നിര്‍ണായക വിധി

Wednesday 3 April 2013 11:50 pm IST

പൈതൃക ഗ്രാമമായ ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹകരണത്തോടെയുള്ള കെജിഎസ്‌ ഗ്രൂപ്പിന്റെ നീക്കം സുപ്രീംകോടതിയുടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്‌ അത്യന്തം അഭികാമ്യമായ ഒരു നടപടിയാണ്‌. ആറന്മുളയിലെ ആയിരത്തി അറുന്നൂറ്‌ ഏക്കര്‍ പ്രദേശത്തെ പാടശേഖരങ്ങളും നീര്‍ത്തടങ്ങളും മണ്ണിട്ടുനികത്തി വ്യാവസായിക മേഖലയായി പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നടപടിയും ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു.
വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവെയ്ക്കാനാണ്‌ ജസ്റ്റിസ്‌ ചൊക്കലിംഗം അധ്യക്ഷനായുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച്‌ ഉത്തരവിട്ടിരിക്കുന്നത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ ഭരണകൂടത്തിനും ട്രൈബ്യൂണല്‍ നോട്ടീസ്‌ അയച്ചു. ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ ഹരിത ട്രൈബ്യൂണലിന്‌ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ്‌ ഈ സ്റ്റേ. ഐക്യരാഷ്ട്രസഭ പൈതൃക ഗ്രാമമായി അംഗീകരിച്ച ആറന്മുളയില്‍ 500 ഏക്കര്‍ നെല്‍വയല്‍ നികത്തി വിമാനത്താവളം നിര്‍മിക്കുന്നത്‌ കേരള നെല്‍വയല്‍ നീര്‍ത്തട നിയമം, കേരള ഭൂപരിഷ്ക്കരണ നിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം, ഭൂപരിധി നിയമം എന്നിവ ലംഘിച്ചുകൊണ്ടാണെന്ന്‌ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവിലും ഭൂപരിധി നിയമം ലംഘിച്ച്‌ ഏക്കര്‍ കണക്കിന്‌ ഭൂമി മുന്‍ ഉടമ സ്വന്തമാക്കിയതിന്റെ തെളിവും നല്‍കിയിരുന്നു. വിമാനത്താവളം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന്‌ ചൂണ്ടിക്കാട്ടി സുഗതകുമാരിയടക്കം നടത്തുന്ന ശക്തമായ സമരം തുടരവേയാണ്‌ ഈ വിധി. ഒന്‍പത്‌ കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ ലംഘിച്ചാണ്‌ കെജിഎസ്‌ ഗ്രൂപ്പ്‌ സ്ഥലം സ്വന്തമാക്കിയത്‌.
ഈ നിയമലംഘനത്തിന്‌ കേരള സര്‍ക്കാരും റവന്യൂ വകുപ്പും കൂട്ടുനില്‍ക്കുകയായിരുന്നു. കെജിഎസ്‌ ഗ്രൂപ്പിനെതിരെ കേസെടുക്കാന്‍ വൈമുഖ്യം കാണിച്ച റവന്യൂ, പോലീസ്‌ വകുപ്പുകളെ വിജിലന്‍സ്‌ കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നൂറ്‌ കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ കിടപ്പാടം നഷ്ടപ്പെടുമെന്ന്‌ മാത്രമല്ല, ജലസമൃദ്ധമായ ആറന്മുളയില്‍ കുടിവെള്ളക്ഷാമം സൃഷ്ടിക്കുന്നതുമായിരുന്നു സര്‍ക്കാര്‍ ഒത്താശയോടെയുള്ള കെജിഎസ്‌ ഗ്രൂപ്പിന്റെ നീക്കം. വിമാനത്താവളത്തിനും ആവശ്യമായ സ്ഥലം കൈവശമില്ലാതിരുന്നിട്ടും രാഷ്ട്രീയ സ്വാധീനം വഴിയാണ്‌ വിവിധവകുപ്പുകളുടെ അനുമതി കെജിഎസ്‌ ഗ്രൂപ്പ്‌ നേടിയത്‌. അനധികൃത ഭൂമി കച്ചവടത്തിനെതിരെ തഹസില്‍ദാര്‍ കളക്ടര്‍ക്ക്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി, സബ്‌ രജിസ്ട്രാര്‍ റിപ്പോര്‍ട്ട്‌ നിയമപരമായ അനുവാദത്തോടെ മാത്രമേ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ എന്ന ഹൈക്കോടതി വിധി പകര്‍പ്പ്‌, ഗൂഗിള്‍ മാപ്പിന്റെ കോപ്പി, നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ പഠന റിപ്പോര്‍ട്ട്‌, കെജിഎസ്‌ ഗ്രൂപ്പിന്‌ ആവശ്യമായ സ്ഥലമില്ലെന്ന്‌ തെളിയിക്കുന്ന വിവരാവകാശ രേഖ, പോക്കുവരവ്‌ റദ്ദു ചെയ്ത കളക്ടറുടെ ഉത്തരവിന്റെ കോപ്പിമുതലായ പല രേഖകളും പരാതിക്കൊപ്പം ചേര്‍ത്തിരുന്നു. പമ്പയുടെ പോഷക ജലസ്രോതസ്സായ കോഴിത്തോട്‌ കൈയേറിയാണ്‌ വയല്‍ മണ്ണിട്ട്‌ നികത്തിയത്‌. പമ്പയില്‍ ജലനിരപ്പുയരുമ്പോള്‍ അധികജലം ഉള്‍ക്കൊള്ളുന്ന ഈ മേഖല മണ്ണിട്ട്‌ നികത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സങ്കീര്‍ണമാണ്‌. ചെറിയ സംസ്ഥാനമായ കേരളത്തില്‍ ഇപ്പോള്‍ തന്നെ കരിപ്പൂരും കൊച്ചിയിലും തിരുവനന്തപുരത്തും വിമാനത്താവളങ്ങളുണ്ടെന്നിരിക്കെ മറ്റൊരു വിമാനത്താവളത്തിന്‌ നല്‍കിയ അനുമതി തികഞ്ഞ കോര്‍പ്പറേറ്റ്‌ പ്രീണനവും അഴിമതി ലക്ഷ്യമിടുന്നതുമാണ്‌.
സര്‍ക്കാര്‍ വാദിച്ചത്‌ ഇത്‌ കൃഷിഭൂമിയേ അല്ല എന്നായിരുന്നു. കൃഷിക്കായി നല്‍കിയ കാര്‍ഷിക സബ്സിഡി-വായ്പാ വിവരങ്ങള്‍ 10 വര്‍ഷമായി കൃഷി നടന്നുവരുന്നതിന്റെ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനവും ആറന്മുളയില്‍ അരങ്ങേറി. പാടങ്ങളില്‍ മണ്ണിട്ടതോടെ പരിസര പ്രദേശങ്ങളില്‍ ജലക്ഷാമം അനുഭവപ്പെട്ടതായും ജനങ്ങള്‍ പരാതിപ്പെട്ടു. സലിം അലി ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ 3500 ഏക്കറില്‍ ജലമൊഴുക്ക്‌ തടസ്സപ്പെടുമെന്നും 60 ഓളം മത്സ്യ ഇനങ്ങള്‍ നശിക്കുമെന്നും കണ്ടെത്തിയിരുന്നു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലും മണ്ണിടലും കുന്നിടിക്കലും ജൈവ വൈവിധ്യത്തെ തകര്‍ക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നിട്ടും70 ഏക്കര്‍ നിലം നികത്തുകയും ഒരു കുന്ന്‌ ഇടിച്ച്‌ മറിക്കുകയും ചെയ്തു. പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ട മേഖലയില്‍ ഒരു പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പത്ത്‌ ശതമാനം ഓഹരി എടുത്ത്‌ വിമാനത്താവളത്തിന്‌ പച്ചക്കൊടി കാട്ടിയത്‌. 2000 കോടി രൂപയുടെ വിമാനത്താവള പദ്ധതി 2014 ഡിസംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു കമ്പനി ലക്ഷ്യം. വാടക ഗുണ്ടകളും ക്രിമിനലുകളും മാരകായുധങ്ങളുമായാണ്‌ വിമാനത്താവള നിര്‍മാണത്തിനെത്തിയത്‌. രക്തച്ചൊരിച്ചിലും കലാപവും സൃഷ്ടിക്കുന്ന പുകമറയ്ക്ക്‌ പിന്നില്‍ വിമാനത്താവളം പൂര്‍ത്തിയാക്കാനായിരുന്നു നീക്കം. ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച സ്റ്റേ കെജിഎസ്‌ ഗ്രൂപ്പിനെ മാത്രമല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.