സ്വാതന്ത്ര്യ സമരത്തിന്‌ തിരികൊളുത്തിയ വ്യക്തിത്വം

Thursday 4 April 2013 10:05 pm IST

പി.പരമേശ്വരന്‍ (ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍)
കേരളത്തിലെ പ്രബുദ്ധവര്‍ഗ്ഗത്തിനിടയില്‍ സ്വാമി വിവേകാനന്ദന്റെ സ്വാധീനം എത്രകണ്ട്‌ ഉണ്ട്‌ എന്ന അന്വേഷണം കൂടിയാണ്‌ ഈ ഗ്രന്ഥം. 120 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ആദ്യമായി സ്വാമി കേരളം സന്ദര്‍ശിക്കുന്നത്‌. അജ്ഞാതനായ ഒരു സന്യാസി പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു. പക്ഷെ അന്നുതന്നെ അദ്ദേഹവുമായി പരിചയപ്പെട്ട ബുദ്ധിജീവികള്‍ക്കിടയില്‍ അദ്ദേഹം ഗാഢമായ സ്വാധീനം ചെലുത്തുകയുണ്ടായി. ഇന്നിപ്പോള്‍ അതിനുശേഷം 120 കൊല്ലം പിന്നിട്ടിരിക്കുന്നു. ഈ നീണ്ട കാലയളവിനുശേഷം സ്വാമിജിയുടെ ആശയങ്ങള്‍ കേരളത്തിലെ പ്രബുദ്ധവര്‍ഗ്ഗത്തിനിടയില്‍ എത്രകണ്ട്‌ സ്വാധീനം ചെലുത്തുന്നു എന്ന അന്വേഷണത്തിന്റെ ഫലമാണ്‌ ഈ ഗ്രന്ഥം. അപ്രതീക്ഷിതവും അതിശയകരവുമായിരുന്നു അനുഭവം. പഠനങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും കവിതകള്‍ക്കും വേണ്ടി സമീപിച്ചവര്‍ എല്ലാം തന്നെ സ്വാമിജിയുടെ വ്യക്തിപ്രഭാവത്തിലും ചിന്താപദ്ധതിയിലും വളരെയേറെ ആകര്‍ഷിക്കപ്പെട്ടവരായിരുന്നു. ഈ ഗ്രന്ഥം വായിച്ചുനോക്കുന്നവര്‍ക്കെല്ലാം അത്‌ വ്യക്തമായി ബോദ്ധ്യപ്പെടാതിരിക്കില്ല.
ലോകത്തിനാകമാനവും ഭാരതത്തിലും കേരളസംസ്ഥാനത്തിലും ബൗദ്ധികവും സാംസ്കാരികവുമായ ജീവിത മേഖലകളില്‍ തന്റെ ഹ്രസ്വമായ ജീവിതകാലത്തിനിടയ്ക്ക്‌ സ്വാമിജി അത്ഭുതാവഹമായ സ്വാധീനം ചെലുത്തി. ഒരാദ്ധ്യാത്മികാചാര്യന്‍ മാത്രമായിരുന്നില്ല, ഭൗതികശാസ്ത്രത്തിലും യുക്തിവാദത്തിലും നിരീശ്വരസിദ്ധാന്തത്തിലും അദ്ദേഹം പ്രാവീണനായിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രശസ്ത യുക്തിവാദിയായ ഇംഗര്‍ സോള്‍ സ്വാമിജിയുടെ അടുത്ത മിത്രമായിരുന്നു.
150-ാ‍ം ജയന്തി ആഘോഷിക്കപ്പെടുന്ന വേളയില്‍ ലോകചരിത്രത്തില്‍ സ്വാമി വിവേകാന്ദന്റെ സ്ഥാനമെന്താണെന്ന്‌ ഗൗരവമായി ചിന്തിക്കേണ്ടതാണ്‌. 1893 ലെ സ്വാമിജിയുടെ ചിക്കാഗോ പ്രസംഗം അതിപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു. അത്‌ ലോകചരിത്രത്തെ രണ്ടായി വിഭജിച്ചു എന്നു പറയാം. അന്നുവരെ ലോക ദൃഷ്ടിയില്‍ ഭാരതം അടിമത്തത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു രാജ്യമായിരുന്നു. ദാരദ്ര്യത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും നാടായിട്ടാണ്‌ ഭാരതം അറിയപ്പെട്ടിരുന്നത്‌. പരസ്പരം മല്ലടിക്കുന്ന അസംഖ്യം വര്‍ഗ്ഗങ്ങളുടെയും വംശങ്ങളുടെയും അസുഖകരമായ ഒരു കൂട്ടായ്മയായി ഭാരതത്തെ പാശ്ചാത്യലോകം കണ്ടിരുന്നു.

