ഗണേഷ് യാമിനിയുമായി ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നു

Friday 5 April 2013 2:29 pm IST

തിരുവനന്തപുരം: ഗണേഷ് കുമാര്‍ ഭാര്യ യാമിനി തങ്കച്ചിയുമായി ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നു. മധ്യസ്ഥ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്ന് ഗണേഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വഴുതക്കാടെ വസതി യാമിനിക്കു നല്‍കാന്‍ തയ്യാറാണെന്നും കുട്ടികള്‍ക്കുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുമെന്നും യാമിനിയുടെ ഹര്‍ജിയിലെ വാദത്തിനാണ്  മറുപടി ഗണേഷ് പറഞ്ഞു. കേസ് തര്‍ക്ക പരിഹാര സെല്ലിന് കൈമാറണമെന്ന് ഗണേഷ് അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടു. കോടതി ആവശ്യപ്പെട്ടാല്‍ ഇന്ന് തന്നെ കുട്ടികള്‍ക്ക് നല്‍കാമെന്നു പറഞ്ഞ തുക ബാങ്കില്‍ നിക്ഷേപിക്കും. ചെന്നൈയിലെ ഫ്‌ളാറ്റ് വിറ്റു കിട്ടുന്ന തുകയില്‍ നിന്ന് യാമിനിക്കു നല്‍കാമെന്നു പറഞ്ഞ തുകയും നല്‍കുമെന്നും കോടതിയില്‍ പറഞ്ഞു. കേസ് ഉച്ചയ്ക്കു ശേഷം ജഡ്ജിയുടെ ചേംബറില്‍ പരിഗണിക്കും. രഹസ്യമായി മൊഴിയെടുക്കണമെന്ന് ഇന്നലെ യാമിനി ആവശ്യപ്പെട്ടിരുന്നു. തന്റെ സമ്മതമില്ലാതെ ഗണേഷ് കുമാര്‍ പലതവണ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതായി യാമിനി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ക്രൂരമായാണ് തന്നോടും കുട്ടികളോടും പെരുമാറിയിരുന്നത്. ആഭരണങ്ങള്‍ മുഴുവന്‍ കൈക്കലാക്കിയതിന് പുറമെ വീട്ടില്‍ നിന്നും വലിയ തുകകള്‍ വാങ്ങിപ്പിച്ചിട്ടുണ്ടു. മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യംചെയ്തതിന്റെ പേരില്‍ നിരവധി തവണ മര്‍ദനമേല്‍ക്കേണ്ടി വന്നെന്നും യാമിനി, സിജെഎം കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗണേഷ് കുമാറിന് വീട് വില്‍ക്കാനാകില്ലെന്നും തിരുവനന്തപുരം സിജെഎം കോടതി ഇന്നലെ ഇടക്കാല ഉത്തരവിട്ടു. യാമിനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തരുതെന്നും ഗണേഷിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗണേഷിനെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്ന ഭാര്യ യാമിനി തങ്കച്ചിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഗണേഷിനെതിരായ പരാതിയുമായി ഇന്നലെ രാവിലെയാണ് യാമിനി കോടതിയെ സമീപിച്ചത്. തനിക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരവും ജീവനാംശവുമായി ഇരുപത് കോടി രൂപ നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതില്‍ രണ്ടേക്കാല്‍ കോടി രൂപ ഇടക്കാല ആശ്വാസമായി ഉടന്‍ നല്‍കണം. തന്റേയും കുട്ടികളുടേയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ യാമിനി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.