കൊയ്യട്ടെ മഴക്കാല ചാകര മഴക്കാലം എത്തിക്കഴിഞ്ഞു!.

Sunday 31 July 2011 10:06 pm IST

ഡോക്ടര്‍മാരും മരുന്നു കമ്പനികളും ക്ലിനിക്കുകളും ചേട്ടയൊഴിച്ച്‌ സീസണ്‍ കൊയ്ത്തിനായി തയ്യാറായിക്കഴിഞ്ഞോ? ഇല്ലെങ്കില്‍ തയ്യാറായിക്കൊള്ളു!. ഓടകളും പൊതുസ്ഥലങ്ങളും റോഡരികിലുമൊക്കെ മാലിന്യങ്ങള്‍ നിറച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. പലതരം കൊതുകുകളും രോഗാണുക്കളും തയ്യാര്‍! വൈവിധ്യമാര്‍ന്ന അസുഖങ്ങള്‍ സുലഭമായി പ്രതീക്ഷിക്കാം. എന്താ സന്തോഷമായോ! കൊതുകുതിരി കമ്പനികളുടെ ഓഫറുകള്‍ വന്നുതുടങ്ങിയിരിക്കുന്നു! പലതരം കൊതുക്‌ സംഹാരതന്ത്രങ്ങള്‍, യന്ത്രങ്ങള്‍! കൊതുകിനെ കണ്ടാല്‍ ഉടനെ വീട്ടുകാരെ വിളിച്ചുണര്‍ത്തുന്ന അലാറമുള്ളവ, കൊതുകിനെ സ്വയം വെടിവെയ്ക്കുന്ന ഓട്ടോമാറ്റിക്‌ മസ്ക്യൂറ്റോ ഗണ്‍, അടിവില്ലുള്ള കൊതുകുകെണി തുടങ്ങിയ പലതരങ്ങള്‍! 'രോഗോണ' മടുത്തു കഴിഞ്ഞു! മുറ്റത്തും ഏരാപ്പാട്ടും മാലിന്യങ്ങളാലും പുഴുക്കളാലും കളങ്ങള്‍ ഇട്ടിട്ടുണ്ടല്ലോ? തെളിനീര്‍പ്പുഴകളും തോടുകളും അഴുക്കുചാലാക്കി മാറ്റിയിട്ടുണ്ടാകുമല്ലോ. ഫ്ലാറ്റുകളിലെ കക്കൂസുകള്‍ ടാങ്കറിലേറി പുഴയില്‍ വന്നു നിറഞ്ഞിട്ടുണ്ടാകുമല്ലോ? പഞ്ചായത്തും നഗരസഭകളും കഴിവതും സഹായിക്കണേ! വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും അലംഭാവമൊന്നും കാട്ടല്ലേ! പിന്നെ ശവപ്പെട്ടിക്കടക്കാരൊക്കെ റെഡിയല്ലേ? നേരമില്ലന്നേ! ഡ്രസ്സിട്ട്‌ നടയിറങ്ങിപ്പോകുന്ന കോഴികളുടെ തലകളും പൂടയും കുടലുമൊക്കെ വഴിവക്കില്‍തന്നെ ഉണ്ടാവുമല്ലോ? ഇറച്ചി വാര്‍ന്നെടുത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ വഴിവക്കിലും തുറന്ന സ്ഥലങ്ങളിലും കിടന്ന്‌ ഇറച്ചിക്കടയുടെ പരസ്യം വിളിച്ചു പറയുന്നുണ്ടാവുമല്ലോ! തൊഴിലുറപ്പിച്ച്‌ പെണ്ണുങ്ങള്‍, വഴിയോരത്തെ വള്ളിപ്പടര്‍പ്പും തൈമരങ്ങളും വെട്ടിത്തകര്‍ത്ത്‌ മുന്നേറുമ്പോള്‍, പടര്‍പ്പിലൊളിപ്പിച്ചുവെച്ച കുടലും മറ്റും പട്ടികള്‍ കടിച്ചെടുത്ത്‌ വഴിയില്‍ കൊണ്ടിടുന്നുണ്ടല്ലോ. വണ്ടികള്‍ കയറി അവ ഫോസില്‍ പ്രായമായിക്കാണും! (കുടലല്ല, മനുഷ്യന്‍ ചത്തുകിടന്നാലും