്മികം, പഠനം, ഉപന്യാസങ്ങള്‍ ആസ്വാദനം എന്നിവയിലായി നവരശ്മി, സാഹിതീസൗരഭം, കഥകളിനിരൂപണം, മുരളികണ്ടകഥകളി,വീണപൂവ്‌-വ്യാഖ്യാനം, സ്വപ്നവാസവദ ത്തം-വിവര്‍ത്തനം, കല്യാണസൗഗന്ധികം, ശീതങ്കല്‍ തുള്ളല്‍-ആമുഖവും വ്യാഖ്യാനവും, ഭാഷാ നൈഷധം ചമ്പു-പഠനം, തെരഞ്ഞെടുത്ത സുഭാഷിതങ്ങള്‍, കേരളത്തിലെ പ്രാചീനകലകള്‍, കവിപൂജയും കാവ്യാസ്വാദനവും, സ്മൃതിമണ്ഡപം, സുഭാഷിത മഞ്ജരി, പ്രബന്ധമഞ്ജൂഷ തുടങ്ങി നാല്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി, ഭാരതീയ നൃത്യകലാലയം എന്നിവയുടെ പ്രസിഡന്റ്‌, ഗുരു ഗോപിനാഥ്‌ ട്രസ്റ്റിന്റെ വൈസ്പ്രസിഡന്റും അഖില കേരള തുള്ളല്‍ കലാസമിതിയുടെ രക്ഷാധികാരി, അമ്പലപ്പുഴ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകസമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: കൃഷ്ണപുരം കുറ്റിയില്‍ കോവിലകത്ത്‌ പരേതയായ സതീഭായി. മക്കള്‍: രമണീഭായി (ധനലക്ഷ്മി ബാങ്ക്‌, ചേര്‍ത്തല), രാജാ ശ്രീകുമാര്‍ വര്‍മ്മ (ആര്യഗായത്രി പബ്ലിക്കേഷന്‍സ്‌, കോട്ടയം), മധുകുമാര്‍ (ഡി.സി ബുക്സ്‌, കോട്ടയം), പരേതയായ ഗീതാഭായി. മരുമക്കള്‍: വി.കെ.കെ. വര്‍മ്മ, പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ്മ, അംബാശ്രീ തമ്പുരാട്ടി, ശൈലജ വര്‍മ്മ.
പ്രത്യേക ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.