സംസ്ഥാനത്ത് മാരകമായ സൂര്യാഘാതത്തിന് സാധ്യത

Wednesday 10 April 2013 5:47 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് മാരക സൂര്യാഘാതമുണ്ടാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജീവഹാനി വരെ സംഭവിക്കാമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പുകളുമായി വന്നിരിക്കുന്നത്. കനത്ത ചൂടു മൂലം ശരീരത്തിലെ ജലാംശം പൂര്‍ണമായി നഷ്ടപ്പെട്ടു ഹൃദയാഘാതം ഉണ്ടാകും. സാധാരണ കേരളത്തില്‍ മാരകമായ സൂര്യാഘാതം ഉണ്ടാകാറില്ല. എന്നാല്‍ ഇത്തവണ പാലക്കാട്, കൊല്ലം ജില്ലകള്‍ മാരകമായ സൂര്യാഘാതത്തിന്റെ നിഴലിലാണ്. കൊല്ലത്തും എറണാകുളത്തും അനുഭവപ്പെട്ടത് സൂര്യതാപം മൂലമുള്ള പൊള്ളല്‍ മാത്രമാണ്. രാവിലെ 11 മുതല്‍ 3 വരെ നേരിട്ടു ചൂട് ഏല്‍ക്കുന്ന ജോലികളില്‍ നിന്നു വിട്ടു നില്‍ക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുകയും കനം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യണം. സൂര്യാഘാതമേറ്റതായ സംശയം തോന്നിയാല്‍ അടിയന്തരമായി ചികിത്സ തേടണം. നാഡിയിടിപ്പു കുറയുക, അബോധാവസ്ഥ, തലവേദന തുടങ്ങിയവയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ശരീരതാപനില നൂറ്റിയൊന്ന് ഡിഗ്രിയിലും കൂടുതലായി ശരീരത്തില്‍ നിന്നും ചൂട് പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണിത്. ഇത് ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.