എന്‍ടിപിസിയ്ക്കുള്ള കല്‍ക്കരി വിതരണം കോള്‍ ഇന്ത്യ പുനരാരംഭിച്ചു

Friday 5 April 2013 9:16 pm IST

ന്യൂദല്‍ഹി: എന്‍ടിപിസിയ്ക്കുള്ള കല്‍ക്കരി വിതരണം പുനരാരംഭിച്ചതായി കോള്‍ ഇന്ത്യ അറിയിച്ചു. മൂന്ന്‌ ദിവസത്തിന്‌ ശേഷമാണ്‌ വിതരണം പുനരാരംഭിച്ചിരിക്കുന്നത്‌. ഇരു സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്‌ ഈ തീരുമാനം. ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌ ജനറല്‍ മാനേജര്‍ നീലാദ്രി റോയ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.
എന്‍ടിപിസിയ്ക്ക്‌ കല്‍ക്കരി നല്‍കുന്നത്‌ തുടരണമെന്ന്‌ കോള്‍ ഇന്ത്യ ലിമിറ്റഡിന്‍ കല്‍ക്കരി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്‍ടിപിസിയ്ക്ക്‌ ആവശ്യമായ 50 ശതമാനത്തോളം കല്‍ക്കരി നല്‍കണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. കല്‍ക്കരി മന്ത്രി ശ്രീപ്രകാശ്‌ ജൈസ്വാളാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. എന്‍ടിപിസിയില്‍ നിന്നുള്ള തിരിച്ചടവുകള്‍ വൈകുന്നതിനെ തുടര്‍ന്നാണ്‌ കല്‍ക്കരി വിതരണം കോള്‍ ഇന്ത്യ നിര്‍ത്തിയത്‌. ഇക്കാര്യത്തില്‍ എന്‍ടിപിസിയുമായി ചര്‍ച്ച നടത്തിയതായും കുടിശിക വീണ്ടെടുക്കുമെന്നും ജൈസ്വാള്‍ വ്യക്തമാക്കി.
എന്‍ടിപിസിയ്ക്ക്‌ നല്‍കുന്ന കല്‍ക്കരിയുടെ ഗുണമേന്മ സംബന്ധിച്ച വിഷയത്തില്‍ ഇരു സ്ഥാപനങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരായ എന്‍ടിപിസി, കോള്‍ ഇന്ത്യ ലിമിറ്റഡുമായി ഇന്ധന വിതരണ കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. കോള്‍ ഇന്ത്യ ഗുണമേന്മയില്ലാത്ത കല്‍ക്കരിയാണ്‌ വിതരണം ചെയ്യുന്നതെന്ന തോന്നലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനത്തിനായി 140 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ്‌ എന്‍ടിപിസി വാങ്ങിയിരുന്നത്‌. കല്‍ക്കരി വാങ്ങിയ ഇനത്തില്‍ 1000 കോടി രൂപയുടെ കുടിശികയാണ്‌ എന്‍ടിപിസി വരുത്തിയിട്ടുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.