താനെയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 52 ആയി

Friday 5 April 2013 9:57 pm IST

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 52 ആയി. വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ തകര്‍ന്ന കെട്ടിടത്തില്‍ 69 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. താനെയിലെ ഷില്‍ ഫാറ്റാ ഭാഗത്തെ നിര്‍മ്മാണത്തിലിരിക്കുന്ന ഏഴ് നില കെട്ടിടമാണ് തകര്‍ന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് 35 കുടുംബങ്ങളാണ് കെടിടത്തിലുണ്ടായിരുന്നതെന്ന് അധികൃതര്‍ പറയുന്നു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടാവാമെന്ന് മുംബൈ ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മലയാളികള്‍ അപകടത്തില്‍ ഉള്‍പ്പെട്ടതായി സൂചനകളില്ല. ആറു നിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഏഴാം നിലയുടെ പണി പുരോഗമിക്കുകയായിരുന്നു. ഇതില്‍ അഞ്ച് നിലയിലും ആള്‍ താമസമുണ്ടായിരുന്നു. കെട്ടിടം അനധികൃതമായാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.നാല് നിലവരെ പണിയാനെ അനുമതി ഉണ്ടായിരുന്നുള്ളൂ. കെട്ടിടം നിലനില്‍ക്കുന്നത് വനഭൂമിയിലാണ്. കമ്മീഷണര്‍ അര്‍ എ രാജീവിന്റേയും ജില്ലാ കളക്ടര്‍ പി വത്സറാവുവിന്റേയും നേതൃത്വത്തില്‍ 12ലധികം അഗ്നിശമന സേനാംഗങ്ങളും 24ലധികം ആംബുലന്‍സുകളും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാനും ഉപമുഖ്യമന്ത്രി അജിത് പവാറും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.