ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്യ വ്യാപാരക്കരാറില്‍ ഒപ്പിടരുതെന്ന് ഇതുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്റിംഗ് സമിതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇരുസഭകളിലും വിശദമായ ചര്‍ച്ച നടത്തിയ ശേഷം മാത്രമേ കരാറില്‍ ഒപ്പിടാവൂ. ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കി വാണിജ്യകാര്യ പാര്‍ലമെന്ററി സ്റ്റാന്റിംഗ് സമിതി ചെയര്മാന് ശാന്തകുമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചു. ഇന്നലെ സമിതിയുടെ യോഗം ചേര്‍ന്ന ശേഷമാണ് കത്തു നല്‍കിയത്.സമിതിയുടെ അഭിപ്രായങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം മാത്രമേ കരാറില്‍ ഒപ്പിടാവൂ എന്ന് കത്തില്‍ പറയുന്നു.
ഇതുവരെ ഏര്‍പ്പെട്ട ഇത്തരം കരാറുകളേപ്പറ്റി സ്റ്റാന്റിംഗ് കമ്മറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് വരുന്നതിനു മുമ്പ് പുതിയ ഒരു കരാറില്‍ ഒപ്പിടുന്നത് ശരിയല്ല. അതും സ്വതന്ത്ര വ്യാപാരക്കരാര്‍ പോലെ രാജ്യത്തെ വിവിധ തലത്തില്‍ ബാധിക്കുന്ന കരാറില്‍ ഒരുകാരണവശാലം ധൃതിപിടിച്ച് ഏര്‍പ്പെടരുത്,ശാന്തകുമാര്‍ കത്തില്‍ പറയുന്നു.
വിവിധ മേഖലകളിലുള്ളവരുമായി വിശദമായ ചര്‍ച്ചകളും അഭിപ്രായ രൂപീകരണവും പാര്‍ലമെന്ററി സമിതി നടത്തിവരികയാണ്. അത്തരം അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുത്തും പാര്‍ലമെന്റിനെ വിശ്വാസത്തിലെടുത്തും വേണം കരാറില്‍ ഏര്‍പ്പെടാന്‍, എന്ന് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: