പാലായില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Saturday 13 April 2013 12:00 am IST

പാലാ: മീനച്ചില്‍ താലൂക്കിലെ മുത്തോലി കൊഴുവനാല്‍ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചും സ്വീകരിച്ച നടപടികളുടെ അവലോകനത്തിനുമായി ധനകാര്യ നിയമ വകുപ്പുമന്ത്രി കെ.എം. മാണിയുടെ അദ്ധ്യക്ഷതയില്‍ യോഗംചേര്‍ന്നു. കൊഴുവനാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് റ്റി.വി. സുഭാഷ്, ആര്‍ഡിഒ, ഇ.വി. ബേബിച്ചന്‍, തഹസില്‍ദാര്‍ എം.എം. അബ്ദുല്‍ വഹാബ്, ഡിഎംഒ ഐഷാബായി, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പാലമറ്റം, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാക്കുട്ടി അബ്രഹാം ആരോഗ്യ റവന്യൂ പഞ്ചായത്ത് വകുപ്പ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. രോഗനിയന്ത്രണത്തിനായി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കൊതുകുകളുടെ ഉറവിട നശീകരണം, ഫോഗിംഗ് മുതലായവ നടത്തിവരുന്നതായി ഡിഎംഒ അറിയിച്ചു. ഇത്തരം പരിപാടികള്‍ ഓകോപിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും 'റാപ്പിഡ് റെസ്‌പോണ്‍സ് ടീം' രൂപീകരിച്ചിട്ടുള്ളതായും ആയതിന് കുടുംബശ്രീ പ്രവര്‍ത്തകരുടേയും ആശാവര്‍ക്കേഴ്‌സിന്റേയും സേവനം ഉപയോഗപ്പെടുത്തി വരുന്നതായും ആയതില്‍ 10 കേസുകലില്‍ ഡെങ്കിപ്പനി സംശയിക്കുന്നതായും അറിയിച്ചു. പനി കൂടുതലുള്ള കൊഴുവനാല്‍ പഞ്ചായത്തിലെ മേവടയില്‍ ഗവണ്‍മെന്റ് എല്‍പിഎസില്‍വച്ച് 15 ന് ഡിഎംഒയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കര ക്ലാസ് നടത്തുന്നതാണെന്ന് അറിയിച്ചു. ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ മുതലായവയ്ക്ക് കാരണം ശുദ്ധജലത്തില്‍ വളരുന്ന കൊതുകുകളായതിനാല്‍ വീടുകളിലും പരിസരത്തും സൂക്ഷിച്ചു വയ്ക്കുന്നതോ അലക്ഷ്യമായി വലിച്ചെറിയുന്നതോ ആയ പാത്രങ്ങളിലും ചിരട്ടകലിലും പ്രത്‌യേകിച്ചും റബര്‍തോട്ടങ്ങളിലുള്ള ചിരട്ടകലില്‍ വെള്ളം കെട്ടി നില്‍ക്കാതെ എല്ലാവരും മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്ന് ഡിഎംഒ അറിയിച്ചു. മേവട ഭാഗത്ത് പിഡബഌുഡി ഓടകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരുന്നതായി കണ്ടെത്തിയിട്ടുള്ളതിനാല്‍ ഓടകള്‍ ശുചിയാക്കുന്നതിന് യോഗത്തില്‍വച്ചുതന്നെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.പനി കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഇന്നുതന്നെ ഫോഗിംഗ് നടത്തുന്നതാണെന്നും ഈ ആവശ്യത്തിലേയ്ക്ക് കൂടുതല്‍ മെഷീനുകള്‍ ലഭ്യമാക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മേവട പിഎച്ച്‌സി യിലേയ്ക്ക് ഒരു സീനിയര്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു. അടിയന്തിര സാമ്പത്തിക സഹായം ആവശ്യമുള്ള രോഗബാധിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതാണെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.