താനെയില്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം 72 ആയി

Saturday 6 April 2013 4:16 pm IST

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം 72 ആയി. മരിച്ചവരില്‍ 17 കുട്ടികളും 30 സ്ത്രീകളും ഉപ്പെടുന്നു. 36ഓളം പേരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നറിയാന്‍ പരിശോധനകള്‍ തുടരുകയാണ്‌. ജെസിബി ഉപയോഗിച്ച്‌ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കിയാണ്‌ പരിശോധന നടത്തുന്നത്‌. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം. മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. കെട്ടിടം തകര്‍ന്ന് 30 മണിക്കൂറിനു ശേഷം 9 മാസം പ്രായമുള്ള ഒരു കുട്ടിയെയും 65കാരിയായ വൃദ്ധസ്ത്രീയെയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണ്‌. ഇവരെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ദുരന്തനിവാരണസേനാംഗങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയാണ്‌ ഷില്‍ഫത്താ മേഖലയില്‍ അനധികൃതമായി നിര്‍മിച്ചുകൊണ്ടിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണത്‌. ഏഴുനിലകളില്‍ താമസക്കാര്‍ ഉണ്ടായിരുന്നു. നഗരസഭ അധികാരികള്‍ കെട്ടിടം പൊളിക്കാതിരിക്കാന്‍ ഇവരെ സൗജന്യമായാണ്‌ ഇവിടെ താമസിപ്പിച്ചിരുന്നത്‌. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക്‌ പോലീസ്‌ കേസെടുത്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് ഒരു ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണറെയും ഒരു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്. പരിക്കേറ്റവര്‍ക്കു 50000 രൂപയും മരിച്ചവര്‍ക്കു രണ്ടണ്ടു ലക്ഷം രൂപയും സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.