നയകോവിദന്‍

Sunday 31 July 2011 11:17 pm IST

പുണ്യനദിയായ പമ്പയുടെ തീരത്തെ അയിരൂര്‍ ഗ്രാമം. അവിടെ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണപിള്ളക്കും തോട്ടുവേലിക്കലെ ഭാരതിയമ്മക്കും ഒരു ഉണ്ണി പിറന്നു. ശബരിമലയില്‍ വച്ച്‌ ശ്രീ അയ്യപ്പന്റെ പിതൃസ്ഥാനം കല്‍പ്പിക്കപ്പെടുന്ന പന്തളത്ത്‌ രാജാവ്‌ കുഞ്ഞിന്റെ കാതില്‍ മന്ത്രിച്ചു-"അയ്യപ്പന്‍കുട്ടി". ഈ കുഞ്ഞ്‌ വളര്‍ന്ന്‌ ഭാരതത്തിന്റെ ഭരണസാരഥ്യം വഹിച്ച തോട്ടുവേലില്‍ കൃഷ്ണപിള്ള അയ്യപ്പന്‍ നായര്‍ എന്ന ടി.കെ.എ.നായരായി. മാതാപാറ സ്കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും കോഴഞ്ചേരിയില്‍ ഹൈസ്കൂള്‍ പഠനവും നടത്തിയ അയ്യപ്പന്‍കുട്ടി കോഴഞ്ചേരി സെന്ത്തോമസ്‌ കോളേജില്‍ ബിഎ ഓണേഴ്സിന്‌ ചരിത്രം ഐഛിക വിഷയമായി എടുത്തു. അതേ കോളേജില്‍തന്നെ ചരിത്രാധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടര്‍ന്ന്‌ തലശ്ശേരി ബ്രണ്ണന്‍ കോളേജ്‌, കാസര്‍കോഡ്‌ ഗവ. കോളേജ്‌ എന്നിവിടങ്ങളിലും ജോലി ചെയ്തു. സിവില്‍ സര്‍വീസ്‌ പരീക്ഷ പാസായ അയ്യപ്പന്‍ നായര്‍ക്ക്‌ പഞ്ചാബ്‌ കേഡറില്‍ 1963-ല്‍ നിയമനം ലഭിച്ചു. പഞ്ചാബ്‌ സ്റ്റേറ്റ്‌ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്ടറായിപഞ്ചാബിന്‌ വ്യാവസായികമായ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1995-96 ല്‍ പഞ്ചാബിലെ ചീഫ്‌ സെക്രട്ടറിയായി തന്റെ കാര്യക്ഷമമായ പ്രവര്‍ത്തനംകൊണ്ട്‌ ഭരണാധികാരികളുടെയും സഹപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പ്രശംസാപാത്രമായി. പഞ്ചാബി ഭാഷയായ ഗുരുമുഖിയില്‍ നന്നായി എഴുതാനും സംസാരിക്കാനും അറിയാവുന്ന നായര്‍ തദ്ദേശീയരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. പഞ്ചാബിലെ അനുഭവങ്ങളാണ്‌ തന്നെ പക്വതയും പാകതയുമുള്ള ഉദ്യോഗസ്ഥനാക്കിയതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേന്ദ്രത്തില്‍ പരിസ്ഥിതിമന്ത്രാലയത്തില്‍ സെക്രട്ടറിയായതിനുശേഷം പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന്റെയും അടല്‍ബിഹാരി വാജ്പേയിയുടെയും ഓഫീസുകളില്‍ സെക്രട്ടറിയായി. പിന്നീട്‌ അദ്ദേഹം തന്റെ ലാവണം പ്ലാനിംഗ്‌ കമ്മീഷനിലേക്ക്‌ മാറ്റി. 1999 ല്‍ ഉദ്യോഗത്തില്‍നിന്ന്‌ വിരമിച്ചശേഷം പബ്ലിക്‌ എന്റര്‍പ്രൈസസ്‌ സെലക്ഷന്‍ ബോര്‍ഡില്‍ അഞ്ചുവര്‍ഷക്കാലത്തേക്ക്‌ ചെയര്‍മാനായിരുന്നു. ആഗസ്റ്റ്‌ 2004 ല്‍ അഞ്ചുകൊല്ലം പൂര്‍ത്തിയാക്കാനിരിക്കുമ്പോഴാണ്‌ പുതിയ ദൗത്യം ടി.