നഗരസഭ യോഗത്തില്‍ തര്‍ക്കം മൂര്‍ച്ഛിച്ചു; ചെയര്‍മാന്‍ ഇറങ്ങിപ്പോയി

Saturday 13 April 2013 12:03 am IST

കോട്ടയം: ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റം നിയന്ത്രിക്കാനാവാതെ കോട്ടയം നഗരസഭ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവനുസരിച്ച് 2013-14 വര്‍ഷത്തെ പദ്ധതികള്‍ക്കായി വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതിനുംമറ്റുമായി വിളിച്ച് ചേര്‍ത്ത കൗണ്‍സില്‍യോഗമാണ് ബഹളത്തെ തുടര്‍ന്ന് അലങ്കോലമായത്. 2013-14 വര്‍ഷത്തെ പദ്ധതികള്‍ക്ക് മെയ് 31ന് മുന്‍പ് ഡിപിസിയുടെ അംഗീകാരം വാങ്ങണമെന്നാണ് നിയമം. ഇതിനാവശ്യമായ പദ്ധതികള്‍ സമര്‍പ്പിക്കാനാണ് യോഗം ചേര്‍ന്നത്. യോഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷ കൗണ്‍സിലറായ പ്രസന്നന്‍ ഈ വര്‍ഷത്തെ പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ വീഴ്ചവരുത്തിയ മുനിസിപ്പലിറ്റി കേരളത്തിനു തന്നെ അപമാനകരമാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയര്‍മാന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. തുക ചിലവഴിക്കാത്തതില്‍ തനിക്കു മാത്രമല്ല എല്ലാഅംഗങ്ങള്‍ക്കും ഒരുപോലെ പങ്കുണ്ടെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വിഹിതത്തില്‍ എത്ര തുക ചിലവാക്കിയെന്നു പറയണമെന്നുമായി ചെയര്‍മാന്‍. അതേസമയം പദ്ധതി വിഹിതം ചിലവാക്കുന്നതിനുള്ള ഉത്തരവാദിത്വം ചെയര്‍മാനും വികസനകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റിക്കുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതിവിഹിതം ചെലവാക്കുന്നതില്‍ കോട്ടയം നഗരസഭ സംസ്ഥാനത്ത് ഏറ്റവും പിന്നിലായതിന്റെ ഉത്തരവാദിത്വം ചെയര്‍മാനും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കുമാണെന്നും ഇതിന്റെ ഉത്തരവാദിത്വം ചെയര്‍മാനും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കുമാണെന്ന് പ്രതിപക്ഷത്തെ അംഗങ്ങള്‍ ആരോപിച്ചു. മേഖലതിരിക്കാതെ വികസന ഫണ്ട് മാറ്റാന്‍ നിര്‍ദേശം കിട്ടാതിരുന്നതിനാലാണ് തുക ചിലവാക്കാന്‍ സാധിക്കാത്തതെന്നും നഗരസഭയില്‍ സെക്രട്ടറി ഇല്ലാതിരുന്നതും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണമായെന്നു എസ് സി എസ് ടി വകുപ്പില്‍ മാത്രമാണ് കുറവുവന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ മറ്റു നഗരസഭകളിലൊന്നും ഇല്ലാത്ത പ്രശനംഏങ്ങിനെ കോട്ടയത്ത് മാത്രം സംഭവിച്ചുവെന്നും വ്യക്തമാക്കണമെന്നും ഭരണനില്‍വഹണത്തിലെ അലംഭാവമാണ് തുകവിനിയോഗിക്കുന്നതിലെ വീഴ്ച്ചക്ക് കാരണമെന്നുമായി പ്രതിപക്ഷം. തര്‍ക്കം മൂത്തത്തോടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ സഭ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.