ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേന്ദ്രത്തിന് ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം

Thursday 11 April 2013 4:21 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ സമിതി  സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വനംപരിസ്ഥിതി വകുപ്പിന്റെ തീരുമാനം അനന്തമായി വൈകുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം.  ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതികളുടെ റിപ്പോര്‍ട്ടില്‍ ഏതാണ് നടപ്പാക്കുന്നതെന്ന് കേന്ദ്രത്തോട് ട്രിബ്യൂണല്‍ ആരാഞ്ഞു. ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്നും ട്രിബ്യൂണല്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ വാദം കേള്‍ക്കാമെന്ന്  ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ തീരുമാനമില്ലാത്തത് താത്പര്യങ്ങളെ ഹനിക്കുന്നതായി കേരളം വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ നിയമിച്ച കസ്തൂരിരംഗന്‍ സമിതിയുടെ കാലാവധി ഏപ്രില്‍ പതിനഞ്ച് വരെ നീട്ടിയ കാര്യം മന്ത്രാലയം ട്രിബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. അടിയന്തരപ്രാധാന്യമുള്ള വിഷയമായതിനാല്‍ വനംപരിസ്ഥിതി മന്ത്രാലയം പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്  ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണോ മറ്റേതെങ്കിലും കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണോ അംഗീകരിക്കേണ്ടതെന്ന് മൂന്നാഴ്ച്ചയ്ക്കകം കേന്ദ്രം തീരുമാനിക്കണം.  അനുവദിച്ച സമയത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കി നിലപാട് ട്രിബ്യൂണലിനു മുമ്പില്‍ വ്യക്തമാക്കണം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതുവരെയും തീരുമാനങ്ങള്‍ നടപ്പാക്കാതെയുള്ള മുന്‍ധാരണകള്‍ സംസ്ഥാനതാത്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതായാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. വ്യാവസായിക വികസനപ്രവര്‍ത്തനങ്ങളില്‍ ഇത് പ്രത്യഘാതം ഉണ്ടാക്കുന്നു. റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്ന കേരളത്തിന്റെ വാദമാണ് പിന്നീട് പരിഗണിക്കുക. 2011 ആഗസ്റ്റിലാണ് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള സുപ്രധാന വ്യവസ്ഥകള്‍ അടങ്ങിയ റിപ്പോര്‍ട്ട് മാധവ് ഗാഡ്ഗില്‍ സമിതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ 2012 ആഗസ്റ്റില്‍ കസ്തൂരിരംഗന്‍ സമിതി രൂപീകരിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഒന്നരവര്‍ഷത്തിലേറെയായി തീരുമാനമെടുക്കാത്ത വനം പരിസ്ഥിതി മന്ത്രാലയത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.