ആദ്യദിനം എറണാകുളത്തിന്റെ മുന്നേറ്റം

Monday 1 September 2014 9:54 pm IST

കൊച്ചി: 57-ാ‍മത്‌ സംസ്ഥാന സീനിയര്‍ അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം നിലവിലെ ചാമ്പ്യന്മാരായ കോട്ടയത്തെ പിന്തള്ളി എറണാകുളം കുതിപ്പ്‌ തുടങ്ങി. ആദ്യദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 92 പോയിന്റുമായാണ്‌ എറണാകുളം കിരീടം തിരിച്ചുപിടിക്കാനായി കുതിക്കുന്നത്‌. നിലവിലെ ചാമ്പ്യന്മാരായ കോട്ടയം 76 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്‌. 41 പോയിന്റുള്ള പാലക്കാടാണ്‌ മൂന്നാം സ്ഥാനത്ത്‌.
മീറ്റിന്റെ ആദ്യദിവസമായ ഇന്നലെ രണ്ട്‌ റെക്കോര്‍ഡുകളാണ്‌ മീറ്റില്‍ പിറന്നത്‌. വനിതകളുടെ 10000 മീറ്ററിലും പോള്‍വോള്‍ട്ടിലുമാണ്‌ ഇന്നലെ റെക്കോര്‍ഡുകള്‍ പിറന്നത്‌. വനിതകളുടെ 10000 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്‌ തകര്‍ത്ത്‌ പാലക്കാടിന്റെ എം.ഡി. താരയാണ്‌ ആദ്യ റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌. 1990-ല്‍ വയനാടിന്റെ ഷെല്‍ജി ജോസഫ്‌ സ്ഥാപിച്ച 38 മിനിറ്റ്‌ 10 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ 37 മിനിറ്റ്‌ 28.4 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ എം.ഡി. താര സ്വന്തം പേരിലാക്കിയത്‌. കോട്ടയത്തിന്റെ ജിന്റു ജോസ്‌ 43 മിനിറ്റ്‌ 14.9 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ വെള്ളിയും പാലക്കാടിന്റെ എന്‍. നമിത 43 മിനിറ്റ്‌ 47.1 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ വെങ്കലവും സ്വന്തമാക്കി. പാലക്കാട്‌ പറളി സ്കൂളിന്റെ താരമായിരുന്ന താര ഇപ്പോള്‍ പാലക്കാട്‌ മേഴ്സി കോളജിലെ ഒന്നാം വര്‍ഷ ബിഎ ഇക്കണോമിക്സ്‌ വിദ്യാര്‍ഥിനിയാണ്‌.
സീനിയര്‍ വിഭാഗത്തില്‍ കണ്ണൂരിന്റെ ഡിജ. കെ.സി. യാണ്‌ മീറ്റിലെ രണ്ടാം റെക്കോര്‍ഡിന്‌ അവകാശിയായത്‌. 2008-ല്‍ കോട്ടയത്തിന്റെ ആര്‍. ജിഷ സ്ഥാപിച്ച 3.40 മീറ്ററിന്റെ റെക്കോര്‍ഡാണ്‌ 3.50 മീറ്റര്‍ ചാടി ദിജ പഴങ്കഥയാക്കിയത്‌. കോഴിക്കോടിന്റെ താരങ്ങളായ അനുഷ, രമ്യ എന്നിവര്‍ യഥാക്രമം വെളളിയും വെങ്കലവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരത്തെ രഞ്ജിത്ത്‌ കെ.ജി., വനിതാ വിഭാഗത്തില്‍ എറണാകുളത്തിന്റെ നീതു രാജന്‍ എന്നിവര്‍ മീറ്റിലെ വേഗതയേറിയ താരങ്ങളായി.
വനിതാ വിഭാഗത്തില്‍ 12.57 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ ആതിഥേയരുടെ നീതു രാജന്‍ ഫാസ്റ്റസ്റ്റായത്‌. 12.62 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ തൃശൂരിന്റെ നീതു മാത്യു വെള്ളിയും 12.68 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ കണ്ണൂരിന്റെ രങ്കിത. സി വെങ്കലവും നേടി. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ കെ.ജി. രഞ്ജിത്‌ 10.65 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ മീറ്റിലെ വേഗമേറിയ താരമായത്‌. തിരുവനന്തപുരത്തിന്റെ തന്നെ രാഹുല്‍ ജി. പിള്ള 10.76 സെക്കന്റില്‍ വെള്ളിയും എറണാകുളത്തിന്റെ അനുരൂപ്‌ ജോണ്‍ 10.8 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ വെങ്കലവും കരസ്ഥമാക്കി.
വനിതകളുടെ 1500 മീറ്ററില്‍ സ്കൂള്‍ കായികമേളയിലെ സുവര്‍ണ്ണതാരം പാലക്കാട്‌ മുണ്ടൂര്‍ ഹൈസ്കൂളിലെ പി.യു. ചിത്ര സ്വര്‍ണ്ണം നേടി. 4 മിനിറ്റ്‌ 47.34 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ ചിത്ര സുവര്‍ണ്ണകുമാരിയായത്‌. കോട്ടയത്തിന്റെ അസ്മാബീവി വെള്ളിയും പാലക്കാടിന്റെ വിദ്യ. കെ.കെ വെങ്കലവും കരസ്ഥമാക്കി.
വനിതകളുടെ ഷോട്ട്പുട്ടിലും ഹാമര്‍ത്രോയിലും സ്വര്‍ണ്ണം നേടി എറണാകുളത്തിന്റെ നീന എലിസബത്ത്‌ ബേബി ഡബിളിന്‌ അര്‍ഹയായി. ഷോട്ട്പുട്ടില്‍ 11.95 മീറ്റര്‍ എറിഞ്ഞും ഹാമര്‍ത്രോയില്‍ 41.07 മീറ്റര്‍ എറിഞ്ഞുമാണ്‌ നീന എലിസബത്ത്ബേബി സ്വര്‍ണ്ണം സ്വന്തമാക്കിയത്‌.
വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ കോട്ടയം സ്വര്‍ണ്ണവും എറണാകുളം വെള്ളിയും പാലക്കാട്‌ വെങ്കലവും കരസ്ഥമാക്കി. പുരുഷ വിഭാഗം ഈയിനത്തില്‍ കൊല്ലം സ്വര്‍ണ്ണം കരസ്ഥമാക്കി. ആലപ്പുഴ വെള്ളിയും കോട്ടയം വെങ്കലവും നേടി. വനിതകളുടെ 400 മീറ്ററില്‍ എറണാകുളത്തിന്റെ അനു മറിയം ജോസ്‌ വെള്ളിയും എറണാകുളത്തിന്റെ തന്നെ അനില്‍ഡ തോമസ്‌ വെള്ളിയും തൃശൂരിന്റെ സി. ആര്യ വെങ്കലവും നേടി. മീറ്റ്‌ ഇന്ന്‌ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.