കെ.എ.നായരെ തേടിയെത്തുന്നത്‌. സിആര്‍ആര്‍ഐഡി എന്ന സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന സ്ഥാപനത്തില്‍ നായര്‍ സഹകരിച്ചിരുന്നു. അതിന്റെ അക്കാലത്തെ അധ്യക്ഷനായിരുന്ന ഡോ. മന്‍മോഹന്‍സിംഗുമായി പരിചയവും ആത്മബന്ധവും ഉടലെടുത്തു. ടി.കെ.എ.നായരുടെ പ്രാഗത്ഭ്യം മനസ്സിലാക്കിയ ഡോ. മന്‍മോഹന്‍സിംഗ്‌ 2004 മെയ്‌ 23 ന്‌ തന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തെ പങ്കെടുപ്പിച്ചുകൊണ്ടാണ്‌ ഭരണനിര്‍വഹണം തുടങ്ങിയത്‌. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോള്‍ അദ്ദേഹത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുക, ഭരണരംഗത്ത്‌ ഉണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള വഴിയൊരുക്കുക, പ്രധാനമന്ത്രിയുടെ പ്രതിനിധിയെന്ന നിലയില്‍ മറ്റ്‌ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക, നയപരമായ കാര്യങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ അഭിപ്രായം സമാഹരിക്കുക എന്നിവയായിരുന്നു സാധാരണ ചുമതലകള്‍ക്ക്‌ പുറമേ മന്‍മോഹന്‍സിംഗ്‌ അദ്ദേഹത്തിന്‌ നല്‍കിയിരുന്ന പ്രത്യേക ദൗത്യങ്ങള്‍. 18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മന്‍മോഹന്‍സിംഗിന്റെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ നയപരമായ തീരുമാനങ്ങളില്‍പ്പോലും നായര്‍ പ്രധാന പങ്കുവഹിച്ചിരുന്നു. അദ്ദേഹം സിവില്‍ സര്‍വീസില്‍നിന്ന്‌ വര്‍ഷങ്ങളിലൂടെ ആര്‍ജിച്ച ഭരണപരിചയവും സാമര്‍ത്ഥ്യവും ഇതിന്‌ കരുത്തേകി. റിലയന്‍സ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനിപോലും ഇന്ത്യയിലെ ഏറ്റവും ശക്തരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തെ കാണാന്‍ തന്റെ ഊഴം കാത്തിരിക്കേണ്ടി വന്നിരുന്നു. ബൈപാസ്‌ സര്‍ജറി കഴിഞ്ഞ്‌ സാധാരണ നിലയിലേക്ക്‌ മടങ്ങുംമുമ്പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ കാണാന്‍ ആവശ്യപ്പെട്ട ആദ്യവ്യക്തി, തന്റെ മേധാവിയോടുള്ള വിശ്വസ്തതയുടെ പര്യായമായ നായരായിരുന്നു. ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ നിര്‍മാണത്തില്‍ കാലതാമസം ഉണ്ടാകുന്നത്‌ മനസ്സിലാക്കിയ അദ്ദേഹം സ്വയം രംഗത്തിറങ്ങി സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കി പ്രധാനമന്ത്രിയുടെയും രാജ്യത്തിന്റെയും അഭിമാനം രക്ഷിച്ചു. ടി.കെ.എ.