വണ്ടിച്ചക്രങ്ങള്‍ക്കാണല്ലോ ഇപ്പോള്‍ റോഡിലെ സംസ്ക്കാര ചുമതല!) സാരമില്ല, മഴ ഒന്ന്‌ കനത്തോട്ടെ, അവയ്ക്കുമുണ്ടാകും ഒരു ഗമയും മണവുമൊക്കെ! എന്തൊരു സുഗന്ധം! എന്തൊരു ഭംഗി! ഇതാണ്‌ ദൈവത്തിന്റെ ആരാമം! വിനോദസഞ്ചാരികളെ ഇതിലേ ഇതിലേ...! നല്ല പഞ്ഞികൂടി എടുത്തോണേ. വരൂ ഇതിലേ വ്യാധിയും ആധിയും ഫ്രീ..! വഴിയോരത്ത്‌ സന്ധ്യയ്ക്കും രാത്രിയും കടകള്‍ അടയ്ക്കുന്നതിന്‌ മുമ്പും പുകയുന്ന ഹോമകുണ്ഡങ്ങള്‍! ഒഴിഞ്ഞ പാക്കറ്റും മറ്റും കത്തിക്കുകയാണ്‌. പ്ലാസ്റ്റിക്കും മറ്റു രാസവസ്തുക്കളും കരിയുന്ന ഗന്ധം. മില്‍മപ്പാലും പ്ലാസ്റ്റിക്കും കരിയുന്ന ഗന്ധം. വഴിയാത്രക്കാര്‍ക്കെല്ലാം ധൂമചികിത്സ! ഗന്ധവും ധൂമവും! എന്തൊരു ശുചിത്വം! തക്കാളിപ്പനി, വെള്ളരി ശര്‍ദ്ദി, പാവയ്ക്ക അതിസാരം, വരുന്ന പലരം പനികള്‍! നാട്ടാരെല്ലാം ചുമയ്ക്കാനും ചൊറിയാനും നീരു വീര്‍ത്ത്‌ കിടക്കാനുമൊക്കെ റെഡിയാണല്ലോ? പൊതുസ്ഥലങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കൊലപാതകശ്രമത്തിന്‌ കേസെടുക്കാനും സമൂഹത്തിന്‌ പ്രശ്നമായ ലാഭകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും നിയന്ത്രിക്കാനും സര്‍ക്കാരും ജനവും ഇല്ലാതെ വന്നാല്‍ ഇതുതന്നെ ഗതി! മാത്രമല്ല ഇനി ദേവാലയങ്ങളിലും ഭരണസിരാകേന്ദ്രത്തിലുമെല്ലാം കിടന്നു ചീയും കുടല്‍മാലകളും കോഴിത്തലകളും! പൊതു കുടിവെള്ള ടാങ്കുകളില്‍ തള്ളും കക്കൂസ്‌ മാലിന്യങ്ങള്‍! ആശുപത്രികളും ഡോക്ടര്‍മാരും മരുന്ന്‌ കമ്പനികളും ശവപ്പെട്ടിക്കടക്കാരും പണക്കാരായി, മികച്ച ആദായനികുതിദായകരും. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ്‌ നിര്‍ത്തുമെന്ന്‌ മാത്രമല്ല അല്‍പ്പം സ്വകാര്യതയ്ക്കായി കൊതിക്കും! കൊതുകുതിരി, ലിക്വിഡ്‌ കമ്പനികള്‍ ചാനലുകള്‍ തുടങ്ങി കൊതുക്‌ വളര്‍ത്തുന്നവരുടെ റിയാലിറ്റി ഷോകള്‍ സംഘടിപ്പിക്കും! നിരത്തും തോടും കുളങ്ങളും പുഴകളും മാലിന്യങ്ങള്‍കൊണ്ട്‌ നിറക്കുക! മഴക്കാലമായി, ഡോക്ടര്‍മാരും ശവപ്പെട്ടിക്കടക്കാരും കൊയ്യട്ടെ മഴക്കാല ചാകര! പെണ്ണുക്കര രാധാകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.