വിലനിര്‍ണയം കമ്പനികള്‍ക്ക്‌

Sunday 31 July 2011 11:14 pm IST

ന്യൂദല്‍ഹി: പെട്രോളിന്‌ പിന്നാലെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലനിയന്ത്രണം നീക്കാന്‍ യുപിഎ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതോടെ എല്‍പിജിയുടെയും ഡീസലിന്റെയും വില ക്രമാതീതമായി ഉയരും. പാചകവാതകത്തിന്റെ സബ്സിഡി എടുത്തുകളയാനും ഉപഭോക്താക്കള്‍ക്ക്‌ പ്രതിവര്‍ഷം നാല്‌ സിലിണ്ടര്‍ മാത്രമായി പരിമിതപ്പെടുത്താനും ആലോചിക്കുന്നതിനിടെയാണ്‌ കേന്ദ്രത്തിന്റെ ജനവിരുദ്ധമായ പുതിയ നീക്കം. പെട്രോളിനൊപ്പം ഡീസല്‍, മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ വില നിയന്ത്രണവും എടുത്തുകളയാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്ന്‌ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വ്യക്തമാക്കി. എന്നാല്‍ ഇനിയും വൈദ്യുതി കിട്ടാത്തവര്‍ വെളിച്ചത്തിനായി മണ്ണെണ്ണ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അതിന്റെ സബ്സിഡി തുടര്‍ന്നും അനുവദിക്കുമെന്ന്‌ അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. ആഭ്യന്തര പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാക്കാനാണ്‌ കേന്ദ്രം ആലോചിക്കുന്നത്‌. ഇപ്പോള്‍ ഇത്‌ പ്രാവര്‍ത്തികമല്ലാത്തതിനാല്‍ ഡീസല്‍, മണ്ണെണ്ണ, എല്‍പിജി വില്‍പന വഴി എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സബ്സിഡികളും എണ്ണബോണ്ടുകളും വഴി സര്‍ക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും നീകത്തിക്കൊണ്ടിരിക്കയാണെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ജൂണില്‍ മണ്ണെണ്ണ, ഡീസല്‍, എല്‍പിജി വില കൂട്ടിയപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റ്റംസ്‌, എക്സൈസ്‌ തീരുവകള്‍ സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതുമൂലം പ്രതിവര്‍ഷം 49,000 കോടിരൂപയുടെ നഷ്ടം ഉണ്ടാകുന്നതായും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. സബ്സിഡി നേരിട്ട്‌ കൈമാറുന്നത്‌ സംബന്ധിച്ച്‌ യൂണിക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനിയുടെ അധ്യക്ഷതയിലുള്ള ദൗത്യസംഘം നല്‍കിയ ശുപാര്‍ശകള്‍ പരാമര്‍ശിക്കവെ, ഇതിനായുള്ള പെയിലറ്റ്‌ പ്രൊജക്ടുകള്‍ നിലവില്‍ വന്നശേഷം പുതിയ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നായിരുന്നു മുഖര്‍ജിയുടെ മറുപടി. ഒക്ടോബര്‍ മുതല്‍ തമിഴ്‌നാട്‌, ആസാം, മഹാരാഷ്ട്ര, ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍, ഒറീസ എന്നീ ഏഴ്‌ സംസ്ഥാനങ്ങളില്‍ സബ്സിഡി നേരിട്ട്‌ പണമായി നല്‍കുന്നതിനുള്ള പെയിലറ്റ്‌ പ്രോജക്ടുകള്‍ നടപ്പാക്കും. അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വില നിയന്ത്രണവിധേയമാക്കുന്നതിനെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന നിലപാടിലാണ്‌ കേന്ദ്രം. യൂറോപ്പിനെയും യുഎസിനെയും ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള കരകയറ്റത്തെ ആശ്രയിച്ചിരിക്കും ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വില. ഉത്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന (ഒപെക്‌) എടുക്കുന്ന തീരുമാനവും നിര്‍ണായകമാവും. ഉത്പാദനം കൂട്ടേണ്ടെന്ന്‌ അവര്‍ തീരുമാനിച്ചാല്‍ എണ്ണ വിലയില്‍ അത്‌ പ്രതികൂലമായി പ്രതിഫലിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന്‌ കൂടുതല്‍ എണ്ണ പുറത്തുവിടുന്നതും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്‌. എണ്ണവില നിയന്ത്രിക്കാന്‍ കഴിഞ്ഞ ജൂണില്‍ യുഎസ്‌ സര്‍ക്കാര്‍ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ വീതം പുറത്തുവിട്ടിരുന്നു. ജൂണില്‍ ബാരലിന്‌ 110 ഡോളറായിരുന്ന അസംസ്കൃത എണ്ണവില ജൂലൈയില്‍ 116-118 ഡോളര്‍വരെയായി. ആവശ്യത്തിന്റെ നാലില്‍ മൂന്നുഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ വര്‍ധന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇങ്ങനെ രാസവളസബ്സിഡികള്‍ക്കായി പ്രതിവര്‍ഷം 73,637 കോടിരൂപയാണ്‌ ചെലവഴിക്കുന്നതെന്നും മുഖര്‍ജി അവകാശപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.