മന്‍മോഹന്‍ സിംഗ് ഖേദം പ്രകടിപ്പിച്ചു

Wednesday 10 April 2013 1:29 pm IST

ന്യൂദല്‍ഹി: ബംഗാള്‍ മന്ത്രി അമിത് മിത്രയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മമതാ ബാനര്‍ജിയോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഖേദം പ്രകടിപ്പിച്ചു. മമതയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ഖേദം അറിയിച്ചത്. ബംഗാളില്‍ എസ്എഫ്‌ഐ നേതാവ് കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അമിത് മിത്രയെ കയ്യേറ്റം ചെയ്തത്. ദല്‍ഹിയില്‍ ആസൂത്രണ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മമതാ ബാനര്‍ജിയും ധനമന്ത്രി അമിത് മിശ്രയും. സംഭവത്തില്‍ ക്ഷുഭിതയായ മമത ഇന്നലെ പ്രധാനമന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. കൈയേറ്റത്തില്‍ പരുക്കേറ്റ അമിത് മിശ്ര എഐഐഎംഎസില്‍ ചികിത്സയിലാണ്. നൂറ്റിയമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് ഇരു നേതാക്കളെയും നേരിട്ടത്. മമതാ ബാനര്‍ജിയ്ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ സിപിഎം ഓഫീസുകള്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക ആക്രമണം നടത്തി. ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടക്കുകയാണ്. കൊല്‍ക്കത്തയിലെയും ദല്‍ഹിയിലെയും സിപിഎം ഓഫീസുകള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ക്കും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃണമൂല്‍ പ്രവര്‍ത്തകരോട് ശാന്തരായിരിക്കാന്‍ മമതാ ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹിയില്‍ തുടരുന്ന മമതാ ബാനര്‍ജി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മമതയ്ക്കും അമിത് മിത്രയ്ക്കും നേരെയുണ്ടായ പ്രതിഷേധത്തില്‍ സിപിഐ നേതാവ് ഡി രാജ ഖേദം പ്രകടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കയ്യേറ്റം അടക്കമുള്ള അതിക്രമങ്ങള്‍ കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.