നായര്‍ കേരളത്തോടുള്ള തന്റെ ആഭിമുഖ്യം എല്ലായ്പ്പോഴും അണിയറയില്‍നിന്ന്‌ പ്രകടിപ്പിച്ചിരുന്നു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, നെടുമ്പാശ്ശേരി വിമാനത്താവളം, ടെക്നോ പാര്‍ക്ക്‌, സ്മാര്‍ട്ട്സിറ്റി, ഏഴിമല നാവികത്താവളം എന്നിങ്ങനെ കേരളത്തിന്റെ വികസനത്തില്‍ കേന്ദ്രത്തിന്റെ അനുമതിയും സഹായവും ലഭിച്ചിട്ടുള്ള വന്‍കിട പദ്ധതികള്‍ക്കും സാമാന്യ ജനങ്ങള്‍ക്ക്‌ ആശ്വാസമേകുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കേരളത്തിലേക്ക്‌ എത്തിക്കുന്നതിന്‌ പിന്നില്‍ താനൊന്നും അറിയുന്നില്ലെന്ന മട്ടില്‍ അദ്ദേഹവും ഇരിപ്പുണ്ട്‌. വികസനകാര്യങ്ങളില്‍ രാഷ്ട്രീയമായ സങ്കുചിത കാഴ്ചപ്പാടുകള്‍ക്കപ്പുറം മന്‍മോഹന്‍സിംഗിന്റെ വിശാലമായ ദേശീയ വീക്ഷണമാണ്‌ ഇതിന്‌ കാരണമെന്ന്‌ അറിയിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രധാനമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ കൂറ്‌ വെളിപ്പെടുത്തുന്നു. കേരളത്തിലെ ആദ്യ സന്ദര്‍ശനത്തില്‍തന്നെ പ്രധാനമന്ത്രിക്ക്‌ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലായതാവാം കാരണമെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുവാനും ഈ കര്‍മകുശലന്‍ ശ്രമിക്കുന്നു. ശബരിമലയുടെ വികസനത്തില്‍ നിലയ്ക്കലില്‍ 110 ഹെക്ടര്‍ ഭൂമി ലഭ്യമാക്കിയതിന്റെയും ശബരിമലയില്‍ 11.795 ഹെക്ടര്‍ ഭൂമി വികസനത്തിന്‌ വിട്ടുകിട്ടിയതിന്റെയും ഔദ്യോഗികപക്ഷത്ത്‌ അദ്ദേഹത്തിന്റെയും പങ്കുണ്ട്‌. ഏഴുവര്‍ഷം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നായരെ ഇപ്പോള്‍ ഉപദേശകനാക്കിയിരിക്കുന്നു. ഗവര്‍ണര്‍ പദവിക്ക്‌ അര്‍ഹനായ ഇദ്ദേഹത്തിന്‌ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ശിഥിലമാകുന്ന ബന്ധത്തിന്റെ ബലിയാടാവേണ്ടി വരുന്നു. മലയാളികളോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം വിമര്‍ശനവിധേയമാകുന്നു. പ്രതിസന്ധികളെ നേരിടുന്നതില്‍ പരാജയപ്പെട്ടുവെന്നും ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്നും 2ജി സ്പെക്ട്രം, എണ്ണപ്പാട വിവാദം, രാംദേവ്‌ പ്രശ്നം, വിജിലന്‍സ്‌ കമ്മീഷണര്‍ പി.ജെ.തോമസിന്റെ നിയമനം ഇവ ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ ആരോപിക്കുന്നത്‌ മുഖം മോശമായതിന്‌ കണ്ണാടി തല്ലിപ്പൊളിക്കുന്നതുപോലെയാണ്‌. എന്തൊക്കെ സംഭവിച്ചാലും മൃദുഭാഷിയായ, നയകോവിദനായ, അണിയറയില്‍ ഒതുങ്ങിക്കഴിയാന്‍ ആഗ്രഹിക്കുന്ന ടി.കെ.എ.നായരുടെ സേവനങ്ങളെ കണക്കിലെടുക്കേണ്ടതുണ്ട്‌. മാടപ്പാടന്‍