ഭാരതത്തെ കൂട്ടിയിണക്കിയതുതന്നെ സാമ്രാജ്യത്വശക്തികളായിരുന്നു എന്നവര്‍ വിശ്വസിച്ചു. എന്നാല്‍ സ്വാമിജിയുടെ ചിക്കാഗോ പ്രസംഗം ആ കാഴ്ചപ്പാട്‌ പാടേ മാറ്റിമറിച്ചു. തങ്ങളുടെ വിലയിരുത്തല്‍ തെറ്റാണെന്ന്‌ അവര്‍ക്ക്‌ ബോധ്യമായി. അമേരിക്കയിലെ എല്ലാ ബുദ്ധിമാന്മാരുടെയും അറിവ്‌ ആകെ കൂട്ടിവച്ചാലും സ്വാമിജിയുടെ വിദ്വത്വത്തിനോട്‌ തുലനം ചെയ്യാനാവില്ല എന്ന്‌ അമേരിക്കന്‍ പ്രഫസര്‍മാര്‍ പ്രഖ്യാപിച്ചു. സ്വാമി വിവേകാനന്ദന്‍ പ്രതിനിധീകരിച്ചതുപോലെയുള്ള അതി വിശിഷ്ടമായ ഒരു മതത്തില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ നാട്ടിലേയ്ക്ക്‌ മത പരിവര്‍ത്തനത്തിന്‌ പാതിരിമാരെ അയക്കുന്നത്‌ എന്തസംബന്ധമാണെന്ന്‌ മതമഹാസമ്മേളനത്തിനുശേഷം അമേരിക്കയിലെ നിഷ്പക്ഷമതികള്‍ അത്ഭുതം പ്രകടിപ്പിച്ചു.നെല്ലിപ്പടിവരെ താണിരുന്ന ഭാരതത്തിന്റെ അന്തസ്സും അഭിമാനവും അതിന്റെ ഉച്ചകോടിയിലേയ്ക്ക്‌ എത്തിച്ചത്‌ സ്വാമി വിവേകാനന്ദനായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമുള്ള എത്രയോ വിദ്യാസമ്പന്നരായ സ്ത്രീ പുരുഷന്മാര്‍ സ്വാമിജിയുടെ ശിഷ്യത്വം അംഗീകരിച്ചു. ലോകത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ ഭാരതത്തിന്റെ വിജയപതാക പറപ്പിക്കുവാന്‍ അങ്ങനെ സ്വാമിജിക്ക്‌ സാധിച്ചു.
അതേസമയം പണ്ഡിറ്റ്‌ ജവാഹര്‍ ലാല്‍ നെഹ്‌റു ചൂണ്ടിക്കാണിച്ചതുപോലെ പാശ്ചാത്യദേശങ്ങളെയും പൗരസ്ത്യദേശങ്ങളെയും തമ്മില്‍ കൂട്ടിയിണക്കുവാനുള്ള സുദൃഢമായ പാലം പണിത ആളുമായിരുന്നു സ്വാമിജി. കിഴക്കായാലും പടിഞ്ഞാറായാലും മാനവരാശി ഒന്നാണെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാവരിലും കുടികൊള്ളുന്നത്‌ ഒരേ ചൈതന്യമാണെന്നും ആ ചൈതന്യത്തെ പ്രകാശിപ്പിക്കുകയാണ്‌ മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്നും സ്വന്തം ജീവിതത്തിലൂടെ പ്രകാശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സ്വാമിജി മുഴുവന്‍ മനുഷ്യരാശിയുടെ മുന്നില്‍ ദിവ്യമായ ഒരു ലക്ഷ്യം പ്രസ്ഥാപിച്ചു. മാത്രമല്ല ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ കൊണ്ട്‌ അത്ഭുതാവഹമായ പുരോഗതി ആര്‍ജ്ജിച്ച പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക്‌ ഭാരതം സഹസ്രാബ്ദങ്ങളായി നേടിയെടുക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്ത ആദ്ധ്യാത്മികവിദ്യ അനിവാര്യമായ ആവശ്യമാണെന്നുള്ള സന്ദേശം സ്വാമിജി നല്‍കി. ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സമന്വയത്തിലൂടെ മാത്രമേ ലോകത്തിന്‌ ശാശ്വതമായ പുരോഗതി നേടാനാവൂ എന്നദ്ദേഹം പ്രഖ്യാപിച്ചു.
