ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‌ സമീപം വന്‍ തീപിടിത്തം

Sunday 31 July 2011 11:15 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ കിഴക്കേകോട്ടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ വന്‍തീപിടുത്തം. തീ പടര്‍ന്നുപിടിച്ച കരകൗശല വില്‍പനശാല പൂര്‍ണമായും സാധനങ്ങളടക്കം കത്തി നശിച്ചു. ഇന്നലെ രാത്രി 8.25 ഓടെയായിരുന്നു തീപിടുത്തം. തീര്‍ഥപാദമണ്ഡപത്തിനും കാര്‍ത്തികതിരുനാള്‍ തീയേറ്ററിനും ഇടയ്ക്ക്‌ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിന്റെ കരകൗശല സ്റ്റാളിനാണ്‌ തീ പിടിച്ചത്‌. കട മുടക്കമായിരുന്നതിനാലും ജീവനക്കാര്‍ ഇല്ലാതിരുന്നതിനാലും ആളപായമുണ്ടായില്ല. സ്റ്റാളിന്റെ പുറകു വശത്തു നിന്നാണ്‌ തീ പടര്‍ന്നത്‌. ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങള്‍ വച്ചിരുന്നത്‌ ഇവിടെയായിരുന്നു. വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീ പിടുത്തത്തിന്‌ കാരണമെന്ന്‌ പോലീസ്‌ കരുതുന്നു. മുക്കാല്‍ മണിക്കൂറോളം തീ പടര്‍ന്നു കത്തി. വില്‍പനശാലയിലുണ്ടായിരുന്ന വസ്തുക്കളും ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. നാലു ഫയര്‍ എഞ്ചിനുകള്‍ അരമണിക്കൂറിലധികം പ്രയത്നിച്ചാണ്‌ തീയണച്ചത്‌. അപ്പോഴേക്കും സാധനങ്ങള്‍ മുഴുവന്‍ കത്തി നശിച്ചിരുന്നു. പെട്ടെന്ന്‌ തീ കെടുത്തിയതിനാല്‍ തീര്‍ഥപാദമണ്ഡപത്തിലേക്കും മറ്റു കച്ചവടസ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നില്ല. ഗതാഗത ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാര്‍ സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.