സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മന്ത്രി ആര്യാടനും

Sunday 31 July 2011 11:27 pm IST

മലപ്പുറം: സര്‍ക്കാരിന്റെ മദ്യനയം പാര്‍ട്ടികളില്‍ ചര്‍ച്ച ചെയ്യണമായിരുന്നെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. അതിനുള്ള അവസരം ഉണ്ടായില്ലെന്ന അഭിപ്രായം കോണ്‍ഗ്രസില്‍നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്‌. ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്താണ്‌ മദ്യനയം നടപ്പാക്കിയത്‌. ആവശ്യമെങ്കില്‍ മദ്യനയത്തില്‍ തിരുത്തലുകള്‍ ്യ‍ൂനടത്തുമെന്നും മലപ്പുറം പ്രസ്‌ ക്ലബ്ബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. മദ്യനയം ഒന്നുകൂടി ശക്തിപ്പെടുത്തണമെന്നാണ്‌ മുസ്ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ പറഞ്ഞത്‌. അല്ലാതെ മദ്യനയത്തോടുള്ള എതിര്‍പ്പല്ല അദ്ദേഹം പ്രകടമാക്കിയത്‌. നഗരപാലിക നിയമം വീണ്ടും ്യ‍ൂനടപ്പാക്കുന്നത്‌ പരിശോധിക്കുമെന്ന്‌ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനത്തില്‍ പറഞ്ഞിരുന്നു. അതു ്യ‍ൂനടപ്പാക്കിയില്ലെന്നാണ്‌ മജീദ്‌ പറഞ്ഞത്‌. വൈദ്യുതി താരിഫ്‌ വര്‍ധിപ്പിക്കില്ല. യൂനിറ്റിന്‍്‌ 53 പൈസ വര്‍ധിപ്പിക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം കാബിനറ്റ്‌ ചര്‍ച്ച ചെയ്യും. പുറമെ നിന്നും വൈദ്യുതി വാങ്ങിയതിന്റെ തുക ഈടാക്കാനാണ്‌ റഗുലേറ്ററി കമ്മീഷന്‍ സര്‍ചാര്‍ജ്‌ ഈടാക്കുന്നത്‌. 183 കോടി രൂപ ഇത്തരത്തില്‍ ആറുമാസം കൊണ്ട്‌ ഈടാക്കാനാണ്‌ റഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന്‌ സബ്സിഡി നല്‍കുകയാണ്‌ വൈദ്യുതി ചാര്‍ജ്‌ വര്‍ധിപ്പിക്കാതിരിക്കാന്‍ ചെയ്യേണ്ടത്‌. ധനകാര്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌. സംസ്ഥാനത്തിന്‌ ആവശ്യമായ 41 ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങുകയാണ്‌. വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാതെ ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ്യ‍ൂനടത്തും. ആന്ധ്രപ്രദേശ്‌, ഒറീസ എന്നിവിടങ്ങളിലെ വൈദ്യുതി പദ്ധതികളില്‍നിന്നും വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. ഏതെങ്കിലും ഒരു സംസ്ഥാനവുമായി കേരള സര്‍ക്കാര്‍ ഉടന്‍ ധാരണാ പത്രം ഒപ്പിടും. സര്‍ക്കാരിന്റെ ഏതു നടപടിയും തല്‍സമയം വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കും. മുഖ്യമന്ത്രിയുടെ ഓഫിസ്‌ 24 മണിക്കൂറും വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക്‌ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, മദ്യനയത്തില്‍ മുസ്ലിം ലീഗിന്‌ വിട്ടുവീഴ്ചയില്ലെന്ന്‌ വ്യവസായ-ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട്‌ പറഞ്ഞു. കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലുന്ന നയം തിരുത്തുക തന്നെ ചെയ്യും. യു.ഡി.എഫിന്റെ പുതിയ മദ്യ നയം മദ്യം കേരളത്തില്‍ നിന്നും പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാനാണ്‌. തങ്ങള്‍ അധികാരത്തില്‍ വന്നതും ഇതിനാണ്‌. ഇക്കാര്യത്തില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഗ്‌ ഹൗസില്‍ സംഘടിപ്പിച്ച പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍-സയ്യിദ്‌ ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യത്തിലും സമന്വയമുണ്ടാക്കി മുന്നോട്ടു പോകാനാണ്‌ സര്‍ക്കാറിന്റെ ശ്രമം. വെറുതെ വാചാലരാവാതെ പ്രവര്‍ത്തിക്കാനാണ്‌ തീരുമാനം. എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ വല്ലതും ചെയ്യാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരേണ്ടിവന്നു. ഒരു രൂപക്ക്‌ ഒരുകിലോ അരി പദ്ധതി നടപ്പാക്കാന്‍ പോകുകയാണ്‌. കഴിഞ്ഞ എല്‍.ഡി.എഫ്‌ ഭരണത്തില്‍ നിശ്ചലമായ വ്യവസായ മേഖല ചലിച്ചു തുടങ്ങി. ഈ മാറ്റങ്ങള്‍ക്ക്‌ തടയിടാനാണ്‌ ചിലരുടെ ശ്രമം. നാടുനീളെ നടക്കുന്ന അക്രമ സമരങ്ങള്‍ അതിനാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.