ദിഗ്‌വിജയം കഴിഞ്ഞ്‌ തിരിച്ചെത്തിയ സ്വാമിജി ചെയ്ത ഭാരതത്തിലെ പ്രഭാഷണപരമ്പര സ്വാതന്ത്ര്യദാഹത്തിന്‌ തീ കൊളുത്തിയ അഗ്നിജ്വാലയായിരുന്നു. ഗാന്ധിജിയെയും നെഹ്‌റുവിനെയും സുഭാഷ്‌ ബോസിനെയും ടാഗോറിനെയും മാത്രമല്ല യുവവിപ്ലവകാരികളെപ്പോലും സ്വാതന്ത്ര്യസമരത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക്‌ ആഹ്വാനം ചെയ്തത്‌ സ്വാമിജിയുടെ പ്രസംഗങ്ങളും പ്രബോധനങ്ങളും ആയിരുന്നു എന്ന്‌ അവരോരോരുത്തരും തുറന്നു സമ്മതിച്ചിട്ടുണ്ട്‌. 'സ്വാമി വിവേകാനന്ദന്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതം സ്വതന്ത്രമാകുമായിരുന്നില്ല' എന്നു സി. രാജഗോപാലാചാരി തുറന്നു പ്രഖ്യാപിച്ചു. ഭാരതത്തിന്റെ ആത്മപൗരുഷത്തെ വിളിച്ചുണര്‍ത്തിയ വേദാന്തകേസരിയായിരുന്നു സ്വാമിജി. കേരളത്തെ സംബന്ധിച്ചു സ്വാമിജിയുടെ സംഭാവന അവിസ്മരണീയമാണ്‌. സ്വാമിജിക്ക്‌ ശേഷമുണ്ടായ കേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക്‌ സ്വാമിജി ആയിരുന്നു വിത്തുപാകിയത്‌ എന്ന്‌ നിസ്സംശയം പറയാം. കേരളത്തെ 'ഭ്രാന്താലയം' എന്നു വിശേഷിപ്പിച്ച സ്വാമിജി നമുക്ക്‌ നല്‍കിയത്‌ ഒരു 'ശാപ'മായിരുന്നില്ല. ആ വാക്കുകളിലൂടെ അദ്ദേഹത്തിന്റെ ഉള്ളിലെ 'താപം' അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു. ഹിന്ദുക്കളായിരിക്കുമ്പോള്‍ തമ്മില്‍ തമ്മില്‍ ആചരിക്കുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ക്രിസ്തുമതമോ ഇസ്ലാംമതമോ സ്വീകരിച്ചുകഴിഞ്ഞാല്‍ അതേ ആളുകളോടുതന്നെ കാണിക്കുന്ന ആദരപൂര്‍വ്വമായ പെരുമാറ്റവും ഡോ. പല്‍പുവില്‍ നിന്ന്‌ കേട്ടറിഞ്ഞതിനുശേഷമാണ്‌ സ്വാമിജി ആ വാക്കുകള്‍ ഉച്ചരിച്ചത്‌. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ മോചനത്തിന്‌ അതൊരു വിജയമന്ത്രമായി തീര്‍ന്നു. അഥവാ ശാപമായി കണക്കാക്കിയാല്‍ തന്നെ അതില്‍ നിന്നുള്ള മോചനമാര്‍ഗ്ഗവും സ്വാമിജി അതോടൊപ്പം ഡോ. പല്‍പുവിന്‌ ഉപദേശിച്ചു. താഴ്‌ന്നവരായി കണക്കാക്കപ്പെടുന്ന സമൂഹത്തില്‍ നിന്നുതന്നെ ഒരു ആദ്ധ്യാത്മികാചാര്യനെ മുന്‍നിര്‍ത്തി സമൂഹത്തെ സംഘടിപ്പിക്കണമെന്നും അനീതികള്‍ക്കെതിരെ പോരാടണമെന്നും സ്വാമിജി പല്‍പുവിനെ ഉപദേശിച്ചു. അത്‌ 1891 ന്റെ അവസാനമായിരുന്നു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ 1888 ല്‍ നടന്നുകഴിഞ്ഞിരുന്നു. അരുവിപ്പുറം കേന്ദ്രമായി ഒരു യോഗവും രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ 1903 ലാണ്‌ "ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം" എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ടത്‌. ആദ്ധ്യാത്മികാചാര്യനായ ശ്രീനാരായണഗുരു അദ്ധ്യക്ഷനായും ഡോ. പല്‍പു ഉപാദ്ധ്യക്ഷനായും കുമാരനാശാന്‍ പൊതു കാര്യദര്‍ശിയായും രൂപീകരിക്കപ്പെട്ട പ്രസ്തുത സംഘടനയാണ്‌ കേരളത്തിന്റെ തുടര്‍ന്നുണ്ടായ എല്ലാ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചതും മാതൃകയായതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.