എസ്‌.രമേശന്‍നായര്‍ ഭീമാ ബാലസാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി

Saturday 6 April 2013 10:45 pm IST

കോഴിക്കോട്‌: ഭാഷാപരമായ കാപട്യം ബാലസാഹിത്യ രംഗത്തെ ദരിദ്രമാക്കുകയാണെന്ന്‌ മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ.ജയകുമാര്‍ പറഞ്ഞു. ഭീമാ ജ്വല്ലേഴ്സും ആലപ്പുഴ ചൈതന്യയും ചേര്‍ന്ന്‌ നല്‍കുന്ന ഭീമാബാലസാഹിത്യ അവാര്‍ഡ്ദാന ചടങ്ങ്‌ കോഴിക്കോട്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കപടവും യാന്ത്രികവും നാടകീയവുമായ ലാളിത്യം ബാലസാഹിത്യകൃതികളെ തരംതാഴ്ത്തുകയാണ്‌. സമ്പന്നമായ മലയാളസാഹിത്യ കൃതികളെ സംഗ്രഹിച്ച്‌ കുട്ടികളുടെ വായനക്കനുസരിച്ച്‌ രൂപപ്പെടുത്താനും പാശ്ചാത്യക്ലാസിക്‌ കൃതികളെ പരിഭാഷപ്പെടുത്താനും പുസ്തകപ്രസാധകര്‍ മുന്നോട്ടുവരണമെന്ന്‌ അദ്ദേഹം പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ്‌ യേശുദാസന്‍ എസ്‌. രമേശന്‍നായര്‍ക്ക്‌ പുരസ്കാരം നല്‍കി. പഞ്ചാമൃതം എന്ന ബാലസാഹിത്യകൃതിക്കാണ്‌ പുരസ്കാരം. അറുപതിനായിരം രൂപയും കാനായികുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം.
16 വയസ്സില്‍താഴെ പ്രായമുള്ള കുട്ടികള്‍ രചിച്ച ബാലസാഹിത്യ കൃതിക്കുള്ള വനജാഭീമാഭട്ടര്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ ആര്‍ദ്രാ രാജഗോപാല്‍ (ഒരുപുഴയുടെ ജനനം) ഏറ്റുവാങ്ങി. കുട്ടികള്‍ക്കുള്ള പുസ്തകത്തിന്റെ ചിത്രീകരണത്തിനുള്ള ഭീമാസ്മാരക സ്വര്‍ണ്ണമെഡല്‍ പി.വത്സലയുടെ ദിയാഗോ കോളണ്‍ എന്ന പുസ്തകത്തിലെ ചിത്രീകരണം നിര്‍വ്വഹിച്ച പി.വി.സുധീറും ഏറ്റുവാങ്ങി.
ബി.ഗിരിരാജന്‍ അധ്യക്ഷത വഹിച്ചു. അഞ്ജുനായര്‍കുഴി, അനന്യ.ജി, കോടങ്കണ്ടത്ത്‌ ആന്റണി ഫ്രാന്‍സിസ്‌ എന്നിവര്‍ അവാര്‍ഡ്‌ ജേതാക്കളെ പരിചയപ്പെടുത്തി. രവി പാലത്തുങ്കല്‍ സ്വാഗതവും നരസിംഹപുരം വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.