അന്ത്യാഭിലാഷം നിറവേറ്റി; മരിയയെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി

Saturday 30 July 2011 10:41 pm IST

കൊച്ചി: അന്ത്യനിദ്രയിലും അനാഥത്വം പേറേണ്ടിവന്ന ജര്‍മ്മന്‍ വനിത ഷെമിദ്‌ ആല്‍ഫ്രഡ്‌ മരിയയുടെ ഭൗതിക ശരീരം അന്ത്യാഭിലാഷം പോലെത്തന്നെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ 11 മണിക്ക്‌ പച്ചാളം പൊതുശ്മശാനത്തിലായിരുന്നു ചിതയൊരുക്കിയത്‌. മരിയയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ബന്ധുക്കള്‍ എത്തുവാനായുള്ള ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിലാണ്‌ നോര്‍ത്ത്‌ പോലീസ്‌ ചിതയൊരുക്കി സംസ്കരിച്ചത്‌. ഇതിനായി സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. മരിയയുടെ അന്ത്യാഭിലാഷമനുസരിച്ച്‌ ചിതാഭസ്മം അറബിക്കടലില്‍ ഒഴുക്കും. പാക്കിസ്ഥാനിലെ ജര്‍മ്മന്‍ എംബസിയിലെ ഉദ്യോഗസ്ഥയായിരുന്ന മരിയ ഒരു പാക്കിസ്ഥാന്‍ പട്ടാളക്കാരനെയാണ്‌ വിവാഹം കഴിച്ചിരുന്നത്‌. ഭര്‍ത്താവിന്റെ മരണശേഷം ഏക മകനുമൊത്തായിരുന്നു താമസമെങ്കിലും മുതിര്‍ന്നപ്പോള്‍ ഇയാള്‍ മരിയയെ വിട്ടുപോയി. തികച്ചും ഏകാകിനിയായ മരിയ എംബസിയില്‍ നിന്നും വിരമിച്ചശേഷം ചികിത്സക്കായിട്ടായിരുന്നു ഭാരതത്തില്‍ എത്തിയത്‌. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം ഒന്‍പത്‌ വര്‍ഷം മുമ്പ്‌ ഇവര്‍ കൊച്ചിയിലെത്തുകയായിരുന്നു. ജൂത പാരമ്പര്യമുറങ്ങുന്ന മട്ടാഞ്ചേരിയെയും കൊച്ചിയെയും ഇഷ്ടപ്പെട്ട മരിയ ഇവിടെ സ്ഥിരതാമസമാക്കി. ചന്ദ്രിക റെസിഡന്‍സിയിലായിരുന്നു ഒന്‍പത്‌ വര്‍ഷമായി താമസിച്ചിരുന്നത്‌. എണ്‍പത്തിയഞ്ചാം വയസ്സില്‍ ജൂണ്‍ 16ന്‌ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇവരുടെ ബന്ധുക്കളാരെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്നും ലഭിച്ച ഇവരുടെ വില്‍പത്രത്തിലാണ്‌ ജര്‍മ്മനിയില്‍ ഇവര്‍ക്ക്‌ ബന്ധുക്കളും സ്വത്തുക്കളും ബാങ്ക്‌ ബാലന്‍സുമുണ്ടെന്ന്‌ മനസ്സിലായത്‌. സ്വത്തിന്റെ പകുതി ഏകമകനും ബാക്കിതുക ഇന്ത്യയിലെ കടുവ സംരക്ഷണകേന്ദ്രങ്ങള്‍ക്കുമായിരുന്നു എഴുതിവച്ചിരുന്നത്‌. മരിയയുടെ സംസ്കാരത്തിനായി ചെന്നൈയിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റുമായി സിറ്റി പോലീസിലെ ഫോറിന്‍ രജിസ്ട്രേഷന്‍ വിഭാഗം നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും തണുത്ത പ്രതികരണമായിരുന്നു എംബസിയുടേത്‌. ഇതിനിടയില്‍ അമേരിക്കയില്‍ പെയിലറ്റായ മരിയയുടെ മകന്‍ ജൂലിയന്‍ അസ്ഫാന്‍സിയന്‍ ഫതാക്കിയുമായി ബന്ധപ്പെടാന്‍ സിറ്റി പോലീസിലെ ഫോറിന്‍ രജിസ്ട്രേഷന്‍ വിഭാഗത്തിനായി. സംസ്കാരത്തിനെത്തില്ലെന്ന ഇയാളുടെ ഭാര്യയുടെ അറിയിപ്പിനെത്തുടര്‍ന്ന്‌ മരിയയുടെ സംസ്കാരം നടത്തുവാന്‍ സര്‍ക്കാരിന്റെ അനുമതി തേടി. അതോടൊപ്പം മരിയയുടെ സംസ്കാരം സംബന്ധിച്ച്‌ വ്യക്തമായ തീരുമാനമറിയിക്കണമെന്ന അന്ത്യശാസനവും ജര്‍മ്മന്‍ എംബസിക്ക്‌ നല്‍കി. ഇതിനൊടുവില്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ്‌ നോര്‍ത്ത്‌ പോലീസ്‌ മരിയയുടെ സംസ്കാരം നടത്തിയത്‌. കൊച്ചിയെ ഇഷ്ടപ്പെട്ട മരിയ ഭാരതീയ ആചാരപ്രകാരം മൃതദേഹം ചിതയൊരുക്കി സംസ്കരിക്കണമെന്നും ചിതാഭസ്മം അറബിക്കടലില്‍ ഒഴുക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇവരുടെ അന്ത്യാഭിലാഷമനുസരിച്ച്‌ തന്നെ നോര്‍ത്ത്‌ പോലീസ്‌ ചിതയൊരുക്കി സംസ്കരിക്കുകയായിരുന്നു. സാധാരണ ഏറ്റെടുക്കുവാന്‍ ആളില്ലാത്ത മൃതദേഹങ്ങള്‍ അനാഥ മൃതദേഹങ്ങളായി കണക്കാക്കി മറവ്‌ ചെയ്യുകയാണ്‌ പതിവ്‌. മരിയയുടെത്‌ വ്യത്യസ്തമായ കാര്യമായതിനാലും ഹോട്ടലുകാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതിനാലുമാണ്‌ അന്ത്യാഭിലാഷമനുസരിച്ച്‌ സംസ്കാരം നടത്തിയത്‌. ചിതാഭസ്മം അറബിക്കടലില്‍ ഒഴുക്കുന്ന കാര്യം പോലീസ്‌ ഇന്ന്‌ തീരുമാനിക്കും. ജീവിതത്തിന്റെ സായന്തനത്തിലും അന്ത്യനിദ്രയിലും അനാഥയായ മരിയ കൊച്ചിയുടെ സ്നേഹാശ്രുക്കള്‍ ഏറ്റുവാങ്ങിയാണ്‌ അഗ്നിയില്‍ എരിഞ്ഞടങ്ങിയത്‌. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.