പാക്‌ അഭയാര്‍ത്ഥികള്‍ക്കുനേരേ കണ്ണടച്ച്‌ ഇന്ത്യ

Thursday 11 April 2013 12:33 am IST

ന്യൂദല്‍ഹി: ഞാനൊരു ഹിന്ദുവാണ്‌, ഈ രാജ്യത്തിന്‌ ഞങ്ങളെ സ്വീകരിക്കാനാവില്ലേ? മുസ്ലീംകളില്‍ നിന്നുള്ള ആക്രമണങ്ങള്‍ സഹിക്കാന്‍ വയ്യാത്ത അവസ്ഥയിലെത്തി യപ്പോഴാണ്‌ 35കാരനായ വസന്ത്ദാസ്‌ പാക്കിസ്ഥാനില്‍ നിന്നും താര്‍ എക്സ്പ്രസില്‍ കയറി ടൂറിസ്റ്റ്‌ വിസയുമായി ദല്‍ഹിയിലെത്തിയത്‌. തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ബിജ്‌വാസന്‍ അഭയാര്‍ത്ഥി ക്യാമ്പിലിരുന്നുകൊണ്ട്‌ വസന്ത്ദാസ്‌ ഉന്നയിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണാധികാരികളുടെ കാതുകളിലേക്ക്‌ ഇതുവരെയും എത്തിയിട്ടില്ല.
പാക്കിസ്ഥാനിലെ സിന്ധ്‌ പ്രവിശ്യയില്‍ നിന്നാണ്‌ വസന്ത്ദാസ്‌ ഉള്‍പ്പെടെയുള്ള അഞ്ഞൂറോളം ഹിന്ദുക്കള്‍ മാര്‍ച്ചില്‍ ഇന്ത്യയിലേക്കെത്തിയത്‌. മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതിനായി എന്ന പേരില്‍ സംഘടിപ്പിച്ച ടൂറിസ്റ്റ്‌ വിസയുമായി ജനിച്ചു വളര്‍ന്ന മണ്ണ്‌ ഉപേക്ഷിച്ച്‌ ഇന്ത്യയിലേക്കെത്തുമ്പോള്‍ അവരുടെ കൈകളില്‍ ജീവന്‍ മാത്രമാണുണ്ടായിരുന്നത്‌. സ്വന്തമായതെല്ലാം ഉപേക്ഷിച്ച്‌ ദല്‍ഹിയിലേക്ക്‌ വണ്ടികയറുമ്പോള്‍ തങ്ങളുടെ പെണ്‍കുട്ടികളുടെ മാനം മാത്രമായിരുന്നു മനസ്സിലെന്ന്‌ 40കാരനായ സീതാറാം പറയുന്നു. അതിദയനീയമാണ്‌ പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥ. ക്ഷേത്രങ്ങളെല്ലാം തകര്‍ത്തുതരിപ്പണമാക്കി. മതപരമായ യാതൊന്നും ആഘോഷിക്കാനാവില്ല. ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക്‌ മതപരിവര്‍ത്തനം നടത്തുകയോ അല്ലെങ്കില്‍ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക്‌ ഇരയാക്കുകയോ ചെയ്യും. പരാതിപ്പെടാന്‍ പോലീസിനെയോ കോടതിയെയോ സമീപിച്ചാലും നീതി ലഭ്യമാകില്ല.
