പോലീസ് അനീതിക്കെതിരെ ബിജെപി ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തി

Monday 8 April 2013 10:55 pm IST

പാലാ: പോലീസിന്റെ നീതിനിഷേധത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പോലീസിന് താക്കീതായി. പാലാ ഡിവൈഎസ്പിയുടെ കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ ബിജെപി, സംഘവിവിധക്ഷേത്ര സംഘടകളോടുള്ള വിവേചനത്തിനും അനീതിക്കുമെതിരെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. ബിജെപി, സംഘ വിവിധക്ഷേത്ര സംഘടനാ പ്രവര്‍ത്തകര്‍ പ്രതികാകുന്ന കേസുകള്‍ക്ക് പോലീസ് ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി അന്യായമായി കേസെടുക്കുമ്പോള്‍ ബിജെപിക്കാര്‍ നല്‍കുന്ന പരാതിക്ക് നീതിപോലും ലഭിക്കാത്ത അവസ്ഥയാണുള്ളത് എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ സുമേഷിനെ അന്യായമായി മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്ത പാലാ എസ്‌ഐയുടെ നടപടിയെ ബിജെപി ശക്തമായി അപലപിച്ചു. രാമപുരം പഞ്ചായത്തിലെ കൂടപ്പുലത്ത് പ്രാദേശിക ബിജെപി പ്രവര്‍ത്തകരെ കേരളാ കോണ്‍ഗ്രസുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം അന്വേഷിക്കാന്‍ ചെന്ന യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മനോജ് ബി, ബൂത്ത് പ്രസിഡന്റ് സജി എന്നിവരെ കേരളാ കോണ്‍ഗ്രസുകാര്‍ ക്രൂരമായി ആക്രമിച്ചു. തലയ്ക്കും ശരീരഭാഗങ്ങള്‍ക്കും സാരമായി പരിക്കേല്‍പ്പിച്ചിട്ടും രാമപുരം പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം പരിക്കു പറ്റി രക്തം വാര്‍ന്നൊലിക്കുന്ന ബിജെപി നേതാക്കളെ സ്റ്റേഷനില്‍ മണിക്കൂറുകളോളം തടങ്കലില്‍ വയ്ക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കു ശേഷം ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ളാലം ക്ഷേത്രത്തിനു സമീപത്തുനിന്നും ആരംഭിച്ച മാര്‍ച്ചിന് ജില്ലാ, നിയോജകമണ്ഡലം നേതാക്കളായ ടി.ആര്‍.നരേന്ദ്രന്‍, പി.പി.നിര്‍മ്മലന്‍, കെ.എന്‍.മോഹനന്‍, ആര്‍.സി.നായര്‍, മുരളി മേച്ചേരില്‍, ഗിരീഷ്‌കുമാര്‍, ബിജു ഇടമറ്റം, വത്സലഹരിദാസ്, ശുഭ സുന്ദര്‍രാജ്, ടി.ഡി.ബിജു, കെ.എസ്.അജി, വി.പി.വിജയന്‍, പ്രശാന്ത് പാറപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഡിവൈഎസ്പി ഓഫീസിനു സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ ബിജെപി സംസ്ഥാന കാമ്പയിന്‍ കമ്മറ്റിയദ്ധ്യക്ഷന്‍ അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.പി.നിര്‍മ്മലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പ്രൊഫ.ബി.വിജയകുമാര്‍, എന്‍.കെ.ശശികുമാര്‍, ടി.ആര്‍.നരേന്ദ്രന്‍, ആര്‍.സി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.