ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാത എസ്റ്റേറ്റ് ഭൂമാഫിയകള്‍ കയ്യേറി: ബിജെപി

Thursday 11 April 2013 11:10 pm IST

എരുമേലി: മുപ്പത്തിയഞ്ചോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ശബരിമല തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന സ്ഥലം ചില സ്വകാര്യ എസ്റ്റേറ്റ് ഭൂമാഫിയകള്‍ കയ്യേറിയതായി ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. എരുമേലി കൊച്ചമ്പലത്തിന്റെ മുന്‍വശം മുതല്‍ നേര്‍ച്ചപ്പാറ വഴി പേരൂര്‍ത്തോടുവരെയുളള ആദ്യകാല പരമ്പരാഗത കാനനപാതയാണ് കയ്യേറിയതായി സംഘം കണ്ടെത്തിയിരിക്കുന്നത്. കൊച്ചമ്പലത്തില്‍ നിന്നും 12 മീറ്റര്‍വീതതിയില്‍ നിലവിലുള്ള റോഡ് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ അവസാനിക്കുകയും എന്നാല്‍ റോഡിന്റെ തുടര്‍ന്നുള്ള ഭാഗം കെട്ടി അടക്കുകയും വന്‍മരങ്ങള്‍ നട്ടു വളര്‍ത്തിയുമാണ് എസ്റ്റേറ്റ് മാഫിയകള്‍ സ്ഥലം കയ്യേറിയിരിക്കുന്നതെന്നും ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വന്‍കിട ഭൂമി മാഫിയകളടക്കം സ്വകാര്യ വ്യക്തികള്‍ സ്ഥലം കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. കൊച്ചമ്പലം മുതല്‍ നേര്‍ച്ചപ്പാറ വഴി പേരൂര്‍ത്തേട് വരെയുള്ള പരമ്പരാഗത കാനനപാതയെ സംബന്ധിച്ച് എരുമേലി ഗ്രാമപഞ്ചായത്ത് രജിസ്റ്ററിലും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത കാനനപാതയെ സംബന്ധിച്ചുള്ള കഴിഞ്ഞ ദിവസത്തെ അന്വേഷണത്തിനുശേഷം ഈ സ്ഥലത്തെ വന്‍മരങ്ങള്‍ വെട്ടി കടത്തിയതായും നേതാക്കള്‍ പറഞ്ഞു. കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കുന്ന റോഡിന്റെ പഴയകാല ഇരുവാ കയ്യാലകളും റോഡിനായി വേര്‍തിരിച്ച നിലയിലിപ്പോഴും കാണുവാന്‍ കഴിയും. എന്നാല്‍ ഈ റോഡിന്റെ തോട്ടത്തിലേക്കുള്ള വഴിയാണ് കെട്ടി അടച്ചിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടന കാലത്ത് സമാന്തര പാതയായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ പാത തന്ത്രപരമായി കയ്യേറിയവര്‍ക്കെതിരെ കേസെടുക്കുകയും പാത തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.അജി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്‍.ജസോജി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.