അവരുടെ പോലീസ്‌,അവരുടെ കോടതികള്‍. പിന്നെങ്ങനെ നീതി ലഭിക്കും? സീതാറാം ചോദിക്കുന്നു.ദല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ്‌ സൂപ്രണ്ട്‌ നഹന്‍ സിംഗിന്റെ രണ്ട്‌ കെട്ടിടങ്ങളിലായി താമസിക്കുന്ന ഇവര്‍ക്കു വേണ്ട സഹായങ്ങളുമായി പ്രദേശത്തെ ഹിന്ദുസംഘടനകളും മറ്റും രംഗത്തുണ്ട്‌. വിശ്വഹിന്ദുപരിഷത്ത്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ സ്വദേശികളായ ഇവര്‍ക്ക്‌ ഇന്ത്യയില്‍ അധികകാലം തുടരാനാവില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രശ്നത്തിന്‌ അന്തിമ പരിഹാരം കാണേണ്ടത്‌ ഇന്ത്യാ ഗവണ്‍മെന്റാണ്‌. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണന അഭയാര്‍ത്ഥികളെ തളര്‍ത്തുകയാണ്‌. അഭയാര്‍ത്ഥികളില്‍ പലരും നിസ്സഹായാവസ്ഥയില്‍ മനംനൊന്ത്‌ ഭരണാധികാരികളോട്‌ രോഷാകുലരാവുകയാണ്‌. ഈ ഹിന്ദുരാജ്യം ഞങ്ങള്‍ക്ക്‌ പൗരത്വം നല്‍കാന്‍ മടിക്കുകയാണ്‌. ഇത്‌ ഹിന്ദുസ്ഥാനാണ്‌. ഹിന്ദുക്കളായ ഞങ്ങള്‍ക്ക്‌ എങ്ങനെ ഇവിടെ അനധികൃതമായി താമസിക്കാനാവും. ഇന്ത്യയുടെ ഭാഗമായിരുന്ന സിന്ധില്‍ ജനിച്ചുവളര്‍ന്ന ഞങ്ങള്‍ ഒരിക്കലും പാക്കിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ല, 70കാരനായ മഹാരാജും ഭാര്യ യശോദയും പറയുന്നു. വേറൊരു രാജ്യം വേണമെന്ന്‌ ആവശ്യമുന്നയിച്ചത്‌ മുസ്ലീംകളാണ്‌, അഭയാര്‍ത്ഥികളുടെ ശബ്ദം ഉയരുന്നത്‌ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും ഭരണകൂടത്തിനും നേരെയാണ്‌.
ഭരണകൂടത്തിന്റെ നിസ്സംഗതയ്ക്കെതിരെ ആഭ്യന്തരവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നതിങ്ങനെ: "പാക്കിസ്ഥാനില്‍നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ അവസ്ഥ ദയനീയമാണ്‌. ആയിരക്കണക്കിന്‌ കേസുകളാണ്‌ ഇത്തരത്തില്‍ സര്‍ക്കാരിനു മുന്നിലുള്ളത്‌. അവര്‍ ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നിലവിലെ നിയമങ്ങള്‍ മാറ്റാന്‍ രാഷ്ട്രീയ നേതൃത്വത്തിന്‌ മാത്രമേ സാധിക്കൂ." ഇന്ത്യാ വിഭജന കാലത്ത്‌ 25 ലക്ഷം ഹിന്ദുക്കളായിരുന്നു പാക്കിസ്ഥാനിലുണ്ടായിരുന്നത്‌. ആ രാജ്യത്തിന്റെ ജനസംഖ്യയുടെ 22 ശതമാനമായിരുന്നു അത്‌. എന്നാല്‍ ഇന്ന്‌ രണ്ടു ശതമാനമായി കുറഞ്ഞിരിക്കുകയാണ്‌. ബാക്കിയുളളവരെ മുഴുവന്‍ മതംമാറ്റുകയോ കൊലപ്പെടുത്തുകയോ പലായനം ചെയ്യിക്കുകയോ ഉണ്ടായി.
3,50,000 കാശ്മീരി പണ്ഡിറ്റുകളാണ്‌ കാശ്മീര്‍ താഴ്‌വരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിരിക്കുന്നത്‌. ദല്‍ഹിയില്‍ 14 കോളനികളിലായിട്ടാണ്‌ ഇവരില്‍ ഭൂരിപക്ഷവും കഴിയുന്നത്‌. എന്നാല്‍ ഇതേ സമയത്തു തന്നെ ബംഗ്ലാദേശില്‍നിന്നും ഒരു കോടിയിലധികം ജനങ്ങള്‍ ഇന്ത്യയിലേക്ക്‌ അനധികൃതമായി കടന്നുകയറിയിട്ടും യാതൊരു നടപടിയും എടുക്കാതെ റേഷന്‍കാര്‍ഡും ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡും വരെ സംഘടിപ്പിച്ചു നല്‍കാന്‍ രാഷ്ട്രീയ നേതൃത്വം മത്സരിക്കുകയാണ്‌.
പാക്‌ ഹിന്ദുക്കള്‍ക്കു പുറമേ അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സിഖ്‌ അഭയാര്‍ത്ഥികളും പാക്കിസ്ഥാനിലെ അഹമ്മദീയരും ശ്രീലങ്കന്‍ തമിഴരുമെല്ലാം ജീവിക്കാനായുള്ള സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലേക്ക്‌ പലായനം ചെയ്യുന്നത്‌ തുടരുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടം നയതന്ത്രനടപടികള്‍ മറന്നുനില്‍ക്കുകയാണ്‌.
എസ്‌.സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.