ഹേംരാജിന്റെ ഭാര്യയെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടി

Saturday 6 April 2013 4:55 pm IST

മഥുര: പാക് സൈനികര്‍ വധിച്ച ലാന്‍സ് നായിക് ഹേംരാജിന്റെ ഭാര്യയെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തു. സൈനിക ഓഫിസര്‍ എന്നു പറഞ്ഞെത്തിയ അമിത് കുമാര്‍എന്നയാളാണ് പണം തട്ടിയതെന്നു ഹേം രാജിന്റെ ഭാര്യ ധര്‍മവതി പറഞ്ഞു. ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയ്ക്കടുത്ത് അതിര്‍ത്തി കടന്നെത്തിയ പാക് സൈന്യത്തിന്റെ വെടിവെപ്പിലാണ് ഹേമരാജ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് നഷ്ടപരിഹാരമായി കിട്ടിയ 20 ലക്ഷം രൂപ വ്യത്യസ്ത ബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശവുമായിട്ടാണ് തട്ടിപ്പുകാരനെത്തിയത്. ഇതേത്തുടര്‍ന്ന് എസ്ബിഐയുടെ ഛട്ട ബ്രാഞ്ചില്‍ നിന്ന് ധര്‍മവതി 20 ലക്ഷം രൂപ പിന്‍വലിച്ചു. ധര്‍മവതിയ്ക്കൊപ്പം ബന്ധുക്കളായ ഭഗ് വാന്‍ സിങ്ങും ഗജേന്ദ്ര സിങ്ങും ഉണ്ടായിരുന്നു. ഇതില്‍ 10 ലക്ഷം രൂപ മകള്‍ ശിവാനിയുടെ പേരില്‍ അതേ ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കി. ബാക്കി തുക ബുഖാരാരി ബ്രാഞ്ചില്‍ നിക്ഷേപിക്കാന്‍ ഇവര്‍ അമിത് കുമാറിനൊപ്പം പോയി. ബന്ധുക്കള്‍ ഒരു മോട്ടോര്‍ സൈക്കിളിലും ധര്‍മവതി അമിത് കുമാറിന്റെ മോട്ടോര്‍ സൈക്കിളിലുമായിരുന്നു. പത്തു ലക്ഷം രൂപ അമിത് കുമാറിന്റെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനിടെ കോശി ടൗണിനു സമീപമുള്ള സോനു മോനു ധബയിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ അമിത് കുമാര്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി. ഇതിനിടെ ധര്‍മവതി മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങിയ സമയം അമിത് കുമാര്‍ ബൈക്കില്‍ പണവുമായി രക്ഷപെടുകയായിരുന്നു. വലിയ തുകകള്‍ പിന്‍വലിക്കുമ്പോള്‍ പോലീസിനെ അറിയിക്കണമെന്ന നിര്‍ദേശം ധര്‍മവതി പാലിച്ചില്ലെന്നു സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രദീപ് യാദവ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മോഷ്ടാവ് ആരെന്നു കണ്ടെത്താന്‍ കഴിയുമെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 25ന് ധര്‍മവതിയുടെ പേരിലുള്ള 60 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമമുണ്ടായിരുന്നു. 30 ലക്ഷം രൂപയുടെ രണ്ടു ചെക്കുകള്‍ ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ എസ്ബിഐ ബ്രാഞ്ചില്‍ നല്‍കിയാണു പണം തട്ടാന്‍ ശ്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.