മീനച്ചിലാറ്റിലും കൊടൂരാറ്റിലും കുളവാഴ നിറഞ്ഞു: ലക്ഷങ്ങള്‍ മുടക്കിയ പോളനിര്‍മ്മാര്‍ജ്ജന പ്ലാന്റ് അടച്ചുപൂട്ടി

Wednesday 3 April 2013 11:35 pm IST

കോട്ടയം: മീനച്ചിലാറ്റിലും കൊടൂരാറ്റിലും കുളവാഴ നിറഞ്ഞു കവിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി കോടിമത പച്ചക്കറി ചന്തയില്‍ നിര്‍മ്മിച്ചപോള നിര്‍മ്മാര്‍ജ്ജന പ്ലാന്റ് അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. മോട്ടോര്‍ തകരാറിലായതാണ് പ്ലാന്റ് നിര്‍ത്തിവയ്ക്കാന്‍ കാരണം. കുട്ടനാട്ടു പാക്കേജില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപാ ചെലവിട്ട് നിര്‍മ്മിച്ച കുളവാഴ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് 2011ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.പോള സംസ്‌കരിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. 35 ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. വൈദ്യുതി നിര്‍മ്മിക്കുന്നതിനോടൊപ്പം ജൈവവളവും ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തോളം വൈദ്യുതി മുടക്കം വരുന്ന സമയത്ത് 15 ലൈറ്റുകള്‍ പ്രകാശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് യന്ത്രം തകരാറിലാകുകയായിരുന്നു. തകരാറിലായ മോട്ടോര്‍ ഇതുവരെ നന്നാക്കാന്‍ കഴിഞ്ഞില്ല. കൊടൂരാറിനോട് ചേര്‍ന്നാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. കൊടൂരാറ്റില്‍ പോള നിറഞ്ഞ് ബോട്ടു സര്‍വ്വീസ് നിര്‍ത്തിയിട്ട് മാസങ്ങളായി. കാഞ്ഞിരം വരെ പോള വാരല്‍ പൂര്‍ത്തിയാക്കിയെങ്കിലും കോടിമത വരെ പോള നിറഞ്ഞ നിലയിലാണ്. സംസ്‌കാരണ പ്ലാന്റില്‍ നഗരത്തിലെ ജൈവമാലിന്യങ്ങളും എത്തിക്കുമെന്നും വാണിജ്യാടിസ്ഥാനത്തില്‍ ജൈവവളം ഉദ്പാദിപ്പിക്കുമെന്നുമായിരുന്നു നഗരസഭയുടെ വാഗ്ദാനം. സര്‍ക്കാര്‍ സ്ഥാപനമായ റെയ്‌കോ നിര്‍മ്മിച്ച് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിക്ക് കൈമാറിയ പദ്ധതിയാണിത്. ആറുകളില്‍ കുലവാഴ നിറഞ്ഞ് കവിയുമ്പോഴും പോളനിര്‍മ്മാര്‍ജ്ജന പ്ലാന്റ് അടഞ്ഞു കിടക്കുന്നു. ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മ്മിച്ച ഒരു പദ്ധതിയും കൂടി കെടുകാര്യസ്ഥത കൊണ്ട് പൂട്ടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.