ഉത്തര കൊറിയയെ ലക്ഷ്യമിട്ട് അമേരിക്ക യുദ്ധകപ്പലുകള്‍ സജ്ജമാക്കുന്നു

Tuesday 2 April 2013 5:29 pm IST

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി അമേരിക്ക യുദ്ധകപ്പലുകള്‍ സജ്ജമാക്കുന്നു. കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ്  ഉത്തര കൊറിയയ്ക്ക് അടുത്തുള്ള സൈനിക താവളങ്ങളില്‍ അമേരിക്ക കൂടുതല്‍ യുദ്ധകപ്പലും പോര്‍വിമാനങ്ങളും വിന്യസിച്ചിരിക്കുന്നത്. മിസൈല്‍വേധ സംവിധാനങ്ങളും കൂടുതല്‍ റഡാറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഉത്തര കൊറിയയുടെ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് ലക്ഷ്യം. എന്നാല്‍ സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പ്രതികരിച്ചു. ഉത്തര കൊറിയയുടെ ഭീഷണിയാണ് നിലവിലെ സാഹചര്യം കൂടുതല്‍ വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയുമായി യുദ്ധാവസ്ഥ നിലനില്‍ക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭീഷണി ഗൗരവമായി കാണുന്നുവെന്നും സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയയെ സഹായിക്കാന്‍ ഏത് സമയവും സജ്ജരാണെന്നും അമേരിക്ക പ്രതികരിച്ചു. അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കുമെന്നും ആണവ ഭീഷണിയ്‌ക്കെതിരെ അതേ അളവില്‍ തിരിച്ചടിക്കുമെന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.